വയനാട് ദുരന്തത്തിന് ഒരാണ്ട് ; പുനരധിവാസ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാകട്ടെ

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്നിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. 2024 ജൂലൈ 30ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ 298 പേർക്കാണു ജീവൻ നഷ്ടമായത്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ദുരന്ത രാത്രി അവസാനിക്കും മുൻപേ നാമാവശേഷമാവുകയായിരുന്നു.
രൗദ്രഭാവത്തിൽ ഒഴുകിയെത്തിയ മഴവെള്ളത്തിനൊപ്പം കടപുഴകിയ മരങ്ങൾക്കും പാറക്കല്ലുകൾക്കും ഒപ്പം പുഴയിലൂടെ ഒലിച്ചുപോയ മനുഷ്യശരീരങ്ങളെത്ര. മൃതദേഹങ്ങൾക്കായി നടത്തിയ തെരച്ചിലിന്‍റെ ദൃശ്യങ്ങളും ഉറ്റവർ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളും തേങ്ങലുകളും ഇന്നും മലയാളികളെ വേട്ടയാടുന്നു. ദുരന്തത്തിൽ ഇല്ലാതായ ചിലരുടെ ശരീരഭാഗങ്ങൾ മാത്രമാണ് കിട്ടിയത്. സ്വപ്‌നങ്ങൾക്കൊപ്പം ജീവിക്കുമ്പോൾ ആർത്തലച്ചു വന്ന ഉരുളിനെ നേരിടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയ പ്രിയപ്പെട്ടവരെ ഓർത്ത് കണ്ണ് നിറച്ചാണ് ഇന്നും അവരുടെ ദിനങ്ങൾ കടന്നുപോകുന്നത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ ദുരന്തഭൂമിയായി മാറിയ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളൊക്കെയും ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പ്രദേശങ്ങളായിരുന്നു.
ദുരന്തരാത്രി(ജൂലൈ 29-ന്)യിൽ 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശങ്ങളിൽ പെയ്തത്. രാത്രി 11.45 ഓടെ പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിലേക്ക് ഉരുൾ ഒഴുകിയെത്തി.
രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഹുങ്കാര ശബ്ദം മുഴക്കി ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോമീറ്ററിൽ 8600 ചതുരശ്ര മീറ്റർ വിസ്തൃതിയിലെ ദുരന്തഭൂമി തിരിച്ചറിയാനാവാത്തവിധം മാറിപ്പോയി .
തോരാതെ പെയ്യുന്ന മഴയിൽ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു . പിന്നീട് മഴയും മണ്ണിടിച്ചിലും വകവെയ്ക്കാതെ പ്രതികൂല കാലാവസ്ഥയിലും ബെയ്‌ലി പാലം നിർമിക്കാൻ സൈന്യത്തിന് കഴിഞ്ഞത് രക്ഷാപ്രവർത്തനങ്ങൾക്കു വേഗം പകർന്നു . ഒഴുകിപ്പോയ ജീവനുകൾക്കൊപ്പം വീടും സമ്പാദ്യവും ഉരുളിൽ ഒലിച്ചുപോയവരുണ്ട് . കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടവരുണ്ട്.
ദുരന്തഭൂമിയിൽ ശേഷിച്ച ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. പിന്നീട് അവരെ വാടക വീടുകളിലേക്കു മാറ്റിതാമസിപ്പിച്ചു. എഴുനൂറിലേറെ കുടുംബങ്ങളെ അമ്പലവയൽ, മുട്ടിൽ, കൽപ്പറ്റ, ചുണ്ടേൽ, വൈത്തിരി, വടുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്കു മാറ്റി താമസിപ്പിച്ചു. ബന്ധുവീടുകളിലേക്കു മാറിയവരുമുണ്ട്. ഇവർക്കെല്ലാം സ്ഥിരമായ വീടും സൗകര്യങ്ങളും ഉറപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
അപകടത്തിൽ മരിച്ച 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. ഇനിയും 32 പേരെ കാണാനുണ്ട് എന്നാണ് കണക്ക്.
വീട് നഷ്ടമായവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് നിർമാണം സർക്കാർ പ്രഖ്യാപിച്ചത് പുരോഗമിക്കുന്നു . അഞ്ചു സോണുകളിലായി 410 വീടുകളാണ് നിർമിക്കുക.
29 വീടുകളുടെ അടിത്തറ പൂർത്തിയായി. ആദ്യ ക്ലസ്റ്ററിലെ 110 വീടുകളാണ് ഇപ്പോൾ നിർമിക്കുന്നത്. പല സംഘടനകളുടെയും വ്യക്തികളുടെയും മേൽനോട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്ന് സർക്കാർ അറിയിക്കുന്നു.
ആയിരം ചതുരശ്ര അടിയിൽ ഒറ്റ നിലയിൽ, പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയും വിധത്തിലുള്ള വീടുകളാണ് നിർമിക്കുക .
എത്രയും വേഗം ടൗൺഷിപ്പിന്‍റെ നിർമാണം പൂർത്തിയാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ദുരന്തബാധിതർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിലും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്.