കണ്‍ നിറയെ 'കണി വെള്ളരി'; വിഷു വിപണിയിൽ വിൽപ്പന തകൃതി

Apr 14, 2026 - 20:25
 0  4
കണ്‍ നിറയെ 'കണി വെള്ളരി'; വിഷു വിപണിയിൽ  വിൽപ്പന തകൃതി

വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ കണ്ണിന് മുന്നിൽ തെളിയുന്ന സ്വർണപ്രഭ, അതാണ് കണി വെള്ളരിയുടെ പ്രത്യേകത. വിഷുക്കണി ഒരുക്കങ്ങളിൽ പ്രധാന ആകർഷണമാണ് കണി വെള്ളരി. സ്വർണ തിളക്കത്തിൽ കണ്ണിന് കുളിർമയേകുന്ന ഈ വെള്ളരിക്ക് വിപണിയിൽ നല്ല തിരക്കാണ്. വില കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ വയനാട്ടിൽ കണി വെള്ളരിയുടെ വ്യാപാരം തകൃതിയാണ്.

വിഷു പുലരികളെ മനോഹരമാക്കുന്ന സ്വർണ തളികയിലെ കണി വെള്ളരി ഒരുപാട് ഓർമകൾ  സമ്മാനിക്കുന്നു. കണി ഉരുളിയിൽ പ്രകൃതിയുടെ സമൃദ്ധി നിറയ്ക്കുന്ന ഈ വെള്ളരി, കണിക്കൊന്നയ്‌ക്ക് ഒപ്പം വിഷു ഓർമകളുടെ ഭാഗമാകുന്നു. വിഷു വിപണി ലക്ഷ്യമിട്ട് ഏകദേശം 45 ദിവസം മുൻപ് തന്നെ കർഷകർ കൃഷി ആരംഭിക്കും.

കണിയുരുളിയിൽ ഒതുങ്ങുന്ന ചെറുതും മിനുസമുള്ളതുമായ വെള്ളരിക്കൾക്കാണ് കൂടുതൽ ആവശ്യക്കാർ. കടകൾക്ക് പുറമെ ചെറു വാഹനങ്ങളിലായി വീടുകളിലേക്ക് എത്തിച്ചും കണി വെള്ളരിയുടെ വിൽപ്പന സജീവമാണ്.