ജനാധിപത്യത്തിന്റെ ഭാവി വോട്ടര്‍മാരില്‍ : ഓരോ വോട്ടും വിലപ്പെട്ടത്
കേരളം, അസം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നാളെ നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് . തമിഴ്‌നാട്ടിൽ 23നും ബംഗാളിൽ രണ്ടുഘട്ടമായി 23, 29 തീയതികളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. വരുന്ന അഞ്ചുവർഷത്തേക്കുള്ള സംസ്ഥാന സർക്കാരുകളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത് . രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും സ്വാധീനം ചെലുത്തുന്നതായിരിക്കും ഈ ജനവിധി.
ജനാധിപത്യ പ്രക്രിയയിലെ പങ്കാളികളാണ് വോട്ടവകാശമുള്ള ഓരോ പൗരനും. സമ്മതിദാനാവകാശം ഭരണഘടന പൗരന് നല്‍കുന്ന വെറുമൊരു ആനുകൂല്യമല്ല, തീർച്ചയായും നിര്‍വഹിക്കേണ്ട കടമയും കൂടിയാണ്. ജനാധിപത്യപരമായ അവകാശങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമേ അവയ്ക്ക് അര്‍ഥമുണ്ടാകൂ.
ഇലക്ഷൻ പരസ്യപ്രചരണം അവസാനിച്ച ശേഷമുള്ള ദിവസങ്ങളിൽ നാടാകെ പെട്ടന്ന് നിശ്ശബ്ദമായത് പോലെ തോന്നും. പക്ഷേ ആ നിശബ്ദതയ്ക്കുള്ളിലും രാഷ്ട്രീയ കേരളം വളരെ സജീവമാണ്. കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയബോധമുള്ളവരാണ്. രാഷ്ട്രീയ വിശകലനം നടത്തി തന്നെ തീരുമാനമെടുക്കുന്ന നല്ലൊരു വിഭാഗം വോട്ടർമാരുണ്ടിവിടെ . വികസനം, ഭരണപരിചയം, പ്രാദേശിക പ്രശ്നങ്ങൾ ഒക്കെയും വിലയിരുത്തപ്പെടുന്നു.
ആരും തുറന്ന് പറയുന്നില്ലെങ്കിലും, എല്ലാവരുടെയും ഉള്ളിൽ ഒരു കണക്കെടുപ്പും കൂട്ടിക്കിഴിക്കലും നടക്കുന്നു “ആരാണ് ജയിക്കുക?” ആരെയാണ് നാം തിരഞ്ഞെടുക്കുന്നത്?” എന്നൊക്കെ.
17-ാമത് സർക്കാരിനെ തെരഞ്ഞെടുക്കാൻ നമുക്കൊന്നായിറങ്ങാം.ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിലും എന്തു സംഭവിക്കാനാണ് എന്ന മനോഭാവം നല്ലതല്ല . വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാത്തവരും കള്ളവോട്ട് ചെയ്യുന്നവരെപ്പോലെ ജനാധിപത്യ അട്ടിമറിയിൽ പങ്കാളികളാകുകയാണ്. നമ്മൾ ഒരാൾ വോട്ട് ചെയ്യാത്തതിന്റെ പേരിൽ അർഹരായവർ തോൽക്കുകയോ അനർഹർ ജയിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാവാതിരിക്കട്ടെ.
ജനാധിപത്യത്തിന്‍റെ ഈ പോരാട്ടത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും അതിശക്തമായ മത്സരമാണു നടക്കുന്നത്. മൂന്നു മുന്നണികളും തികഞ്ഞ ആത്മ വിശ്വാസത്തിലാണ് . മൊത്തം 890 സ്ഥാനാർഥികളാണ് നിയമസഭയിലെത്താനുള്ള മത്സരത്തിലുള്ളത്. ഇവരുടെ വിധി നിർണയിക്കുന്നത് 2.72 കോടിയോളം വോട്ടർമാരാണ്. ഇതിൽ 4.66 ലക്ഷം പേർ കന്നിവോട്ടർമാരാണ് .
മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ജനാധിപത്യ പ്രക്രിയയിൽ നമ്മുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശത്തെയും മാനിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ തിരഞ്ഞെടുപ്പ് കൃത്യമായ ജനാധിപത്യ ബോധത്തോടെയാവട്ടെ. വെറും പ്രചാരണ കോലാഹലങ്ങളല്ല ,നാടിൻറെ നന്മയ്ക്ക് വേണ്ടിയുള്ള ചിന്തകൾ തന്നെ നമ്മുടെ വോട്ടിനെ സ്വാധീനിക്കട്ടെ.