കുംഭമേള താരത്തിൻ്റെ വിവാഹം: മുഹമ്മദ് ഫര്‍മാൻ്റെ അറസ്‌റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി
എറണാകുളം: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്‌തതിൻ്റെ പേരിലെടുത്ത പോക്സോ കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാൻ്റെ അറസ്‌റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് കാലാവധി നീട്ടിയത്. കേസെടുത്തോ എന്ന കാര്യത്തില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്‌തതിന് പോക്‌സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയെന്നതിന് തെളിവായി ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
മുഹമ്മദ് ഫര്‍മാൻ്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20 ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ ആധാർ കാർഡും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏപ്രിൽ 1 വരെ അറസ്‌റ്റ് തടഞ്ഞിരുന്നതാണ്. ഈ ഇടക്കാല ഉത്തരവ് മെയ് 20 വരെ നീട്ടുകയായിരുന്നു. പെൺകുട്ടിയും ഫർമാനും മുൻകൂർ ജാമ്യാപേക്ഷ നൽകിയതുകൊണ്ട് ഇരുവരുടെയും അറസ്‌റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അതേസമയം, പ്രായപൂർത്തിയായില്ലെന്ന് കാട്ടി പോക്‌സോ കേസെടുത്ത കുംഭമേള വൈറൽ താരവും ഭർത്താവ് ഫർമാൻ ഖാനും ഒളിവിലെന്ന സൂചന ഇന്നലെ (ഏപ്രിൽ 11) പുറത്ത് വന്നിരുന്നു. ഇവരുമായി ബന്ധപ്പെടുന്നതിന് മാധ്യമങ്ങൾക്ക് നൽകിയിരുന്ന നമ്പർ പ്രവർത്തിക്കുന്നില്ലെന്നും നിലവിൽ ഇരുവരും കേരളത്തിൽ തന്നെയുണ്ടെന്നുമുള്ള വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു.