പ്രാണനിൽ കൂടുകൂട്ടുന്ന കഥാകാരി: ബുക് റിവ്യൂ, മിനി സുരേഷ്

പ്രാണനിൽ കൂടുകൂട്ടുന്ന  കഥാകാരി: ബുക്  റിവ്യൂ, മിനി സുരേഷ്

 

             ജോജിത വിനീഷിൻറെ ആദ്യ കഥാ സമാഹാരമായ 'ദേജാവു' തീർത്ത അത്ഭുത ലോകത്തു വച്ചാണ് ഞാൻ ജോയുടെ ആരാധിക ആയത്. എഴുത്തു വഴിയിൽ കണ്ടുകിട്ടിയ അമൂല്യമായ സൗഹൃദം. രണ്ടാമത്തെ കഥാസമാഹാരമായ 'പ്രാണദ്യുതം' സമ്മാനിക്കുന്ന വിസ്മയക്കാഴ്ചകളിലൂടെ

വീണ്ടും ഈ കുഞ്ഞനുജത്തി എൻറെ പ്രാണനിൽ കൂടു കെട്ടിയിരിക്കുകയാണ്.

    ജീവിതപ്രയാണത്തിനിടയിൽ പലരും ശ്രദ്ധിക്കാതെ കടന്നു പോകുന്ന അനുഭവങ്ങളുടെ പൊയ്മുഖക്കാഴ്ചകളെ  ധൈര്യപൂർവ്വം വായനക്കാരൻറെ ഹൃദയത്തിലേക്ക് നേർകാഴ്ചകളാക്കി കുട്ടിക്കൊണ്ടു

വരുന്ന കഥാകാരിയാണ് ജോ. പെണ്ണെഴുത്തിൻറെ സീമകൾക്കിപ്പുറം നിൽക്കാതെ ജീവിതകാമനകളുടെ,യഥാർത്ഥ  ലോകത്തിൻറെ ചലനങ്ങളിലേക്ക്  കാലത്തിനൊപ്പം നടന്നു നീങ്ങുകയാണ്   പ്രാണദ്യുതത്തിലെ 14 കഥകളിലൂടെ ഈ യുവ എഴുത്തുകാരി.

 മനോഹരമായ പുറംചട്ടക്കിപ്പുറം കാത്തു നിൽക്കുന്നു ശ്രീ.സക്കറിയയുടെയും,

ഡോ.പള്ളിപ്പുറം മുരളിയുടെയും അതിമനോഹരവും പ്രൗഡഗംഭീരവുമായ അവതാരികകൾ.

 വ്യത്യസ്തമായ വായനാനുഭവങ്ങളാണ് ഓരോ കഥയും പകർന്നു നൽകുന്നത്.

  മഹാമാരിയുടെ ഭീതിജനകമായ വ്യാപനത്തിൽ അറ്റുപോകുന്ന ബന്ധങ്ങളുടെ വേദനാത്മകമായ നിലവിളികളുടെ അറിയപ്പെടാത്ത മേഖലകളിലേക്ക്  കൂട്ടിക്കൊണ്ടു പോകുകയാണ് അമേയമാരുടെ കഥയിലെങ്കിൽ അഘോരികളുടെയും ,ആഭിചാരത്തിൻറെയും മായാലോകത്തേക്ക് വാക്കുകളുടെ മന്ത്രധ്വനിയിലൂടെ കഥാകാരി നമ്മെ  രചനാതന്ത്രത്തിലൂടെ ലയിപ്പിക്കുന്നു.

 മലയാളത്തിലെ പ്രധാനപ്പെട്ട വാരികകളിലും.പത്രത്താളുകളിലും ഇടം നേടിയിട്ടുള്ളവയാണ് അധികം കഥകളും.

 വാർത്താപ്രാധാന്യം നേടിയിട്ടുള്ള പല സംഭവങ്ങളുടെയും ആഴങ്ങളിലേക്ക് മന:ശാസ്ത്രപരമായ സമീപനം നടത്തി അവയുടെ മുറിപ്പാടുകളിലൂടെ  ഒലിച്ചിറങ്ങിയ സങ്കടച്ചീളുകളെ തൻറെ ശക്തമായ തൂലികത്തുമ്പാൽ വാക്കുകളിലൂടെ വരച്ചു കാണിക്കുവാനുള്ള ജോയുടെ കഴിവ് പ്രശംസനീയം തന്നെയാണ്.

ഞണ്ടുകൾ പറഞ്ഞകഥ, തളപ്പ്,വെള്ളാട്ടം, ആമത്തല, വധശിക്ഷ.ഒയോ, പ്രാണദ്യുതം ,ഭാഗ്യദേവത ഇവയൊക്കെ അപൂർവ്വവും ,അനുപമവുമായ ആധുനിക ബിംബങ്ങളുടെ സാന്നിധ്യം കൊണ്ട് ആകർഷകമാണ്.

 അനാചാരങ്ങളുടെ വിറയാർന്നചിത്രം വാക്കുകളിൽ ചാലിച്ചു ചേർത്ത ഏറെ പ്രിയപ്പെട്ടതായി തോന്നിയ,നെഞ്ചിനെ നീറ്റിയ 'ഉയിർപ്പേച്ച് ' ഒരു ദൃശ്യത്തിലെന്ന പോലെ മിഴികളിലും, മനസ്സിലും ചേർത്ത് പ്രാണദ്യുതം പ്രാണനോട് ചേർത്തു വയ്ക്കുമ്പോൾ പറയാതിരിക്കുവനാകുന്നില്ല 'ജോജിത നാളെയുടെ മുഖ്യധാരാ എഴുത്തുകാരിയായി മാറുമെന്ന സത്യം.

 

മിനി സുരേഷ്