സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍

Mar 17, 2026 - 19:26
 0  2
സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍

കൊച്ചി ; നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ്സ് നേതാവും നിലവിലെ പെരുമ്പാവൂര്‍ എം എല്‍ എയുമായ എല്‍ദോസ് കുന്നപ്പിള്ളില്‍. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതിന് മുമ്പായിരുന്നു എല്‍ദോസ് മാധ്യമങ്ങളെ കണ്ട് നിരാശ പ്രകടിപ്പിച്ചതെങ്കിലും സീറ്റില്ലെന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് എല്‍ദോസ് പറഞ്ഞു. നേതൃത്വം കൈവിടില്ലെന്നാണ് വിശ്വാസം. സീറ്റ് തന്നാല്‍ വലിയ വിജയം നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. സീറ്റ് കിട്ടുമ്പോഴെല്ലാം വിജയിക്കാന്‍ കഴിയും. പാര്‍ട്ടി പ്രവര്‍ത്തകരുടെയും സഭയുടെയും പിന്തുണ എനിക്കുണ്ട്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍പേഴ്‌സണും തനിക്കൊപ്പമുണ്ട്. സഭയുടെ പിന്തുണ ഉള്ളതുകൊണ്ടാണ് കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചതെന്നും എല്‍ദോസ് വ്യക്തമാക്കി.

 ‘എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലും നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.