മെസി കൊച്ചിയിൽ എത്തും

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മെസി കേരളത്തിൽ എത്തും. കൊച്ചിയിലാണ് മെസി എത്തുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെയാണ് സൗഹൃദമത്സരത്തിനായി ആദ്യം കണ്ടു വച്ചിരുന്നത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മെസി വരുന്ന കാര്യത്തിൽ സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തുമെന്നും കെ ചന്ദ്രൻ പിള്ള അറിയിച്ചു. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.
ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. നേരത്തെ മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്