തിരഞ്ഞെടുപ്പ് മഹോത്സവത്തിന് കേരളം; ഇനി പ്രചാരണ തിരക്കിന്റെ ദിനങ്ങൾ

Mar 18, 2026 - 20:06
Mar 18, 2026 - 20:19
 0  5
തിരഞ്ഞെടുപ്പ്   മഹോത്സവത്തിന്  കേരളം; ഇനി  പ്രചാരണ  തിരക്കിന്റെ  ദിനങ്ങൾ

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യത്തെ  രാഷ്ട്രീയാന്തരീക്ഷം ചൂട് പിടിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്നാഴ്ച  ഇടത്, വലത്, എൻ.ഡി.എ മുന്നണികളുടെ  പ്രചാരണങ്ങളാൽ  കേരളം രാഷ്ട്രീയപ്രചാരണ തിരക്കിലമരും. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് മഹോത്സവത്തിൽ  പതിനാറാം  നിയമസഭയെ ആര് നയിക്കും എന്ന് എപ്രിൽ 9ന് കേരളം തീരുമാനിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും 25 ദിവസം കൂടി കേരളം കാത്തിരിക്കണം, ഫലം അറിയാൻ എന്നതാണ് മടുപ്പിക്കുന്ന കാര്യം .

കേരളത്തിനൊപ്പം അസം, പുതുച്ചേരി സംസ്ഥാനങ്ങളിലും ഏപ്രിൽ 9നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23നും പശ്ചിമബംഗാളിൽ  ഏപ്രിൽ 23, 29 തീയതികളിൽ രണ്ടു ഘട്ടമായും ആണ് വോട്ടെടുപ്പ് . എല്ലായിടത്തും മേയ് നാലിനാണ് ഫലപ്രഖ്യാപനം.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ  ഉള്‍പ്പെടുന്നുവെന്നത് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

 ഏറെക്കാലമായി ദേശീയതലത്തില്‍ അധികാരത്തിലുള്ള രാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ കക്ഷികള്‍ ഭരണം നടത്തുന്നു എന്നതാണ്  ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത . ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അടുത്ത കാലത്ത്  അധികാരം പിടിച്ചെടുത്ത ബി ജെ പി  ഈ മൂന്ന് സംസ്ഥാനങ്ങളിലും  അധികാരത്തിനു പുറത്ത് നില്‍ക്കുന്ന  അവസ്ഥയാണ് നിലവിലുള്ളത്. 

 ഏപ്രിൽ 9ന്  വോട്ടെടുപ്പു നടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്ക്  വളരെ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളു . അതുകൊണ്ടു തന്നെ രാഷ്‌ട്രീയ പാർട്ടികൾക്കു വളരെ തിരക്കേറിയ നാളുകളാണു മുന്നിലുള്ളത്. മിക്കവാറും കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു കക്ഷികളും സ്ഥാനാർഥി നിർണയത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്, കോൺഗ്രസ് ആണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും സമവായത്തിലെത്താനുള്ളത് .

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കേരളത്തിൽ  തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാനുള്ള ശ്രമത്തിലാണ്  തിരഞ്ഞെടുപ്പ് നേരിടുന്നത്. 10 വര്ഷം തുടർച്ചയായി അധികാരത്തിന് പുറത്തിരുന്ന   യുഡിഎഫ്  അധികാരം പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് .ഇരു മുന്നണികളെയും മറികടക്കാനാണു ബിജെപി നേതൃത്വത്തിലുള്ള  എന്‍ഡിഎയുടെ ശ്രമം. 

2.7 കോടിയിലേറെ വോട്ടർമാരാണു കേരളത്തിലുള്ളത്. 30,471 പോളിങ് ബൂത്തുകളുണ്ട്.  സമാധാനപരമായി  വോട്ടെടുപ്പു നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

ജനാധിപത്യ പ്രക്രിയയുടെ മഹത്വം തിരിച്ചറിഞ്ഞ് വിവേകത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും വോട്ടവകാശം വിനിയോഗിക്കാനും  എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് . മറ്റുള്ളവരുടെ അവകാശത്തെയും മാനിച്ചുവേണം‍ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടത്താൻ എന്നത് ഓർക്കുക.