'അമേരിക്ക 250: ഇന്ത്യ 80’: ‘മഹാ വ്യക്തി പരമ്പര’ (ഐക്കണിക് ഫിഗർ സീരീസ്): ഭാഗം2
ജോർജ് നടവയൽ
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ, 250- വർഷ-പൂർണ്ണിമ ആഘോഷിക്കുന്ന, ചരിത്ര നാളായ, 2026 ജൂലൈ 4 ലേയ്ക്ക് പദമൂന്നുമ്പോൾ, അമേരിക്കൻ മലയാളികൾ, അവർക്ക്, സാമൂഹിക-പ്രാണവായു പകരുന്ന, മലയാള പത്ര ലോകവുമായി ഒത്തു ചേർന്ന്, തിരിച്ചറിവുകളുടെ യാത്ര പുതുക്കുന്നു.
ഈ സമയശോഭയെ ആസ്വദിച്ചാദരിക്കുന്നതിനും, ലോകം മുഴുവൻ ശാന്തി പകരുവാനുള്ള ഭാരത ജനനിയുടെ ആധുനിക സ്വാതന്ത്ര്യത്തിൻ്റെ 80-ആം പിറന്നാൾ കൊണ്ടാടുന്നതിനും കൂടിയണ്, മഹാ വ്യക്തി പരമ്പരയ്ക്ക് ശ്രമിക്കുന്നത്.
ഐക്കണിക് ഫിഗർ സീരീസ് (മഹാ വ്യക്തി പരമ്പര) എന്നത്, സ്വർണ്ണ ക്കതിർമണികളുടെ ശേഖരമാണ്. നമ്മുടെ സമൂഹത്തെയോ, രാഷ്ട്രത്തെയോ, സാംസ്കാരിക ഐഡന്റിറ്റിയേയോ, രൂപപ്പെടുത്തിയ, വ്യക്തികളുടെ ജീവിതം, നേട്ടങ്ങൾ, പ്രതീകാത്മക സാന്നിധ്യം എന്നിവ എടുത്തുകാണിക്കുന്നു. ഇത്, ആളുകളുടെ ഒരു പട്ടിക മാത്രമല്ല; പ്രത്യുത, അതിസംക്ഷിപ്തമായ ചരിത്രാഖ്യായികയും കൂടിയാണ്. സൂര്യ തേജസ്സിനെ ഒരു മഞ്ഞു തുള്ളിയിൽ പ്രതിബിംബിക്കുന്ന (സ്വപ്ന) ശ്രമം.
ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തികളെക്കുറിച്ച് ചിന്തിക്കാൻ, “ അമേരിക്ക 250 ഇന്ത്യ 80” എന്ന മുഹൂർത്തം, അവസരമേകുകയാണ്`. ഈ ചിന്ത അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും; നേതാക്കൾ, കവികൾ, പണ്ഡിതന്മാർ, കലാകാരന്മാർ എന്നിവരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു, കാരണം?- അവരുടെ ജീവിതം അവർ ജനിച്ച രാജ്യത്തെ മാത്രമല്ല, ലോകം മുഴുവൻ്റെയും ധാർമ്മിക ഭാവനയെയും രൂപപ്പെടുത്തി എന്നുള്ളതാണ്.
ഈ താളുകളിലെ, “അമേരിക്ക 250: ഇന്ത്യ 80” എന്ന ആസ്വാദനത്തിൽ, ആറ് വ്യക്തികൾ ആഗോള ഏകീകരണ ശക്തികളായി, മൂന്ന് നൂറ്റാണ്ടുകളിലും രണ്ട് ഭൂഖണ്ഡങ്ങളിലുമായി, ഉദിച്ചു നിൽക്കുന്നു. ഓരോരുത്തരും ചരിത്രത്തിലെ വ്യത്യസ്തമായ അകൽച്ചകൾക്ക്, ധൈര്യത്തോടെയും വ്യക്തതയോടെയും സർഗ്ഗാത്മകതയോടെയും ഉത്തരം നൽകുന്നു. ആ മഹത്തുക്കൾ ഇവരാണ്:
ദുർബലമായ ഒരു റിപ്പബ്ലിക്കിനെ സ്ഥിരപ്പെടുത്തുകയും അധികാരം മനസ്സാക്ഷിക്ക് മുന്നിൽ വഴങ്ങണമെന്ന് തെളിയിക്കുകയും ചെയ്ത ജോർജ്ജ് വാഷിംഗ്ടൺ. വിഭജിത ഉപഭൂഖണ്ഡത്തെ ഒരൊറ്റ ജനാധിപത്യ രാഷ്ട്രമാക്കി ലയിപ്പിച്ച സർദാർ വല്ലഭായ് പട്ടേൽ. ചർച്ചകളിലൂടെയും ഭരണപരമായ മികവിലൂടെയും ഒരൊറ്റ ജനാധിപത്യ രാ ഷ്ട്രം എന്ന ദർശനത്തെ ഭരണഘടനാ യാഥാർത്ഥ്യമാക്കി മാറ്റിയ വി. പി. മേനോൻ. ഭാഷ, ഭക്തി, വിവിധ സാംസ്കാരിക രീതികളോടുള്ള ബഹുമാനം എന്നിവയിലൂടെ യൂറോപ്പിനും കേരളത്തിനും തമ്മിൽ പാലം കെട്ടിയ അർണോസ് പാതിരി. അനശ്വര ഗാന വരികളിലൂടെ രാജ കൊട്ടാരങ്ങളിലെയും സാധാരണരുടെ ഭവനങ്ങ ളിലെയും , ദൈനംദിന ജീവിത വികാരങ്ങളെ ക്ലാസിക്കൽ കലയുടെ അലകളിലൂടെ സമഷ്ടീഭവിപ്പിച്ച ഇരയിമ്മൻ തമ്പി. മതം, ഭാഷ, ഭൂമിശാസ്ത്രം എന്നിവയുടെ അതിരുകളെ നാദധാരയിലൂടെ അലിയിച്ചു കളഞ്ഞ്, ഇന്ത്യയുടെയും കേരളത്തിൻ്റെയും ആത്മാവിനെ ആഗോള മാനവ സമൂഹത്തിലേക്ക് വിടർത്തിക്കൊണ്ടുപോകുന്ന കെ. ജെ. യേശുദാസ്.
അമേരിക്കയുടെ ഘടനയിൽ ഇഴചേർന്ന ഇന്ത്യൻ-അമേരിക്കൻ, മലയാളി -അമേരിക്കൻ സമൂഹങ്ങൾക്ക് മുമ്പിൽ, ഈ ഷഡ്-മൂർത്തികൾ ഒരുമിച്ച് പ്രത്യക്ഷരാകുമ്പോൾ, ആ വ്യക്തിത്വങ്ങൾ സത്യത്തെ പ്രകാശിപ്പിക്കുന്നു: സമുദ്രങ്ങൾ താണ്ടി വന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് വാഷിംഗ്ടണിന്റെ റിപ്പബ്ലിക് ഒരു വീടായി മാറി. പട്ടേലിന്റെയും മേനോന്റെയും ഇന്ത്യ. അവർ സ്വപ്നം കണ്ടു മോഹിച്ച മാതൃരാജ്യമായി.അർണോസ് പാതിരിയും ഇരയിമ്മൻ തമ്പിയും വരും തലമുറകൾക്കായി സാംസ്കാരിക പൈതൃകത്തെ രൂപപ്പെടുത്തി. മറുനാടൻ മലയാളികൾക്കുൾപ്പെടെ സകലമാന ഭാരതീയർക്കും അവർ പോകുന്നിടത്തെല്ലാം അവരോടൊപ്പം സഞ്ചരിക്കുന്ന നാദസൗന്ദര്യം യേശുദാസ് നൽകി.
“ അമേരിക്ക 250: ഇന്ത്യ 80” -ൽ, ഈ ആറ് മഹാ വ്യക്തിതേജസ്സുകളും ഒരുമിച്ച് ഓർമ്മകളുടെ വെള്ളിത്തിരയിൽ ദീപ്തരാകുന്നത്, കുടിയേറ്റ ഭാരതീയർ ആത്മാവിൽ ചേർത്തു വച്ച കാര്യങ്ങളുടെ പ്രതീക ശക്തിയായിട്ടാണ്. ഐക്യം ചരിത്രത്തിന്റെ ഒരു ആകസ്മികതയല്ലെന്ന് അവർ ഒരുമിച്ച് കാണിക്കുന്നു - അത് നേതൃത്വത്തിന്റെയും ഭാവനയുടെയും ധാർമ്മിക ഉത്തരവാദിത്തത്തിന്റെയും പ്രവൃത്തിയാണ്. ഐക്യം പാരമ്പര്യമായി ലഭിക്കുന്നതല്ല; അത് സൃഷ്ടിച്ചെടുക്കേണ്ട സവിശേഷതയാണ്. ഇത് അമേരിക്കയുടെ കഥയാണ്. ഇത് ഇന്ത്യയുടെ കഥയാണ്. ഇപ്പോഴും ലോകത്തെ ഏകീകരിക്കുന്ന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്ന ഓരോ കുടിയേറ്റ കുടുംബത്തിന്റെയും കഥയാണിത്.
ജോർജ്ജ് വാഷിംഗ്ടൺ (1732–1799): ഒരു പുതിയ റിപ്പബ്ലിക്കിനെ ഏകീകരിച്ച കരുത്തുറ്റ കരങ്ങൾ:
യുണൈറ്റഡ് സ്റ്റേറ്റ്സിനെ, വിപ്ലവത്തിൽ നിന്ന് ദേശീയതയിലേക്ക് നയിച്ച്, ജോർജ്ജ് വാഷിംഗ്ടൺ സ്ഥിരതയുള്ള നേതൃത്വം നൽകി. ദേശത്തിൻ്റെ ഭാവി ഭാഗധേയം ദൈവഭക്തിയാൽ നയിക്കപ്പെടുന്നു എന്ന വിശ്വാസം., ഐക്യം, ധാർമ്മികത, ഇവയിലായിരുന്നു വാഷിംഗ്ടണിന്റെ തത്ത്വചിന്തകൾ അധിഷ്ഠിതമായിരുന്നത്. വിശ്വാസ കാര്യങ്ങൾ പബ്ളിക്കാക്കാതെ സ്വകാര്യമായി നിർവഹിച്ചിരുന്നെങ്കിലും , അദ്ദേഹം ദൈവത്തിന്റെ ഇടപെടലുകൾക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നു. "മനുഷ്യവംശത്തിന്റെ ദയാലുവായ രക്ഷിതാവാണ് ദൈവം എന്ന കാഴ്ച്ചപ്പാ ടാണ് ജോർജ് വാഷിങ്ടണെ നയിച്ചിരുന്നത്. സദ്‌ഗുണം, സംയമനം, വിനയം എന്നിവയിലൂടെ മാത്രമേ ഒരു റിപ്പബ്ലിക്കിന് നിലനിൽക്കാൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. രാജത്വത്തെ നിരസിക്കൽ, സിവിലിയൻ ഭരണസംവിധാനമാണ് വേണ്ടതെന്ന നിർബന്ധം, അധികാരത്തിൽ നിന്ന് സ്വമേധയാ ഉള്ള വിരമിക്കൽ എന്നീ സത്‌രീതികളാൽ, ജോർജ് വാഷി ങ്ങ്ടൺ ധാർമ്മിക നേതൃത്വ രംഗത്ത് ആഗോള മാതൃകകൾ സൃഷ്ടിച്ചു.
അമേരിക്കയുടെ ആദ്യ പ്രസിഡന്റെന്ന നിലയിൽ, പുതിയ റിപ്പബ്ലിക്കിനെ നിലനിൽക്കാൻ പ്രാപ്തമാക്കുന്ന സ്ഥാപനങ്ങളെയും ശീലങ്ങളെയും ജോർജ്ജ് വാഷിംഗ്ടൺ രൂപപ്പെടുത്തി; മന്ത്രിസഭ സ്ഥാപിച്ചു, ഫെഡറൽ ഐക്യം ശക്തിപ്പെടുത്തി, പക്ഷപാതരഹിതത്വം പ്രോത്സാഹിപ്പിച്ചു. വിഭാഗീയതയ്ക്കും വിദേശ കുരുക്കുകൾക്കും എതിരെ വിടവാങ്ങൽ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. ബലപ്രയോഗത്തിലൂടെയല്ല, പ്രത്യുത, ഉത്കൃഷ്ട സ്വഭാവത്തിലൂടെയും പങ്കാളിത്ത-ഉത്തരവാദത്തിലൂടെയും ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ശാന്തമായ അധികാരം തെളിയിച്ചു.
അമേരിക്കയുടെ 250 വർഷങ്ങളിലെ ചരിത്രത്തിൽ , എളിമയുടേയും, സേവന നിർഭരമായ നേതൃത്വത്തിന്റെയും ഏറ്റവും വ്യക്തമായ മാതൃകയായി ജോർജ്ജ് വാഷിംഗ്ടൺ നിലകൊള്ളുന്നു - മനസ്സില്ലാമനസ്സോടെ അധികാരം സ്വീകരിച്ച്, സംയമനത്തോടെ അത് പ്രയോഗിച്ച്, ആ അധികാരം ജനങ്ങൾക്ക് പൂർണ്ണമനസ്സോടെ തിരികെ നൽകിയ വ്യക്തി!!! അമേരിക്കൻ ഐക്യനാടുകളുടെ പിതാവായ ജോർജ്ജ് വാഷിംഗ്ടൺ, റിപ്പബ്ലിക്കിന്റെ സ്വഭാവത്തെയും ഭരണഘടനാപരമായ വിധിയെയും രൂപപ്പെടുത്തിയ മൗലിക മൂല്യങ്ങളുടെ ആൾ രൂപമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ജീവിതവും വാക്കുകളും രാജ്യത്തെ ഓർമ്മിപ്പിക്കുന്നത്, “അമേരിക്കൻ പരീക്ഷണം” "സ്വാതന്ത്ര്യത്തിന്റെ പവിത്രമായ അഗ്നിയിൽ" അധിഷ്ഠിതമാണെന്നാണ്. ഓരോ തലമുറയിൽ നിന്നും പൗര ധർമ്മം, ഉത്തരവാദിത്തം, ധാർമ്മിക സ്വഭാവം എന്നിവ ആവശ്യപ്പെടുന്ന ഒരു മനോവിശ്വാസമാണിത്.
വാഷിംഗ്ടണിന്റെ വിടവാങ്ങൽ പ്രസംഗം ദേശീയ ഐക്യത്തെ അമേരിക്കൻ സുരക്ഷയുടെയും സന്തോഷത്തിന്റെയും "പ്രധാന സ്തംഭം" ആയി ഉയർത്തിക്കാണിക്കുന്നു. 1796-ലെ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ജോർജ്ജ് വാഷിംഗ്ടൺ, താൻ സൃഷ്ടിക്കാൻ സഹായിച്ച റിപ്പബ്ലിക്കിനെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള അന്തിമവും മാർഗനിർദേശകവുമായ ദർശന ബോദ്ധ്യങ്ങൾ രാഷ്ട്രത്തിന് നൽകി. ഐക്യ അമേരിക്ക എന്ന യൂണിയനാണ് സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും "പ്രധാന സ്തംഭം" എന്ന് വിലമതിക്കാൻ അദ്ദേഹം പഠിപ്പിച്ചു. രാഷ്ട്രീയ വിഭാഗീയതകൾ അസൂയയും വിഭജനവും ആളിക്കത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സംഘർഷങ്ങളിൽ രാജ്യത്തെ കുടുക്കാൻ സാധ്യതയുള്ള സ്ഥിരമായ വിദേശ സഖ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പരീക്ഷണത്തിന്റെ നിലനിൽപ്പ്, പൗര ധർമ്മം, പൊതു ധാർമ്മികത, ഭരണഘടനയോടുള്ള വിശ്വസ്തമായ അനുസരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വാഷിംഗ്ടൺ ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന് ഉത്തരവാദബോധം ആവശ്യമാണെന്ന് പൗരന്മാരെ ഓർമ്മിപ്പിച്ചു. രണ്ട് തവണകൾക്ക് ശേഷം സ്വമേധയാ സ്ഥാനമൊഴിയുന്നതിലൂടെ, സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള അനുപമ മാതൃകയായി ജോർജ് വാാഷിങ്ങ്ടൻ. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം രാജ്യത്തിന്റെ രാഷ്ട്രീയ സമീക്ഷകളിൽ അനശ്വര തേജസ്സായി തുടരുന്നു.
കൊളോണിയൽ വിർജീനിയയിൽ ജനിച്ച വാഷിംഗ്ടൺ, അപരിചിത ഭൂപ്രദേശത്തെ പരുക്കൻ യത്ന യാഥാർത്ഥ്യങ്ങളോട് പടവെട്ടി (ഫ്രണ്ടിയർ ലൈഫ്) ജീവിതം കരുപ്പിടിപ്പിച്ചു. ആദ്യകാല സർവേയിംഗ് ജോലി, മിലിഷ്യ ഓഫീസർ (ജനസേനാ ഓഫീസർ ) എന്നീ തലങ്ങളിലുള്ള ചുമതലാ നിർവഹ ണം, ജോർജ് വാഷിങ്ങ്ടൻ്റെ അനുഭവ സമ്പത്തിനെ ബലപ്പെടുത്തിയിരുന്നു. ഫ്രഞ്ച് യോദ്ധാക്കളും - നേറ്റീവ് അമേരിക്കൻസ്സും തമ്മിലുള്ള യുദ്ധങ്ങളിലെ അനുഭവം, ജോർജ്ജ് വാഷിംങ്ങ്ടനെ അച്ചടക്കമെന്തെന്നും സാമ്രാജ്യത്വ അതിക്രമങ്ങളുടെ അപകടങ്ങളെന്തെന്നും പഠിപ്പിച്ചു. ബ്രിട്ടീഷ് നയങ്ങൾ കൊളോണിയൽ അവകാശങ്ങൾ ലംഘിച്ചപ്പോൾ, അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ മഹത്വ സന്ദേശത്തെ പുൽകി. കീഴടക്കലിനുവേണ്ടിയല്ല, മറിച്ച് ഒരു ജനത സ്വയം ഭരണാവകാശം നേടണമെന്ന തത്വത്തിനായി ജോർജ്ജ് വാഷിംഗ്ടൺ. 43-ാം വയസ്സിൽ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡർ എന്ന ചുമതല ഏറ്റെടുത്തു
ജോർജ്ജ് വാഷിംഗ്ടൺ, 1775 മുതൽ 1783 വരെ കോണ്ടിനെന്റൽ ആർമിയെ നയിച്ചു. പരാജയങ്ങൾ, കഠിനമായ ശൈത്യകാലങ്ങൾ, ദുർലഭമായ വിഭവങ്ങൾ എന്നീ ദുർഘട പ്രതിസന്ധികളെ തരണം ചെയ്ത് , എതിർ ശക്തികളെ തോല്പിച്ച് യോർക്ക്ടൗണിലെ നിർണായക വിജയം കൈവരിക്കുകയും, ആ മേൽക്കൈ അമേരിക്കൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ പുലർത്തുകയും ചെയ്തു. ഈ നീണ്ട പോരാട്ടത്തിലൂടെ അദ്ദേഹം പങ്കാളിത്തത്തിൻ്റെയും സഹവർത്തിത്ത്വത്തിൻ്റെയും ദേശീയ സ്വത്വം കെട്ടിപ്പടുത്തു. ജോർജ്ജ് വാഷിംഗ്ടൺ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും റിപ്പബ്ലിക്കൻ സദ്‌ഗുണത്തിന്റെയും ജീവിക്കുന്ന ചിഹ്നമായി. അദ്ദേഹത്തിന്റെ യുദ്ധകാല നേതൃത്വം കോളനികളെ ഏകീകരിച്ചു, ചിതറിക്കിടന്ന പ്രതിരോധ ബലഹീനതയുള്ള ജന സംവിധാനത്തെ, ദേശീയ ലക്ഷ്യ ത്തോടെ, അണിനിര ത്താൻ കഴിയുന്ന, വിശ്വസ്ത വ്യക്തിയായി ജോർജ് വാഷിങ്ങ്ടൻ്റെ ധീരത ഉയർന്നു.
ഈ സമാനതകളില്ലാത്ത സേവനം മഹത്വങ്ങൾ മൂലം, ജോർജ്ജ് വാഷിംഗ്ടൺ, "അമേരിക്കൻ ഐക്യനാടുകളുടെ പിതാവ്" ആയി ബഹുമാനിക്കപ്പെടുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുക മാത്രമല്ല, അതിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുകയും ചെയ്ത, വഴികാട്ടിയാണ് ജോർജ് വാഷിങ്ങ്ടൺ. ലോകത്തിലെ പ്രബലമായ സാമ്രാജ്യശക്തിയായ ഗ്രേറ്റ് ബ്രിട്ടനെതിരെയാണ് അദ്ദേഹം യുദ്ധം നയിച്ച ത് - അതിന്റെ പരുക്കൻ സേനകൾ, ഹെസ്സിയൻ സഹായികൾ, വിശ്വസ്ത പിന്തുണക്കാർ എന്നിവരെ അദ്ദേഹം ദൃഢനിശ്ചയത്തോടെ നേരിട്ടു. സ്വാതന്ത്ര്യത്തിന്റെ ഈ അഗ്നിപരീക്ഷാവിജയത്തിലൂടെ നേടിയ അധികാരമാണ്, ജോർജ് വാഷിങ്ങ്ടനെ പുതിയ അമേരിക്കൻ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡന്റായി ദൗത്യമേൽക്കുവാൻ കാരണമായത്, തലമുറകളോളം അമേരിക്കൻ നേതൃത്വത്തിന് മാതൃകയായി ക്കൊണ്ട്.
ജോർജ് വാഷിങ്ങ്ടൻ്റെ ഏകീകരണ ശക്തി: 13 കോളനികളെ ഒരു റിപ്പബ്ലിക്കായി ബന്ധിപ്പിച്ചു; അമേരിക്കൻ ഐക്യത്തിന്റെ ധാർമ്മികവും ഭരണഘടനാപരവുമായ അടിത്തറ സ്ഥാപിച്ചു.
ശ്രദ്ധേയമായ ഉദ്ധരണികൾ:
“Human happiness and moral duty are inseparably connected.”
“Liberty, when it begins to take root, is a plant of rapid growth.”
“Associate yourself with individuals of good quality if you esteem your own reputation.”
സർദാർ വല്ലഭായ് പട്ടേൽ (1875–1950): ഇന്ത്യയെ ഏകീകരിച്ച മഹാൻ
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെ ഏകീകരിക്കുന്നതിൽ സർദാർ വല്ലഭായ് പട്ടേൽ നിർണായകമായ ദേശീയ പങ്ക് വഹിച്ചു. ഗുജറാത്തിൽ ജനിച്ച അദ്ദേഹം ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന്, പ്രമുഖ അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയും ബഹുജന പ്രസ്ഥാനങ്ങളുടെ സംഘാടകനുമായി. ബർദോളി സത്യഗ്രഹത്തിന് വല്ലഭായ് പട്ടേൽ നൽകിയ കരുത്തുറ്റ നേതൃത്വം, വല്ലഭായ് പട്ടേലിന് "സർദാർ" എന്ന പദവി നേടിക്കൊടുത്തു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ, നയതന്ത്രം, ദൃഢത, തന്ത്രപരമായ വ്യക്തത എന്നിവയിലൂടെ അദ്ദേഹം 560-ലധികം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചു, ഇന്ത്യ സുസംഘടിതവും, സുസ്ഥിരവും, ഭാവിക്ക് സുസജ്ജവുമാണെന്ന് ഉറപ്പുവരുത്തി.
ദേശീയ ഐക്യം, ഭരണശക്തി, ഏകീകൃതമായ ഒരു ഇന്ത്യൻ സ്വത്വം സൃഷ്ടിക്കൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു പട്ടേലിന്റെ തത്ത്വചിന്ത. നയചാതുര്യത്താൽ ശകതമായ ഭരണസംവിധാനം, ജനതയ്ക്ക് ഉപകാരപ്പെടുന്ന ലക്ഷ്യങ്ങൾ, പ്രാദേശിക വിശ്വസ്തതകൾക്കപ്പുറം ഉയരാനുള്ള സന്നദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ഒരു ആധുനിക രാഷ്ട്രം എന്ന് അദ്ദേഹം വിശ്വസിച്ചു. ഭാരതത്തിന് സ്ഥിരതയുള്ള ജനാധിപത്യ രാജ്യമായി പ്രവർത്തിക്കാൻ ഉതകുന്ന, ഭരണപരവും പ്രാദേശികവുമായ അടിത്തറകൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങ ളിലൂടെ സ്ഥാപിച്ചു.
ബലപ്രയോഗമില്ലാതെ ഐക്യം കെട്ടിപ്പടുത്ത ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും പട്ടേലിനെ പ്രശംസിക്കുന്നു. വല്ലഭായി പട്ടേലിനുണ്ടായിരുന്ന നേതൃസവിശേഷതകളായ, കാര്യങ്ങളെ ബോധ്യപ്പെടുത്താനുള്ള കഴിവും, വിശ്വാസാർജ്ജന പ്രാവീണ്യവും, തത്വാധിഷ്ഠിത ദൃഢനിശ്ചയവും ചരിത്രപരമായ പരിവർത്തനം കൈവരിക്കാൻ മതിയായതാണെന്ന് അദ്ദേഹം തെളിയിച്ചു. ക്ഷീണമറിയാത്ത ശ്രമത്തിലൂടെ ഇന്ത്യയുടെ ഭൂപ്രദേശവും സ്വത്വവും സർദാർ വല്ലഭായ് പട്ടേൽ, ഏകീകരിച്ചു; രാജ്യത്തിന്റെ ഭരണപരമായ ഉരുക്ക് ചട്ടക്കൂട് നിർമ്മിച്ചു.
Notable Quote: “My only desire is that India should be a united and strong country."
വി. പി. മേനോൻ (1893–1965): ഇന്ത്യയുടെ ഏകീകരണത്തിന്റെ ശിൽപ്പി
വി.പി. മേനോൻ എന്നറിയപ്പെടുന്ന ‘വാപ്പാല പങ്കുണ്ണി മേനോൻ’, ഇന്ത്യയുടെ ഏകീകരണത്തിന് പിന്നിലെ ഒഴിച്ചുകൂടാനാവാത്ത ഭരണ ശില്പിയായിരുന്നു. കേരളത്തിലെ ഒറ്റപ്പാലത്ത് ജനിച്ച അദ്ദേഹം, ഒരു റെയിൽവേ പ്രവർത്തകൻ എന്ന നിലയിൽ നിന്ന്, അവസാനത്തെ മൂന്ന് ബ്രിട്ടീഷ് വൈസ്രോയിമാരുടെ ഭരണഘടനാ ഉപദേഷ്ടാവായി ഉയർന്നുവന്നു. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകളിലുള്ള വി.പി. മേനോൻ്റെ സമാനതകളില്ലാത്ത ഗ്രാഹ്യം, അദ്ദേഹത്തെ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ, രാഷ്ട്രീയ " മസ്സിൽ പവറിനു പിന്നിലെ, " സൂപ്പർ ബ്രെയിൻ " ആക്കി മാറ്റി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ വിഘടിതാവസ്ഥ തടയുന്നതിൽ പട്ടേലും മേനോനും തമ്മിലുള്ള പങ്കാളിത്തം നിർണായകമായിരുന്നു. 1947-ൽ പട്ടേൽ സംസ്ഥാന മന്ത്രാലയത്തെ നയിക്കാൻ നിയമിതനായപ്പോൾ, അദ്ദേഹം മേനോനെ പ്രത്യേകമായി സെക്രട്ടറിയായി തിരഞ്ഞെടുത്തു. 560-ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് സംയോജിപ്പിക്കുക എന്ന മഹത്തായ ദൗത്യം അവർ ഒരുമിച്ച് നിർവഹിച്ചു. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നീ മൂന്ന് പ്രധാന മേഖലകൾ മാത്രം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഈ സംസ്ഥാനങ്ങളുടെ സംയോജനം ഉറപ്പാക്കുന്ന, സമർത്ഥമായ നിയമ രേഖയായ “ഇൻസ്ട്രുമെന്റ് ഓഫ് ആക്ഷൻ” തയ്യാറാക്കി എന്നതായിരുന്നു വി.പി. മേനോന്റെ ഏറ്റവും വലിയ സംഭാവന.
ഉയർന്ന നയതന്ത്രവും, ശാരീരിക ധൈര്യവും, മേനോന്റെ പ്രൊഫഷണലിസത്തിൻ്റെ പ്രഭാ രശ്മികളായിരുന്നു. ഉപഭൂഖണ്ഡത്തിലുടനീളമുള്ള പ്രബലരും അങ്ങനെയല്ലാത്തവരുമായ രാജാക്കന്മാരുമായി നേരിട്ട് ചർച്ച നടത്തി. ലയനത്തെ/ഐക്യത്തെ എതിർത്തു നിന്ന മഹാരാജാക്കന്മാരെ വ്യക്തിപരമായി കണ്ടു നയതന്ത്രമൊരുക്കാൻ അദ്ദേഹം യാത്ര ചെയ്തു. ആക്രമണകാരികൾ ശ്രീനഗറിന്റെ പ്രാന്തപ്രദേശ ങ്ങളിൽ അക്രമോത്സുകരായി നിരന്നു നിൽക്കുന്നു എന്ന അപായ സന്ധിയെ മറികടന്ന്, കശ്മീരിലെ മഹാരാജാ ഹരിസിംഗിൽ നിന്ന് പ്രവേശന ഉടമ്പടി ഒപ്പിട്ടു നേടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1950-ൽ പട്ടേലിന്റെ മരണശേഷം, മേനോൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രസ്തുത ഘട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വി. പി. മേനോൻ്റെ രചനകളായ “ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്സ്”, (The Story of the Integration of the Indian States) “ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ” ( The Transfer of Power in India) ന്നീ പുസ്തകങ്ങൾ, ആധുനിക ഇന്ത്യയുടെ അതിർത്തികൾ എങ്ങനെ രൂപപ്പെടുത്തി എന്നതിന്റെ നിർണായക വിവരണങ്ങളായി തുടരുന്നു.
മേനോന്റെ തത്ത്വചിന്തകൾ, ഊന്നൽ നൽകിയിട്ടുള്ളത്, ഭരണഘടനാ ക്രമം, ഭരണപരമായ അച്ചടക്കം, നീതിയും സമ്മതവും വഴിയുള്ള ഐക്യം എന്നിവയ്ക്കാണ്. നിയമപരമായ വ്യക്തത, സ്ഥിരതയുള്ള ഭരണം, പ്രാദേശിക സ്വത്വങ്ങളോടുള്ള ബഹുമാനം എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയാവണം ദേശീയ ഏകീകരണമെന്ന് അദ്ദേഹം വിശ്വസിച്ചു. മേനോന്റെ ശാന്തമായ കൃത്യതയും തന്ത്രപരമായ ഉൾക്കാഴ്ചയും അദ്ദേഹത്തെ പട്ടേലിന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാക്കി.
ആഗോളതലത്തിൽ, ഒരു രാജ്യത്തിന്റെ ഭൂപടം പുനർനിർമ്മിക്കാൻ സഹായിച്ച ഒരു സിവിൽ സർവീസ് തന്ത്രജ്ഞനായിട്ട് സാമ്യതകളില്ലാത്ത പ്രതിഭയായി മേനോൻ അംഗീകരിക്കപ്പെടുന്നു. നിശബ്ദമായ കഴിവും തത്വാധിഷ്ഠിത ചർച്ചകളും ചരിത്രപരമായ പരിവർത്തനം കൈവരിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യം തെളിയിക്കുന്നു. ഇന്ത്യയുടെ ഏകീകരണത്തിന്റെ നാൾ വഴികളിൽ, രാഷ്ട്രതന്ത്രത്തിന് പിന്നിലെ ഒഴിച്ചുകൂടാനാവാത്ത ശില്പിയായി മേനോൻ തുടരുന്നു. വി.പി. മേനോന്റെ ഏകീകരണ ശക്തി, ഇന്ത്യയ്ക്ക് പരസ്പരം ബന്ധിപ്പിക്കുന്ന നിയമപരവും ഭരണപരവുമായ വാസ്തുവിദ്യ നൽകി.
വി.പി. മേനോന്റെ ശ്രദ്ധേയമായ ഉദ്ധരണി: “ബലപ്രയോഗത്തിലൂടെയല്ല, യുക്തിയിലൂടെയാണ് ഞങ്ങൾ പ്രവർത്തിച്ചത് എന്നതിനാലാണ് സംയോജനം വിജയിച്ചത്.”
(വിവിധ സാംസ്കാരിക രീതികളോടുള്ള ബഹുമാനം എന്നിവയിലൂടെ യൂറോപ്പിനും കേരളത്തിനും തമ്മിൽ പാലം കെട്ടിയ അർണോസ് പാതിരി. അനശ്വര ഗാന വരികളിലൂടെ രാജ കൊട്ടാരങ്ങളിലെയും സാധാരണരുടെ ഭവനങ്ങ ളിലെയും , ദൈനംദിന ജീവിത വികാരങ്ങളെ ക്ലാസിക്കൽ കലയുടെ അലകളിലൂടെ സമഷ്ടീഭവിപ്പിച്ച ഇരയിമ്മൻ തമ്പി. മതം, ഭാഷ, ഭൂമിശാസ്ത്രം എന്നിവയുടെ അതിരുകളെ നാദധാരയിലൂടെ അലിയിച്ചു കളഞ്ഞ്, ഇന്ത്യയുടെയും കേരളത്തിൻ്റെയും ആത്മാവിനെ ആഗോള മാനവ സമൂഹത്തിലേക്ക് വിടർത്തിക്കൊണ്ടുപോകുന്ന കെ. ജെ. യേശുദാസ്: ഈ മഹാ മേരുക്കളെക്കുറിച്ചുള്ള വാഗ്‌പൂജ അടുത്ത ലക്കത്തിൽ)