ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ

Aug 7, 2025 - 20:06
 0  2
ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ

തൃശൂർ: സംവിധായകൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശിയായ തൃശൂർ അയ്യന്തോളിൽ താമസിക്കുന്ന അഡ്വ. സംഗീത് ലൂയിസാണ് പൊലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് സംഗീതിനെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സം​ഗീത് ലൂയിസ് ബാലചന്ദ്രമേനോനെ പണമാവശ്യപ്പെട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതിയായ നടി മിനു മുനീറിനെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ബാലചന്ദ്രമേനോനിൽ നിന്നു പണംതട്ടാൻ മിനുവും സംഗീതും ഗ‍ൂഢാലോചന നടത്തിയെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോയെന്ന്​ അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.  ഇരുവരുടെയും ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്​. ഒളിവിൽ കഴിയുകയായിരുന്ന കാപ്പാ കേസ് പ്രിതിയായ സംഗീതിനെ തൃശൂർ അയ്യന്തോളിൽ നിന്നാണ് പൊലീസ് പിടികൂടിയത്​.