അഴിമതി നടത്താത്ത, സ്വഭാവശുദ്ധിയുള്ള, സ്വജനപക്ഷപാതമില്ലാത്ത ജനസേവകരാണ് കേരളം ഭരിക്കേണ്ടത് : കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

Apr 6, 2026 - 16:30
Apr 6, 2026 - 16:30
 0  5
അഴിമതി നടത്താത്ത, സ്വഭാവശുദ്ധിയുള്ള, സ്വജനപക്ഷപാതമില്ലാത്ത ജനസേവകരാണ്  കേരളം ഭരിക്കേണ്ടത്  : കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയര്‍പ്പൊഴുക്കുന്നവര്‍ പറയാറുണ്ട്. കേരളത്തിലെ നിയമ നിര്‍മ്മാണസഭ നിലവില്‍ വരുന്നത് 1957 മാര്‍ച്ച് 16-ന് ആണ്. ജനാധിപത്യത്തില്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവര്‍ മറക്കുന്നു.

അധികാരത്തെക്കാള്‍ ആദര്‍ശങ്ങളെ നെഞ്ചോട് ചേര്‍ത്ത് ജീവിച്ച എഴുത്തുകാരായ മുന്‍ മുഖ്യ മന്ത്രിമാര്‍ നമുക്കുണ്ട്. (ഇന്ന് ചിലര്‍  അധികാരത്തിലിരുന്ന് എഴുത്തുകാരായി അറിയപ്പെടുന്നു). ഇ.എം.എസ് നമ്പുതിരിപ്പാട് (1957),സി.അച്യുതമേനോന്‍ (1969), പി.കെ.വാസുദേവന്‍ നായര്‍ (1978),സി.എച്ച്.മുഹമ്മദ് കോയ (1979), ഇ.കെ.നായനാര്‍ (1980). ഇവരില്‍ ആര്‍ക്കും തന്നെ ‘നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക്’ എന്ന ചിന്തയോ പൊളി പറഞ്ഞുവാണവരോ, വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വോട്ട് വേണ്ടായെന്ന് പറയുകയും ഗൂഢാലോചന നടത്തി വോട്ട് വാങ്ങിയവരോ, ജനങ്ങളുടെ നികുതി പണമെടുത്തു് ധൂര്‍ത്തു് നടത്തിയവരോ, എന്തെങ്കിലും വികസന പ്രവര്‍ത്തി ചെയ്താല്‍ അത് പെരുപ്പിച്ചു് ബോര്‍ഡുകള്‍ എഴുതിയവരോ അല്ലായിരുന്നു. ആര് ഭരിച്ചാലും വികസനമുണ്ടാക്കും. അതിനല്ലേ തെരെഞ്ഞെടുത്തത്.

തികഞ്ഞ ആഭിജാത്യം തുളുമ്പുന്ന എഴുത്തുകാരായിട്ടുള്ള ജോസഫ് മുണ്ടശേരി അടക്കമുള്ള മന്ത്രിമാരെയെടുത്താല്‍ അവരുടെ വാക്കുകള്‍ക്ക് സന്ധ്യാകാശത്തിന്റെ ഒരു ചാരുതയും അവരുടെ ഹൃദയത്തിന് ചുറ്റും വട്ടമിട്ട് നില്‍ക്കാന്‍ പൗരഷമുള്ള ദേശസ്നേഹികളുണ്ടായിരുന്നു. ഇന്നോ വട്ടമിട്ട് നില്ക്കാന്‍ വാടകക്കെടുത്ത വടക്കേ ഇന്ത്യക്കാരും വര്‍ഗ്ഗീയവാദികളും പിന്‍വാതില്‍ നിയമനം ലഭിച്ചവരുമാണ്. നമ്മുടെ  വഴിപിഴച്ച ജനാധിപത്യം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?

ഇന്നത്തെ ജനാധിപത്യത്തില്‍ ഒരാള്‍ക്ക് അധികാരം കിട്ടിയാല്‍ അതില്‍ വളഞ്ഞു പുളയുക മാത്രമല്ല ജനജീവിതം അസഹ്യമായ അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. അതിന് ഏറ്റവും വലിയ തെളിവായി കാണാന്‍ സാധിക്കുന്നത് ഇന്ന് നടക്കുന്ന ഗള്‍ഫ് യുദ്ധമാണ്. ഒരു ഭാഗത്തു് അധികാര ഭ്രാന്ത് മറുഭാഗത്തു് മതഭ്രാന്ത്. പാവങ്ങളുടെ, സാധാരണക്കാരുടെ ജീവിതം വര്‍ഷക്കാലത്തെ ഇരുണ്ട ആകാശംപോലെ ദുഃഖദുരിതത്തില്‍ പിടയുകയാണ്. സത്യധര്‍മത്തിന്റെ അവതാരങ്ങളായി നക്ഷത്രത്തിളക്കമുള്ള തെരെഞ്ഞെടുപ്പ് വേദികളില്‍ പരസ്പരം ഗാഢമായ ആലിംഗനം നടത്തിയും, ഓരോ പാര്‍ട്ടിയുടെ തലപ്പാവും വേഷഭൂഷകളണിഞ്ഞു കാതില്‍ മധുരമൂറുന്ന വാഗ്ദാന അഭിനിവേശമുണര്‍ത്തി എല്ലാം തെരഞ്ഞെടുപ്പിലും ജനക്കൂട്ടത്തെ ഐശര്യപൂര്‍ണ്ണമാക്കുന്ന ജനാധിപത്യം. മനുഷ്യരുടെ ദാരിദ്ര്യം, പട്ടിണി, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങി പല മേഖലകളിലും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന ഏകാധിപത്യം. ഇതിനൊന്നും പരിഹാരം കാണാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഇവരൊക്കെ എന്തിനാണ് വീണ്ടും അധികാരത്തില്‍ വരുന്നത്?

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശാസ്ത്ര കലാ സാഹിത്യ വിദ്യാഭ്യാസ, നീതിന്യായ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരെ തെരെഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ചാല്‍ കേരള ജനത രക്ഷപ്പെടും ഇല്ലെങ്കില്‍ രാഷ്ട്രീയ മുതലാളിമാര്‍ വിദേശത്തു് കച്ചവടം നടത്തി നാട് ഭരിച്ചുമു ടിക്കുമെന്നത് മറക്കരുത്. എന്റെ അറിവില്‍ കലാ സാഹിത്യ രംഗത്തുള്ള മുന്‍ മന്ത്രി ജീ.സുധാ കരന്‍ (സ്വതന്ത്രന്‍), അഡ്വ. ചാര്‍ളി പോള്‍ (ബിജെപി), ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഎം), രമേഷ് പിഷാരടി (കോണ്‍ഗ്രസ്) യെപ്പോലുള്ളവരെ രാഷ്ട്രീയ നിറം നോക്കാതെ വിജയിപ്പിക്കയാണ് വേണ്ടത്.

അധികാര കസേരയിലെത്തിയാല്‍ അധികാരത്തിലെത്തിച്ചവര്‍ ദാസന്മാരും ജന സേവകന്‍ യജമാനനുമായി മാറുന്നു. നീതി അനീതിയാക്കുന്നു. ജാതി മത രാഷ്ട്രീയ നിറം നോക്കി പാവങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സമ്പന്നരാകുന്ന ഈ കൂട്ടരേ ഇപ്പോഴും ജനം തിരി ച്ചറിയുന്നില്ല. ജാതി രാഷ്ട്രീയം വിളമ്പി എത്രയോ തെരെഞ്ഞെടുപ്പില്‍ ഇവരെ കബളിപ്പിക്കുന്നു. ദരിദ്രരെ നിലനിറുത്തേണ്ടത് ഇവരുടെ ആവശ്യമാണ്. വികസിത രാജ്യങ്ങളില്‍ ഒരാളുടെ വിദ്യാഭ്യാസം മറ്റ് യോഗ്യതകള്‍ നോക്കിയാണ് ഒരാളെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്.

കേരളത്തില്‍ ഏത് സ്ത്രീപീഡകനും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മരണംവരെ അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നു. വളര്‍ന്നുവരുന്ന യുവതി യുവാക്കള്‍ക്ക് വഴിമാറി കൊടുക്കാറില്ല. ഈ കൂട്ടര്‍ ജാതിക്കാര്‍ഡ് ഇറക്കി എന്നും ജയിക്കുന്നു, മന്ദബുദ്ധികളായ ജനം തോല്‍ക്കുന്നു. സത്യം നീതി പുലര്‍ത്തുന്ന, അഴിമതി നടത്താത്ത, സ്വഭാവശുദ്ധിയുള്ള, സ്വജ നപക്ഷപാതമില്ലാത്ത ജനസേവകരെയാണ് കേരളത്തിന് വേണ്ടത്.വോട്ട് ചെയ്യുന്നവരോട് പറയാനുള്ളത് കണ്ണുണ്ടായാല്‍ പോരാ കാണണം. ഈ തെരെഞ്ഞെടുപ്പില്‍ കണ്ണ് കഴുകി വോട്ട് ചെയ്യുക.

തെരെഞ്ഞെടുപ്പില്‍ മറ്റൊരു വിവേചനം കാണുന്നത് സ്ത്രീകള്‍ക്ക് 33% അര്‍ഹമായ സംവരണമുണ്ടെങ്കിലും അത് ലഭിക്കുന്നില്ല. ഇന്ത്യയിലെ പുരുഷമേധാവിത്വം സ്ത്രീകളെ അടിമകളായി കാണുന്നതിന്റെ തെളിവാണിത്. പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ആദിവാസി-ദളിത് വംശജരുടെ അവസ്ഥയും വ്യത്യസ്തമല്ല. അവരുടെ പുരോഗതിക്കായി കൊടുക്കുന്ന ഫണ്ട് വരെ അടിച്ചുമാറ്റുന്നവരെ ഇന്നുവരെ തുറുങ്കിലടക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകള്‍ ആര്‍ക്ക് വേണ്ടിയാണ്? ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയുടെ പ്രഥമ വനിതയെ രാഷ്ട്രപതിയായി കണ്ടെത്തിയത് ദളിത് വിഭാഗത്തില്‍ നിന്നാണ്. ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ സ്വതന്ത്രരും സംരക്ഷണമുള്ളവരുമാണ്. അതിനാല്‍ സ്ത്രീ പീഡനങ്ങള്‍ കുറവാണ്.

സാമൂഹ്യ അര്‍പ്പിതത്വത്തിന്റെ സത്തയുള്ള എഴുത്തുകാരും മുന്‍ മന്ത്രിമാരായിരുന്ന സഖാവ്  എം.എ.ബേബി, ബിനോയ് വിശ്വം, സി.ദിവാകരന്‍ തുടങ്ങിയവര്‍ മത്സരിക്കണമായിരിന്നു. മുന്‍മുഖ്യമന്ത്രിമാരായിട്ടുള്ള എ.കെ.ആന്റണി, കെ.കരുണാകരന്‍, വി.എസ്.അച്യുതാന ന്ദന്‍,  ജനങ്ങളുടെ പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടിയെപ്പോലെ അഴിമതി പുരളാത്ത ജനസേവകരെ യാണ് കേരളത്തിനാവശ്യം. ഇനിയും  തല്ലുകൊള്ളുന്ന ചെണ്ടകളായി വോട്ടര്‍മാര്‍ മാറാതിരിക്കുക.