ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ചൂടു ചായയും ലസിയുമൊക്കെയായി എത്തിയിരുന്ന 10 വയസ്സുകാരനെ ചേർത്തുപിടിച്ച് ഇന്ത്യൻ സൈന്യം. സൈനികർക്കു വെള്ളം, ചായ, പാൽ, ലസി, ഐസ് തുടങ്ങിയവയെത്തിച്ച ശ്രാവൺ സിങ്ങിന്റെ പഠനച്ചെലവ് കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷൻ വഹിക്കും.
ശ്രാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ പഞ്ചാബിലെ താരാ വാലി ഗ്രാമത്തിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ശ്രാവൺ സഹായവുമായി എത്തിയത്. പാക്ക് സേനയുമായി വെടിവയ്പ് നടക്കുമ്പോഴും ഇന്ത്യൻ സൈനികർക്കുള്ള പാനീയങ്ങളും ലഘുഭക്ഷണങ്ങളുമൊക്കെയായി ശ്രാവൺ അരികിലെത്തിയിരുന്നത് സൈനികരുടെ ഹൃദയം കവർന്നിരുന്നു.
പാക് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രാവൺ. ഫിറോസ്പുർ ജില്ലയിലെ മംദോട്ട് മേഖലയിലാണ് ശ്രാവന്റെ ഗ്രാമം.
ഫിറോസ്പുർ കന്റോൺമെന്റിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ വെസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലഫ്. ജനറൽ മനോജ് കുമാർ കത്തിയാർ ശ്രാവനെ ആദരിച്ചു. "ശ്രാവണിൽ, ധൈര്യം മാത്രമല്ല, ശ്രദ്ധേയമായ കഴിവുകളും നമ്മൾ കാണുന്നു. സൈന്യം ഓരോ ഘട്ടത്തിലും അവനോടൊപ്പം നിൽക്കുന്നു," ശ്രാവണിനെ അഭിനന്ദിക്കവേ അദ്ദേഹം പറഞ്ഞു.