സമാധാന കരാറിന് സാധ്യത; ഇറാനെതിരെ നിശ്ചയിച്ചിരുന്ന ആക്രമണം ട്രംപ് റദ്ദാക്കി
വാഷിങ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന ആക്രമണം താൻ താൽക്കാലികമായി നിർത്തിവച്ചതായും, ഇറാന്റെ ആണവപദ്ധതി പരിമിതപ്പെടുത്തുന്ന ഒരു കരാറിലെത്താൻ ഇപ്പോൾ സാധ്യത ഉണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ആക്രമണവുമായി മുന്നോട്ട് പോകരുതെന്ന് താൻ സൈന്യത്തിന് നിർദേശം നൽകിയതായി ട്രംപ് വ്യക്തമാക്കി.
യുഎസിന് പൂർണമായും സ്വീകാര്യമായതും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുന്നതുമായ ഒരു കരാറിലെത്താനുള്ള സാധ്യത മുൻനിർത്തി ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ നേതാക്കൾ വാഷിങ്ടണെ സമീപിച്ചതായി യുഎസ് പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ അവകാശപ്പെട്ടു.
നാളെ ഇറാനെതിരെ നിശ്ചയിച്ചിരുന്ന ആക്രമണം ഞങ്ങൾ നടത്തില്ല. എന്നാൽ സ്വീകാര്യമായ ഒരു കരാറിലെത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ വളരെ പെട്ടെന്നുതന്നെ... ഒരു പൂർണമായ, വൻതോതിലുള്ള ആക്രമണത്തിന് സൈന്യം സന്നദ്ധരായിരിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. "ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുന്ന തരത്തിലുള്ള ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ബോംബിട്ട് തകർക്കാതെ തന്നെ നമുക്കത് സാധ്യമാക്കാൻ കഴിഞ്ഞാൽ ഞാൻ അതീവ സന്തുഷ്ടനായിരിക്കും,' അദ്ദേഹം വ്യക്തമാക്കി.