വേർപിരിഞ്ഞ് 10 വർഷത്തിന് ശേഷം പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചു
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ സംവിധായകൻ പ്രിയദർശനും നടി ലിസി ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു. ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തി പത്ത് വർഷത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നത്.
എന്നാൽ, നിയമപരമായ ഒരു വിവാഹ ഉടമ്പടിയിലേക്ക് ഇനി തങ്ങളില്ലെന്നും, ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും പ്രിയദർശൻ തന്നെ വ്യക്തമാക്കി.
തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. 'ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, തങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്' പ്രിയദര്‍ശന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതും കൈകോർത്തു പിടിച്ച് ചിരിച്ചു സംസാരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതും ഈ ചർച്ചകൾക്ക് വഴിമരുന്നിട്ടു.
പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കാനായി മക്കളായ നടി കല്യാണി പ്രിയദർശനും സിദ്ധാർത്ഥും വലിയ ശ്രമം നടത്തിയിരുന്നതായാണ് വിവരം. ഏതാണ്ട് ആറ് മുതൽ എട്ട് മാസം മുമ്പ് തന്നെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുത്തിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്നും സൗഹൃദത്തിനും പരസ്പരമുള്ള കരുതലിനുമാണ് പ്രാധാന്യമെന്നും ഇരുവരും കരുതുന്നു.
1990-ൽ വിവാഹിതരായ പ്രിയദർശനും ലിസിയും 2014-ലാണ് വേർപിരിയാൻ തീരുമാനിച്ചത്. 2016-ൽ വിവാഹമോചനം പൂർത്തിയായി. അക്കാലത്ത് തന്റെ വിവാഹമോചനം വളരെ മോശമായ രീതിയിലായിരുന്നുവെന്ന് ലിസി തുറന്നടിച്ചിരുന്നു. കോടതിക്ക് അകത്തും പുറത്തും നടന്ന നിയമപോരാട്ടങ്ങൾ വലിയ വാർത്തയായിരുന്നു.
പിന്നീട് ഒരു അഭിമുഖത്തിൽ, തങ്ങളുടെ വേർപിരിയലിന് കാരണം 'ഈഗോ' ആയിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. "എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് ഏക കാരണം ഈഗോ മാത്രമായിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എനിക്ക് എന്റെ അമ്മയായിരുന്നു സ്ത്രീ സങ്കൽപ്പം. എന്നാൽ മറ്റൊരു തലമുറയിൽപ്പെട്ട പങ്കാളിയിൽ നിന്ന് അത് പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് ഞാൻ തിരിച്ചറിഞ്ഞു," എന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.