രാജ്യാന്തര എ.ഐ. ഉച്ചകോടിക്ക്‌ കൊച്ചി വേദിയാകും

രാജ്യാന്തര എ.ഐ. ഉച്ചകോടിക്ക്‌ കൊച്ചി വേദിയാകും

കൊച്ചി: നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യാ രാജ്യാന്തര ഉച്ചകോടിക്ക്‌ കൊച്ചി വേദിയാകും. ഈവര്‍ഷം മധ്യത്തോടെയാകും ഉച്ചകോടി.

കൊച്ചിയെ രാജ്യത്തിന്റെ എ.ഐ. ഹബ്ബാക്കാന്‍ ലക്ഷ്യമിട്ടാണു നീക്കമെന്നു മന്ത്രി പി. രാജീവ്‌ അറിയിച്ചു. ആദ്യപടിയായി ഐ.ബി.എം. സോഫ്‌റ്റ്‌വേര്‍ അധികൃതരുമായി മന്ത്രി പി. രാജീവ്‌, വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഐ.ബി.എമ്മിന്റെ എ.ഐ. സാങ്കേതികവിദ്യാ ഹബ്‌ കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌് ദിനേശ്‌ നിര്‍മലുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി.
ഐ.ബി.എമ്മിന്റെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുന്നതിനൊപ്പം മികച്ച എ.ഐ. പ്രഫഷണലുകള്‍ കൊച്ചിയിലേക്കെത്തുകയും ചെയ്യുമെന്നു മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ്‌ രാജ്യാന്തര ഐടി കമ്ബനികളും സമാന രീതിയില്‍ ചിന്തിക്കും.

 ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടവും സ്‌മാര്‍ട്ട്‌ സിറ്റിയും ഉള്‍പ്പെടെ ഇതിനാവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്‌തമാണ്‌. ജനറിക്‌ എ.ഐ. എന്നതിനപ്പുറം ജനറേറ്റീവ്‌ എ.ഐ. എന്ന ആശയമാണ്‌ കൊച്ചി ഹബ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ബോയിങ്‌ വിമാനക്കമ്ബനി പോലുള്ള ആഗോള ഭീമന്മാര്‍ ഐ.ബി.എമ്മിന്റെ എ.ഐ. സേവനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ബോയിങ്ങിന്റെയടക്കം പ്രാതിനിധ്യം എ.ഐ. ഉച്ചകോടിയില്‍ എത്തിക്കാനാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ-ഐടി വകുപ്പുകളും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ്‌ എ.ഐ. ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന്‌ സുമന്‍ ബില്ല പറഞ്ഞു. കെ.എസ്‌.ഐ.ഡി.സിക്ക്‌ ആയിരിക്കും നടത്തിപ്പ്‌ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.