വ്യാപാര യുദ്ധം കടുക്കുന്നു: ബ്രസീലിന് 50%, സിറിയക്ക് 41%, സ്വിറ്റ്സര്‍ലന്‍ഡിന് 39%; ഇന്ത്യക്ക് 25%, ട്രംപിന്റെ ഉത്തരവില്‍ രാജ്യങ്ങള്‍ ആശങ്കയില്‍

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു.
ഓഗസ്റ്റ് 7 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. 10% മുതല്‍ 41% വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യൻ യൂണിയൻ ഉള്‍പ്പെടെ 68 രാജ്യങ്ങളെ ഇത് ബാധിക്കും. ഏറ്റവും ഉയർന്ന തീരുവ സിറിയയ്ക്കാണ് - 41%. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവയും അതിനുമേല്‍ പിഴയും ഏർപ്പെടുത്തി. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
വ്യാപാരചർച്ചകളില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ച് റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-യുഎസ് ചർച്ച അഞ്ചുതവണ കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ഓഗസ്റ്റ് മധ്യത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. ഒക്ടോബറോടെ അന്തിമ കരാറിലെത്താനാകുമെന്ന പ്രതീക്ഷകള്‍ക്കിടെ, ട്രംപ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. മാറിയ സാഹചര്യം വിലയിരുത്തിയശേഷം ചർച്ചകള്‍ തുടരാനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം.