തിരുവനന്തപുരത്തേക്കും അഹമ്മദാബാദിലേക്കും സർവീസുകൾ പുനരാരംഭിച്ച് ജസീറ എയർവേയ്‌സ്

Mar 24, 2026 - 16:04
 0  1
തിരുവനന്തപുരത്തേക്കും അഹമ്മദാബാദിലേക്കും സർവീസുകൾ പുനരാരംഭിച്ച് ജസീറ എയർവേയ്‌സ്

കുവൈറ്റി ലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസമേകി ജസീറ എയർവേയ്‌സ് തിരുവനന്തപുരം, അഹമ്മദാബാദ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 30 മുതൽ പുനരാരംഭിക്കുന്നു. അൽ-ഖൈസുമാഹ് വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ബരത്തൻ പസുപതി വ്യക്തമാക്കി. ഈദ് അൽ ഫിത്തർ കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 20 മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000-ത്തിലധികം യാത്രക്കാർ ജസീറ എയർവേയ്‌സിനെ ആശ്രയിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ തിരുവനന്തപുരത്തിനും അഹമ്മദാബാദിനും പുറമെ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ജസീറയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.