കാട്ടിൽ കത്തുന്ന പ്രണയം: കവിത 

Apr 10, 2026 - 10:28
 0  9
കാട്ടിൽ കത്തുന്ന പ്രണയം:  കവിത 

ലീലാമ്മ തോമസ്, ബോട്സ്വാന

എന്റെ നെഞ്ചിലൊരു ചിറകറ്റ ജ്വാലയായി,
വന്യമാം പ്രണയമന്ത്രം പടരുന്നു;
അഖിലം ചുട്ടുകരിക്കുമീ കാട്ടുതീ
ആത്മാവിൻ ആഴങ്ങളിൽ പുക ഉയർത്തുന്നു.
രക്തപ്പുഴയിൽ പൂക്കൾ പൊള്ളുന്നു,
മോഹക്കുരുവാൽ ലോകം ദഹിക്കുന്നു.

അതൊരു പൂവല്ല,
പൂത്തുലഞ്ഞൊരു മരമാണ്.
ആഫ്രിക്കൻ രാവിൽ പടരുന്ന വനജ്വാല.
ആകാശമണിഞ്ഞ സർപ്പത്തെപ്പോൽ
ചുള്ളികൾ തഴുകി, കുളിർകാറ്റിലാടി,
മഞ്ഞും നിലാവും പുണരും വനത്തിൽ
നിശബ്ദമായ് അതങ്ങനെ പടരുന്നു.

കാട്ടുപ്രാണികൾ ചിറകുകൾ നീട്ടി
ആ ജ്വാലയുടെ നിശ്ചലബിംബമാകുന്നു.
സിംഹഗർജ്ജനത്തിന്റെ ദൃശ്യഭംഗിയും,
നീലവാനിലെ പാട്ടുപാടും പക്ഷിയും
ചിത്രവർണ്ണങ്ങളാൽ ഈ നോവിനെ
അനുഗ്രഹിച്ചങ്ങനെ വാഴ്ത്തുന്നു.

പേനതൻ തുമ്പിലൊരു കനൽക്കട്ടയായി
ആ മോഹത്തെ ഞാൻ നട്ടു നനച്ചു;
മഷിയല്ല,
ഹൃദയത്തിന്റെ രക്തച്ചൂടിൽ
അലിഞ്ഞൊഴുകുന്ന ശോണിമയാണത്.

മരുഭൂമിയിലെ എരിവെയിലുപോലെ
അതൊരിക്കലും കെടുന്നില്ല;
നീറുന്ന കനലായി
എരിയുന്നു മാത്രം.

എന്റെ വരികൾ മഴത്തുള്ളികളല്ല,
ഹൃദയത്തിലേൽക്കുന്ന കനൽച്ചിന്നലുകൾ.
വായനക്കാരന്റെ കരളിലെരിയുന്ന
പതറാത്ത പ്രണയത്തിന്റെ പ്രതീകങ്ങൾ.
ഒരു തുള്ളി മഴയിൽ ഒലിച്ചുപോകാതെ
ഹൃദയത്തിന്റെ ആഴങ്ങളിൽ അവ പടരുന്നു.

ഓരോ വരിയും നീ തൊടുമ്പോൾ
ചാരമാവുകയല്ല,
ജ്വലിക്കുകയാണ്.

അവിടെ നദികൾ വിരിയുന്നു,
നക്ഷത്രങ്ങൾ ജലത്തിൽ ചിറകുകൾ കുടയുന്നു.
മഞ്ഞിന്റെ മന്ത്രവും മണ്ണിന്റെ താളവും
സൃഷ്ടിയായി പുനർജനിക്കുന്നു.

ഇത് ശാന്തമല്ല.
ഇത് ഒരു വനജ്വാലയാണ്,
മഞ്ഞുപുതച്ച രാവും
കുളിരും കാറ്റും
വന്യതയുടെ കിതപ്പും
ഇടകലർന്ന
മനോഹരമായൊരു സാഹിത്യനൃത്തം.

നിന്റെ സാന്നിധ്യം മഴത്തുള്ളിയായി
എന്റെ ഉള്ളിലെ കനലിനെ ഉണർത്തുന്നു;
അത് വീണലിയുന്നില്ല,
കൊത്തി മുറിക്കുന്നു,
നിത്യവും പ്രണയത്തെ കനലാക്കുന്നു.

പക്ഷിയുടെ ചിരിയും
പാറപ്പൊത്തുകളിൽ കാറ്റോടു പിരിയുന്ന
മഞ്ഞുതുള്ളികളും
രാത്രിയുടെ നിഗൂഢ നിഴലുകളും ചേർന്ന്
ഈ വികാരത്തെ ഗിരിനിരകളോളം ഉയർത്തുന്നു.

വായിക്കുന്നവന്റെ ഉള്ളിലൊരു
 കവിതയായി
വീര്യം, ചൂട്, പ്രണയം.
കാടിന്റെ സമസ്ത ശബ്ദങ്ങളും
ഒന്നിച്ചു ജ്വലിക്കട്ടെ
ഇതിലൂടെ!