പ്രവാസികൾക്ക് ആശ്വാസം; വിസ കാലാവധി നീട്ടി നൽകി സൗദി
മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ മൂലം മടക്കയാത്ര തടസ്സപ്പെട്ട വിദേശികൾക്കായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം പുതിയ വിസ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതൽ വിസ കാലാവധി അവസാനിച്ച വിസിറ്റ്, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ കൈവശമുള്ളവർക്ക് ഏപ്രിൽ 18 വരെ കാലാവധി നീട്ടി നൽകും.
വിസ ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി നിശ്ചിത ഫീസടച്ച് കാലാവധി നീട്ടാവുന്നതാണ്. ഭരണകൂടത്തിന്റെ ഈ സവിശേഷ നീക്കം യാത്രാപ്രശ്നങ്ങൾ നേരിടുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
വിസ കാലാവധി കഴിഞ്ഞവർക്ക് അധിക ഫീസോ പിഴയോ അടയ്ക്കാതെ തന്നെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നവർ 2026 ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.