'ആട്ടം' മികച്ച ചിത്രം: ആനന്ദ് ഏകർഷിക്കും ടീമിനും അഭിനന്ദനങ്ങൾ; ആരാണീ അഞ്ജലി..? - ഏബ്രഹാം കുര്യൻ

ദേശീയ ചലച്ചിത്ര പുരസ്കാരം.
"ആട്ടം'',
മികച്ച ചിത്രം.
മികച്ച തിരക്കഥ.
മികച്ച എഡിറ്റിംഗ്.
ആനന്ദ് ഏകർഷിക്കും ടീമിനും അഭിനന്ദനങ്ങൾ.
ചിത്രത്തെക്കുറിച്ചുള്ള കുറിപ്പ് വീണ്ടും.
ശരിക്കും ആരാണീ അഞ്ജലി..?
"യഥാർത്ഥ കുറ്റവാളിയെ അറിയാൻ എനിക്കൊട്ടും താല്പര്യമില്ല. നിങ്ങളെല്ലാവരും എനിക്കൊരു പോലെയാണ്.''
"ആട്ടം" സിനിമയിലെ നായിക അഞ്ജലി സിനിമയുടെ അവസാന ഭാഗത്ത് പറയുന്ന ഡയലോഗാണിത്. പ്രേക്ഷകനിലേക്ക് വാളുപോലെ തറച്ചു കയറുന്ന സിനിമ.
പൊളിറ്റിക്കൽ കറക്ട് നെസ്സിനെക്കുറിച്ചൊക്കെ ചർച്ച ചെയ്യുന്ന സമയമാണിത്.
അരങ്ങ് എന്നൊരു നാടക ഗ്രൂപ്പ് ഒരു പുരാണനാടകം അവതരിപ്പിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്.
നാടകം കണ്ട ബ്രിട്ടീഷുകാരായ ദമ്പതികൾ, നാടകപ്രവർത്തകർക്ക് ഒരു റിസോർട്ടിൽ രാത്രി വിരുന്നൊരുക്കുന്നു. പാട്ടും ഫുഡും മദ്യവും ഒക്കെ ചേർന്നൊരു രാത്രി.
നാടകത്തിലെ ഏക നടിയും നായികയുമായ അഞ്ജലി ലൈംഗികമായി ആക്രമിക്കപ്പെടുന്നു. മനസ്സു തകർന്ന അവൾ കാമുകനായ വിനയയോട് വിവരം പറയുന്നു.വിനയ് ട്രൂപ്പിലെ മുതിർന്ന നടനായ മദനനോടും.
കുറ്റാരോപിതനായ ഹരി ഒഴിച്ച് എല്ലാവരും ചേർന്ന് വിഷയം ചർച്ച ചെയ്ത് പരിഹാരം തേടുന്നു. സ്ത്രീവിരുദ്ധതയും കൂട്ടായ്മയും ഈഗോയും നിർവികാരതയും എല്ലാം പ്രത്യക്ഷപ്പെടുന്നു. വഴക്കിലും വാഗ്വാദത്തിലും മുഴുകുന്നവർക്കിടയിലേക്ക് ആകസ്മികമായി ഒരു സൗഭാഗ്യത്തിൻ്റ സൈറൺ മുഴങ്ങുന്നു.എല്ലാം കീഴ്മേൽ മറിയുന്നു.
വരാനിരിക്കുന്ന സൗഭാഗ്യങ്ങളും അതൊരുക്കി തരുന്നവനും കൂട്ടാളികളും ചർച്ചയുടെ വഴി തിരിച്ചു.അഞ്ജലിക്ക് എല്ലാം തോന്നിയതാവും എന്നിടത്തെത്തി കാര്യങ്ങൾ.
" ടാക് വെൽ ഹാലൂസിനേഷൻ " എന്നൊരാൾ.
"നീയും മദ്യപിച്ചിരുന്നു വല്ലോ?" എന്ന് മറ്റൊരാൾ.
"നിൻ്റെ വസ്ത്രം ശരിയല്ലല്ലോ? "
"വേണ്ടത്ര തെളിവുകൾ ഇല്ലല്ലോ?"
കേരളത്തിലെ ഒരു ലൈംഗിക പീഡന കേസിലെ പെൺകുട്ടിയോട് ചോദിച്ചതു പോലെ:
"നിനക്കോടി രക്ഷപ്പെടാൻ വയ്യായിരുന്നോ?"
വർത്തമാനകാല ചരിത്രങ്ങളോട് ചേർന്നു നിൽക്കുന്നു ആട്ടം.
സിനിമയ്ക്കിടയിൽ പല സമയത്തും സമ്മർദ്ദമേറി. പന്ത്രണ്ടു പേരിൽ ഒരാളായി നാമും മാറുകയാണ്.
തന്നെ കൊത്തി നുറുക്കിയവരെയൊക്കെ കഥാപാത്രങ്ങളാക്കി അഞ്ജലി ഒരു നാടകം സംവിധാനം ചെയ്യുന്നിടത്തേക്ക് ഈ സിനിമയെ എത്തിച്ചതാണ് സംവിധായകൻ ശ്രീ.ആനന്ദ് ഏകർഷിയെ വ്യത്യസ്തനാക്കുന്നത്.
ഒരു പോസിറ്റീവെന്നോ സ്ത്രീപക്ഷ സിനിമയെന്നോ ആട്ടത്തെ അടയാളപ്പെടുത്താം.
കെ.ജി.ജോർജിൻ്റെ യവനികയ്ക്ക് ശേഷം നാടകം ഉപയോഗിച്ച മലയാളത്തിലെ ശ്രദ്ധേയ സിനിമയാണ് ആട്ടം.
ചിത്രത്തിലെ മഴ മൂഡ് ക്രിയേറ്റ് ചെയ്യാൻ നന്നായി സഹായിച്ചു.
അനിരുദ്ധ് അനീഷിൻ്റെ ക്യാമറ സിനിമയെ കൂടുതൽ സ്വാഭാവികമാക്കി.
ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ എല്ലാം മികവുള്ളതാക്കാൻ പരിശ്രമിക്കുന്ന വിനയ് ഫോർട്ട് ആട്ടത്തിൽ ഗംഭീരമായി.
കലാഭവൻ ഷാജോണിന് പകരം പോസിറ്റീവായ ഒരു നടനായിരുന്നുവെങ്കിൽ ചിത്രത്തിൻ്റെ
ഊർജ്ജ പ്രസരണവും തിയ്യേറ്റർ ഗ്രാഫും ഉയർന്നേനെ.
അഞ്ജലിയായ സറിൻ ഷിഹാബ് പെർഫെക്ടായിരുന്നു.
പല തവണ മിനുക്കിയെടുത്ത ഡയലോഗുകളും നീണ്ട സീനുകളും കഥപറച്ചിലിൻ്റെ പുതുമയും ശ്രദ്ധേയമാണ്. ആനന്ദ് ഏകർഷി തന്നെയാണ് തിരക്കഥ ഒരുക്കിയത്.
ബേസിൽ സി.ജെ.യുടെ മിതമായ പശ്ചാത്തല സംഗീതം ചിത്രത്തെ സുന്ദരമാക്കി.മഹേഷ് ഭുവനേന്ദിൻ്റെ എഡിറ്റിംഗ് രീതി ഈ ചിത്രത്തിൻ്റെ ഉള്ളറിവുകളെ പ്രേക്ഷകനിലെത്തിക്കുവാൻ ഏറെ സഹായിക്കുന്നുണ്ട്.
സംവിധായകനായ ആനന്ദ് ഏകർഷിയുൾപ്പെടെ നടൻമാരിൽ ഭൂരിപക്ഷവും ലോകധർമ്മി എന്ന നാടക ഗ്രൂപ്പിലെ പ്രവർത്തകരാണ്. അതിൻ്റെ തെളിച്ചം സിനിമയിലുണ്ട്.
ബ്രിട്ടീഷ് ദമ്പതികൾ, പുരാണനാടകം, ലൈംഗികാക്രമണം,
12 പേർ, ഒരേയൊരു നായിക, കുറ്റവാളിയുടെ ഐഡൻ്റിറ്റിയുടെ ദുരൂഹത, സൗഭാഗ്യങ്ങളുടെ വരവും ബ്രെയ്ൻ വാഷിംഗും....
ഇതൊരു രാഷ്ട്രീയ ചിത്രമാണോ?
ശരിക്കും ആരാണീ അഞ്ജലീ മേനോൻ?
"സ്ക്രീനിൽ ത്രില്ലിംഗ് സീൻ കാണിക്കുന്നതല്ല ത്രില്ലർ.
പ്രേക്ഷകൻ്റെ തലയ്ക്കകത്ത് ത്രിൽ സൃഷ്ടിക്കുന്നതാണ് ത്രില്ലർ."
ഏബ്രഹാം കുര്യൻ,
Living leaf views paper.
(ചിത്രങ്ങൾക്ക് കടപ്പാട്.)