ശബരിമല യുവതീ പ്രവേശത്തിൽ നിലപാടു മാറ്റവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Sep 1, 2025 - 19:19
 0  2
ശബരിമല യുവതീ പ്രവേശത്തിൽ നിലപാടു മാറ്റവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: നവോത്ഥാന മുന്നേറ്റത്തിൻ്റെ ഭാഗമെന്ന നിലയില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന മുന്‍ നിലപാടില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍മാറുന്നു. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിനു മുന്നിലുള്ള യുവതീ പ്രവേശ ഹര്‍ജിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആലോചിക്കുന്നത്.

ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് ദേവസ്വം ബോര്‍ഡിൻ്റെ നിലപാടെന്ന് സെപ്തംബര്‍ 20ന് സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പ സംഗമത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പറഞ്ഞു. പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. താന്‍ പറഞ്ഞതെന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. ശബരിമലുടെ ആചാരങ്ങള്‍ നിയമ വിദഗ്‌ധരുമായി ആലോചിച്ച് നിലിവില്‍ കേസ് പരിഗണിക്കുന്ന ഭരണ ഘടനാ ബഞ്ചിനു മുന്നില്‍ അവതരിപ്പിക്കും എന്ന സൂചനയാണ് പ്രസിഡൻ്റ് നല്‍കിയത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പു ലഭിച്ചാല്‍ ആഗോള അയ്യപ്പ സംഘമവുമായി സഹകരിക്കുമെന്ന് പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും പ്രഖ്യാപിച്ചത് സര്‍ക്കാരിന് പ്രത്യേക ഊര്‍ജം പകുന്നതാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ സംഘനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനും അവരെ പരമാവധി കൂടെ നിര്‍ത്തുന്നതും ഉദ്ദേശിച്ച് സര്‍ക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നിര്‍ദ്ദേശ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ നിലപാടുമാറ്റമെന്നാണ് സൂചന.