വെള്ളിത്തിരശീല: കവിത, ഡോ. അജയ് നാരായണൻ ലെസോതോ

വെള്ളിനിലാവിരിപ്പു പോലെ
വെള്ളിത്തിരശീലയിളകുമ്പോൾ
ഷീലയും നസീറും
പ്രേമഗാനം പാടി
ഇറങ്ങിവരും
മനസ്സിലേക്ക്
തോരാകുളിരിലേക്ക്.
തറയിലെ മണൽതരികളും
കോരിത്തരിക്കും
കൊട്ടകയാകെ
വികാരതരംഗം പ്രതിധ്വനിക്കും...
കാണികൾ കയ്യടിക്കും
‘മണ്ടിപ്പെണ്ണേ’ന്ന് നസീറിന്റെ
അധരം തേൻതുളുമ്പും.
ഷീലയുടെ കണ്ണുകളിൽ
നക്ഷത്രങ്ങൾ വിടരും
അനുരാഗ ഗാനമുണരും.
ഇന്ദുലേഖയതു കണ്ടു
തീരാത്തമോഹത്തിൽ
ഭൂമിയിലേക്കിറങ്ങിവരും...
തിരശീലയിൽ
ശുഭമെന്നു കാണുമ്പോൾ
നിരാശയോടെ
മരവിച്ച ചന്തിയൊന്നു പൊടിതട്ടി
ആൾക്കൂട്ടത്തിലൊഴുകും
കൊട്ടകയ്ക്കുമപ്പുറം
ഇരുട്ടിലേക്ക് ഞാനും!
ഇന്ദുലേഖയുടെ കൂട്ടുപിടിച്ചു
കിന്നാരം ചൊല്ലിനടക്കും.
വീട്ടിലെത്തുമ്പോൾ
മുത്തച്ഛൻ കഥ കാണാൻ
കാത്തിരിക്കും
നസീറും ഷീലയും
യുഗ്മഗാനം ആവർത്തിക്കും
ഇനി സുനിദ്ര!
ഉറക്കത്തിൽ
ഹൃദയസരസിലെ പ്രണയപുഷ്പത്തെ
സ്വപ്നം കാണും!
കാലം കടന്നുപോയപ്പോൾ
തിരശീലയിൽ നിന്നും
ഷീലയും നസീറും
നിഴലായിമാറി,
ഇന്ദുലേഖ കൂട്ടുവരാതായി
പിന്നെന്നോ
സ്വപ്‌നങ്ങളില്ലാതായി
മുത്തച്ഛൻ കഥ കേൾക്കാതായി
മനസ്സ്
പിടികിട്ടാപ്രഹേളികയായി.
കഥയും കാലവും
മമ്മുട്ടിയേയും ലാലിനെയും
നിഴലാക്കി
മുന്നിൽകൊണ്ടുനിർത്തി.
അപ്പോഴേക്കും
മോഹങ്ങളില്ലാത്ത ഇന്ദുലേഖ
ആകാശപ്പരപ്പിൽ
നീലത്തിരശീലവിരിപ്പിലൂടെ
നിഴലായലഞ്ഞുതുടങ്ങിയിരുന്നു!
ഞാനപ്പോൾ ഭൂമിയിൽ
മൺതരികളോടൊപ്പം
ഏതോ ഗതകാലസ്മരണയിൽ
കഥകളുരുവിടുകയായിരുന്നു!
ഡോ. അജയ് നാരായണൻ