Mary Alex ( മണിയ)
ഷാർപ്പ് ആറിന് തന്നെ വണ്ടിയെത്തി. ഞങ്ങൾ രണ്ടുപേരും യാത്രയ്ക്കുള്ള സാധനങ്ങളും മരുന്നുകളും ഒരു പെട്ടിയിൽ കരുതി ഗേറ്റും തുറന്നിട്ട് റെഡിയായിരിക്കയായിരുന്നു.കാർ മുറ്റത്തു നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആൾ കാത്തു നിന്നിരുന്ന ഭർത്താവിന്റെ കയ്യിൽ നിന്നും പെട്ടി വാങ്ങി ഡിക്കിയിൽ വച്ചു. വീടു പൂട്ടി ഞാനും പിന്നാലെ യെത്തി. ഡ്രൈവറെ അയക്കും എന്നാണ് പറഞ്ഞിരുന്നത്.ഞാൻ അങ്ങനെ തന്നെയാണ് കരുതിയതും.ഓടി വന്ന് കയ്യിൽ നിന്നും ബാഗ് വാങ്ങി ഡോർ തുറന്നു പിടിച്ച് എന്നെ അകത്തേക്കിരുത്തി ബാഗ് കയ്യിൽ തന്നപ്പോഴാണ് മുഖത്തേക്ക് നോക്കിയത്. ജേക്കബ് സാറിന്റെ മൂത്ത പുത്രൻ ബിജു ആയിരുന്നു അത്.എത്ര സിംപിൾ ആയാണ് പെരുമാറ്റം. ഒരു മകൻ മാതാപിതാക്കളോടെ ന്നപോലെതന്നെ.തലേന്നെ അറിഞ്ഞിരുന്നു മോന്റെ കുടുംബവും ഒപ്പമുണ്ട് അതാണ് പിറ്റേന്ന് തന്നെ തിരികെ പോരുന്നത്. കാരണം അതിന്റ പിറ്റേന്ന് അവർക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് തിരികെ പോകണം. ബിജു ദുബായിലും ഭാര്യ അക്സീന മക്കളായ ഐറിന്റെയും ഇമയുയുടേയും ജോലിയും പഠനവും സ്വന്തം ജോലിയും പ്രമാണിച്ച് ബാംഗ്ലൂരുമാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
കോതനെല്ലൂർ എത്തിയപ്പോൾ വീണ്ടും അത്ഭുതം .സാറിന്റെ മകൾ ബിന്ദുവും വരുന്നുണ്ടത്രെ.
ആൾക്ക് പിറ്റേന്ന് ഒൻപതു മണിക്ക് കാനഡായ്ക്കു തിരിച്ചു പറക്കേണ്ടതാണ്. അതിനാൽ തന്നെ ആൾ ഒരു ടാക്സിയിലാണ്
എത്തിയിരിക്കുന്നത്. അന്നു തന്നെ തിരികെ പോരാൻ
മാറ്റാരാണെങ്കിലും ഈ യാത്ര ഒഴിവാക്കുകയെ ഉള്ളു. സുഹോദരങ്ങളോടും പപ്പായോടും കൂടെ യാത്ര ചെയ്യാനും അകലെയുള്ള ബന്ധു വീട് സന്ദർശിക്കാനും പുതിയ ഒരു സ്ഥലം കാണാനുമുള്ള ആവേശം. ആൾ ഒരു സഞ്ചാരപ്രീയയാണെ ന്ന് സഹോദരങ്ങളും സാർ തന്നെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അങ്ങനെ രണ്ടു കാറുകളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഒന്നിൽ ഇളയപുത്രൻ ബിനു ഓടിക്കുന്നു ഒപ്പം അച്ചാച്ചൻ എന്നു മക്കൾ വിളിക്കുന്ന സാറും. പുറകിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളോടൊപ്പം സാറിന്റെ വീട്ടിലെ ഓൾ ഇൻ ഓൾ ആയ രമ്യ എന്ന നെടുങ്കണ്ടംകാരിയും. അടുത്തതിൽ ഡ്രൈവറും ബിജുവും ഫ്രണ്ടിലും പിൻ സീറ്റിൽ ബിന്ദുവും അക്സീനയും രണ്ടു പെൺകുട്ടികളും.രണ്ടു വണ്ടികളിലും പാലക്കാട്ടു ചെല്ലേണ്ട ഡെസ്റ്റിനേഷൻ ചോദിച്ചറിഞ്ഞു ഗൂഗിൾ മാപ്പ് സെറ്റ് ചെയ്താണ് പുറപ്പെട്ടത്. കാലത്തിന്റെ മാറ്റങ്ങളോടൊപ്പം ശാസ്ത്രത്തിന്റ പുരോഗതിയും.
തുടക്കം മുതൽ മുൻ സീറ്റിലി രുന്നവർ മൗനം പാലിച്ചിരുന്നു. വണ്ടി ഓടിക്കുന്ന ആൾ അതിൽ ശ്രദ്ധിച്ച്,ഒപ്പം ഇരിക്കുന്ന ആളിന്റെ മനസ്സിൽ ഒന്നു മാത്രം. അതു ഇടയ്ക്കിടക്ക് പുറത്തേക്കു വന്നു കൊണ്ടും ഇരുന്നു.
'ഇറങ്ങി പുറപ്പെടേണ്ടായിരുന്നു ഈ വയസ്സു കാലത്ത്,വടിയും കുത്തിപ്പിടിച്ച്,എല്ലാർക്കും ശല്യമാകാൻ,പിള്ളേരുടെ ഓരോ ഭ്രാന്ത്,അവൾക്കാണെങ്കിൽ നാളെ പോകേണ്ടതല്ലേ? എന്നിട്ടും അവൾക്കാ നിർബന്ധം.'
ഇടയ്ക്ക് ഭാര്യയിലേക്കും ആ ചിന്ത പാളി.'മോളി ഒരുപാടാ ഗ്രഹിച്ചിരുന്നു ഈ യാത്ര പാവം!'
രംഗം വഷളാകാതിരിക്കാൻ മകൻ തല അല്പം തിരിച്ചു തുടക്കമിട്ടു.' അങ്കിളെന്താ മിണ്ടാതിരിക്കുന്നെ നിങ്ങടെ പഴയ കാര്യം വല്ലതുമൊക്കെ പറയു' ഒരനുവാദത്തിനായി കാത്തിരുന്ന പോലെയായിരുന്നു അങ്കിൾ.
നാലു പേരു കൂടുന്ന ഇടങ്ങളിൽ എന്തെങ്കിലുമൊക്കെ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ച് മണ്ണു കപ്പിക്കുന്ന ആളാണ്.എവിടെയും സംസാരിച്ചു ജയിക്കാനും, ഒപ്പമുള്ള ആൾക്കാരെ തമാശ പറഞ്ഞു രസിപ്പിക്കാനും നല്ല ഒരു കഴിവുണ്ടായിരുന്നു ആൾക്ക്. മുൻസീറ്റിൽ ഇരിക്കുന്ന ആൾ കുലുങ്ങി ചിരിക്കുന്നതും മകൻ പൊട്ടിപ്പൊട്ടി ചിരിച്ച് തലയ്ക്കടിക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.
ചില തമാശകൾ അതിരു വിടുമ്പോൾ എന്റെ കൈ ഒരു സിഗ്നൽ കൊടുക്കും. കാരണം എന്റെ അടുത്തിരിക്കുന്നത് അത്ര പരിചയമായിട്ടില്ലാത്ത ഒരു പെൺകുട്ടിയാണ്. രണ്ടു കുട്ടികളുടെ അമ്മയാണെങ്കിലും ചുരിദാറിൽ ആൾ ഒരു പെൺകുട്ടിയായെ തോന്നിക്കു.
റൂട്ട് മാപ്പ് അനുസരിച്ചുള്ള പോക്ക്.എട്ടു മണിയായപ്പോൾ ഞാൻ പറഞ്ഞു. ഞങ്ങൾക്ക് ഭക്ഷണത്തിനു അര മണിക്കൂർ മുൻപ് ഒരു മരുന്നുണ്ട്. ഹോട്ടൽ അടുക്കുമ്പോൾ ഒന്നു പറയണേ. അതനുസരിച്ചു കഴിക്കാമല്ലോ. മറ്റേ വണ്ടിയിലെ ഡ്രൈവർക്ക് സ്ഥിരപരിചയമുള്ള വഴി.രണ്ടു വണ്ടിക്കാരും കൂടിയാലോചിച്ചു. ഞങ്ങൾ മരുന്നും കഴിച്ച് തമാശ പറഞ്ഞു ചിരിച്ചു രസിച്ച് ഹോട്ടലിന്റ മുന്നിൽ എത്തിയതറിഞ്ഞില്ല.
തൃപ്പൂണിത്തുറയ്ക്കടുത്ത് ഒരു ബ്രാഹ്മിൻ ഹോട്ടലായിരുന്നു അത്. നല്ല വൃത്തിയുള്ള അന്തരീക്ഷം. ആ സമയം വലിയ തിരക്കു തുടങ്ങിയിരുന്നില്ല.എല്ലാവരും വാഷ് റൂമിൽ കയറി ടോയ്ലറ്റിൽ പോകേണ്ടവർ പോയിവന്ന് കയ്യും മുഖവുമൊക്കെ കഴുകി രണ്ടു
മൂന്നു മേശകൾക്കരികിലായി ഇരിപ്പിടത്തിൽ സ്ഥാനമുറപ്പിച്ചു. ഓരോരുത്തരും അവനവനിഷ്ട മുള്ളത് ഓർഡർ ചെയ്യുക അതാ യിരുന്നു തീരുമാനം. അതാണ് ഉചിതവും. വിഭവങ്ങൾ നിരന്നു അവരവരുടെ പ്ലേറ്റിൽ മിഴികളൂന്നി തല കുമ്പിട്ട് ഇരിപ്പായി ഓരോരുത്തരും.ഒരാൾ മാത്രം കയ്യിൽ താലം പോലെ പ്ലേറ്റുമെടുത്ത് ഓരോ മേശയ്‌ക്കരിക്കിലും വന്ന് നിന്നും ഒഴിഞ്ഞ സീറ്റിൽ ഇരുന്നും എല്ലാവരോടും കുശലം പറഞ്ഞ് കഴിച്ചു കൊണ്ടിരുന്നു.അത് മറ്റാരുമായിരുന്നല്ല സാറിന്റെ മകൾ ബിന്ദു.കാരണം ഏറ്റവും ഒടുവിൽ വന്നതും അടുത്ത വണ്ടിയിലാണ് ആൾ കയറിയതും. എല്ലാവരോടൊത്ത് കുശലം പറഞ്ഞ് കഴിക്കുക എന്നത് ഒരു മര്യാദയും അതിന്റ സുഖം ഒന്നു വേറെയുമാണ്. പ്ലേറ്റുകൾ എല്ലാം കാലിയായപ്പോൾ വെയ്റ്റർ വന്ന് കുടിക്കാനുള്ളതും ഓർഡർ എടുത്തു.ചിലർ കൈ കഴുകാൻ പോയി. അതാതു മേശയിൽ കാപ്പി, ചായ അങ്ങനെ ഓരോരുത്തരുടെയും ഓർഡർ അനുസരിച്ചു മുൻപിലെത്തി.കൈ കഴുകാൻ പോയവർ തിരികെ വന്ന് അവരുടെ ഗ്ലാസ് എടുത്തു. കാപ്പികുടിച്ചവർ കൈ കഴുകാനും.
തിരികെ വന്നു കാറിൽ കയറുമ്പോഴേക്കും ബിൽ പേ ചെയ്ത് മക്കളും എത്തി, വീണ്ടും യാത്രയിലേക്ക്.തമാശകളിലേക്ക്.
കാറിൽ വീണ്ടും ചിരിയുടെ മാലപ്പടക്കം. ഞങ്ങളുടെ കാറിലെ തമാശകളും പൊട്ടിച്ചിരിയും കാപ്പി കുടിക്കിടയിൽ ചർച്ചാ വിഷയമായിരുന്നു. അപ്പോഴാണ് ഒരുമിച്ചു യാത്ര ചെയ്യാൻ ഒരു ട്രാവലർ മതിയായിരുന്നു എന്ന ചിന്ത അവരിൽ അങ്കുരിച്ചത്. ഇനിയത്തെ വരവിനു ആകട്ടെ എന്ന തീരുമാനവുമായി.
യാത്രയിൽ ഇടയ്ക്കിടയ്ക്ക് നെന്മാറയിൽ നിന്നും വിളി വന്നുകൊണ്ടിരുന്നു. പുറപ്പെട്ടോ, എവിടെ വരെയെത്തി തൃശൂർ ആകുമ്പോൾ വിളിക്കണം വഴി പറഞ്ഞു തരാം ഇങ്ങനെ ജിജ്ഞാസയും കരുതലും മുന്നിട്ടു നിന്ന വാക്കുകൾ.
തൃശൂർ എത്തി രണ്ടു കാറുകളും മുന്നിലും പിന്നിലുമാ യാണ് ഓടിക്കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് വിളിയും ഉണ്ടായിരുന്നു. വഴിതെറ്റി രണ്ടു കൂട്ടരും രണ്ടു ദിശയിലേക്ക് പോകരുതല്ലോ.തൃശൂരിൽ കുതിരാൻ തുരങ്കത്തിലൂടെയാണ് കടന്നു പോകുന്നതെന്ന അറിവ് ജിജ്ഞാസ ജനിപ്പിച്ചു. അല്പനേരത്തേക്ക് തമാശകൾ മറന്ന് എല്ലാവരും ആകാംക്ഷാ ഭരിതരായി വഴിയിൽ കണ്ണു നട്ട് കാത്തിരിപ്പായി.
കയറാൻ പോകുന്ന തുരങ്കത്തെക്കുറിച്ച് അല്പമെങ്കിലും അറിവു വേണമല്ലോ. വണ്ടിയിൽ ഇരിക്കുന്ന ആർക്കും അത്ര പരി ജ്ഞാനമില്ല. ഉണ്ടെങ്കിൽ തന്നെ മുൻസീറ്റിൽ ഇരിക്കുന്ന ആളിനാണ് ആ ആളോട് ചോദിച്ചു മനസ്സിലാക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല. അതിൽ തന്നെയിരുന്നു ഗൂഗിൾ സെർച്ച് ചെയ്തു നോക്കി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കുതിരാൻ മലയെ തുരന്ന് ദേശീയ പാത 544 ൽ നിർമ്മിച്ച് 2017ൽ തുറന്നു കാര്യക്ഷമമാക്കിയ കേരളത്തിലെ ആദ്യ തുരങ്കപാത. 920 മീറ്റർ നീളവും (1 കിലോമീറ്റർ ) 14 മീറ്റർ വീതിയുമുള്ള ഈ തുരങ്കത്തിനു 20 മീറ്റർ അകലത്തിലായി അതേ രീതിയിൽ സാമാന്തരമായി ഒരു തുരങ്കം കൂടി നിർമ്മാണത്തിൽ ഇരിക്കുന്നു. 450 മീറ്റർ അകലമെത്തുമ്പോൾ 14 മീറ്റർ വീതിയിൽ രണ്ടു തുരങ്കങ്ങളെയും
ബന്ധിപ്പിക്കുന്ന വിധത്തിൽ ഒരു പാത നിർമ്മിക്കാനും പദ്ധതിയു ണ്ടത്രെ.
തുടരും