'ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി ചേർന്ന് വൻ വോട്ട് കൃത്രിമം'; തെരഞ്ഞെടുപ്പ് കമ്മിഷൻ ജനാധിപത്യം അട്ടിമറിച്ചെന്ന് രാഹുൽ ഗാന്ധി

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ തട്ടിപ്പു നടത്തിയെന്നും വോട്ട് മോഷണം നടന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.
കർണാടക വോട്ടർ പട്ടിക കാണിച്ച് വ്യാജ വോട്ടർമാരെ ചേർക്കാൻ ശ്രമിച്ചുവെന്ന് പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി വാർത്താ സമ്മേളനത്തിൽ ആരോപിച്ച രാഹുൽ ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിൽ വോട്ടു മോഷണം നടന്നത് അഞ്ച് വ്യത്യസ്ത വഴികളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുമെന്ന് പറഞ്ഞു.
ബെംഗളൂരു സെന്‍ട്രലിലെ മഹദേവപുര നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും അദ്ദേഹം പുറത്തുവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 32,707 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി ബെംഗളൂരു സെൻട്രൽ സീറ്റ് നേടിയിരുന്നു. ഇവിടെ 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
11,965 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. ഗുർകിരത് സിങ് ഡാങ് എന്ന വ്യക്തിയുടെ ഫോട്ടോയുള്ള വോട്ടർ പട്ടികകൾ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ച അദ്ദേഹം, മണ്ഡലത്തിലെ നാലു വ്യത്യസ്ത പോളിംഗ് ബൂത്തുകളിലെ വോട്ടർ പട്ടികയിൽ ഇതേ പേരുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വിലാസമില്ലാത്തതും അസാധുവായ വിലാസമുള്ളതുമായ ആയിരക്കണക്കിന് വോട്ടർമാരാണ് ഉള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ഇവ മൂന്നു തരത്തിലാണ്. നിലവിലില്ലാത്ത വിലാസം, വീട്ടു നമ്പർ പൂജ്യമായവ, വിലാസം പരിശോധിക്കാൻ കഴിയാത്തവ. പിതാവിന്റെ പേര് അടക്കമുള്ള കോളങ്ങളിൽ വ്യാജ വിവരങ്ങളാണ് നൽകിയിരിക്കുന്നത്," രാഹുൽ പറഞ്ഞു. വ്യാജ വിലാസത്തിൽ 40,009 വോട്ടർമാർ ഉള്ളതായി കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ട്. 68 വോട്ടർമാരുള്ള ഒരു ബ്രൂവറിയുടെ ഫോട്ടോയും രാഹുൽ ഗാന്ധി പുറത്തുവിട്ടു. 'അതൊരു വാണിജ്യ സ്ഥാപനമാണെന്നും അവിടെ താമസക്കാരായി ആരുമില്ലെന്നും,' രാഹുൽ ഗാന്ധി പറഞ്ഞു.