യുകെയിലെ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യം; സഫോക്കിലെ ആദ്യ ഏഷ്യൻ വനിതാ സ്ഥാനാർഥിയായി കാസർഗോഡ് സ്വദേശിനി
ബിജു കുളങ്ങര
ഇപ്സ്വിച്ച്: യുകെ രാഷ്ട്രീയത്തിൽ കരുത്തുറ്റ സാന്നിധ്യമായി മലയാളി അഭിഭാഷക. സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായായാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ ജയാ ജോർജി മത്സരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ലേബർ പാർട്ടി പുറത്തു വിട്ടിരുന്നു.
സഫോക്ക് കൗണ്ടി കൗൺസിലിൽ മത്സരിക്കുന്ന ആദ്യ ഏഷ്യൻ വനിതയെന്ന ചരിത്രം കുറിച്ച് കൊണ്ടാണ് ലേബർ പാർട്ടിയുടെ പ്രധാന സീറ്റുകളിലൊന്നിൽ ജയ ജനവിധി തേടുന്നത്.
വർഷങ്ങൾക്ക് മുൻപ് കേംബ്രിജിൽ മികച്ച നഴ്സിനുള്ള പുരസ്കാരം നേടിയ ജോർജി ഏബ്രഹാമിന്റെ ഭാര്യയായാണ് ജയ യുകെയിലെത്തുന്നത്. ഇപ്സ്വിച്ചിൽ താമസമാക്കിയ ജയ തുടക്കം മുതൽ തന്നെ ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമൺ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജയ, ഇത്തവണ ലേബർ പാർട്ടി ദേശീയ സമ്മേളന പ്രതിനിധി കൂടിയായിരുന്നു.
നാട്ടിലെ തിരക്കുപിടിച്ച അഭിഭാഷക ജീവിതത്തിൽ നിന്നും യുകെയിലെത്തിയ ജയ, നിലവിൽ എൻഎച്ച്എസിലും (NHS) സേവനമനുഷ്ഠിക്കുന്നുണ്ട്. നിയമബിരുദത്തിന് പുറമെ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും ജയയ്ക്കുണ്ട്. സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ജയ നിരവധി സംഘടനകളിൽ സജീവമാണ്. സഫോക്ക് ക്യാൻസർ സപ്പോർട്ട് അംബാസിഡർ. ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി.
ഇപ്സ്വിച്ച് കമ്മ്യൂണിറ്റി മീഡിയ വൊളന്റിയർ. 'ഫ്യൂച്ചർ ഫീമെയിൽ സൊസൈറ്റി' എന്ന വനിതാ കൂട്ടായ്മയുടെ സംഘാടക തുടങ്ങിയ പദവികളാണ് വഹിക്കുന്നത്. കാഞ്ഞങ്ങാട്ടെ അഭിഭാഷകനായിരുന്ന ജോസിന്റെയും കോളജ് പ്രഫസറായിരുന്ന മേരിക്കുട്ടിയുടെയും മകളാണ് ജയ. മാതാപിതാക്കളിൽ നിന്ന് ലഭിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് ജയ പറയുന്നു. ഭർത്താവ് ജോർജി ഏബ്രഹാമിന്റെ പൂർണ്ണ പിന്തുണയും ജയക്കുണ്ട്.
കർണാടകയിൽ ഉപരിപഠനം നടത്തിയിരുന്ന ജയ, അന്നും സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നിരുന്നു. മംഗളൂരു SDM ലോ കോളജിൽ ആയിരുന്നു ഉപരിപഠനം നടത്തിയത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇപ്സ്വിച്ചിലെ സാമൂഹിക മണ്ഡലത്തിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് ഒരു മലയാളി കടന്നുവരുന്നത് ഇതാദ്യമാണ്. ജയയുടെ ഈ ചുവടുവെപ്പ് യുകെയിലെ മലയാളി സമൂഹത്തിന് വലിയ ആവേശമാണ് പകരുന്നത്. ഇപ്സ്വിച്ചിലെ മലയാളി സമൂഹം ജയ ജോർജിക്ക് എല്ലാവിധ ആശംസകളും നേർന്നു.