തിരുവനന്തപുരം ചേന്തിയിൽ ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ തുനിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ് വാക്കേറ്റം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ ശക്തന്റേതാണ് നടപടി. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.
സംഭവത്തിൽ അനിലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീകാര്യം പോലീസാണ് കസ്റ്റഡയിലെടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച അനിലിനെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഡിസിസി അംഗമായ ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യാമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിയുടെ പ്രകോപനം മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതി റൗഡി ലിസ്റ്റിൽ ഉള്ള ആളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.