അതിർത്തി സംഘർഷം : അഫ്ഗാൻ നഗരങ്ങളിൽ ബോംബിട്ട് പാകിസ്ഥാൻ; 55 പാക് സൈനികരെ വധിച്ചെന്ന് താലിബാനും
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ യുദ്ധത്തിലേക്ക് . അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത പോരാട്ടത്തിൽ 55 പാക് സൈനികരെ തങ്ങൾ വധിച്ചതായും നിരവധി സൈനിക താവളങ്ങൾ പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അവകാശപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്ഫോടനങ്ങളും യുദ്ധവിമാനങ്ങളുടെ ശബ്ദവും മുഴങ്ങി. തർക്കഭൂമിയായ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം.
എന്നാൽ താലിബാൻ പുറത്തുവിട്ട മരണസംഖ്യ പാകിസ്ഥാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ ആക്രമണത്തിൽ നിരവധി അഫ്ഗാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്