ലോകം വീണ്ടും യുദ്ധഭീതിയിൽ

ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് വീണിരിക്കുന്നു. ഏതു യുദ്ധവും വിനാശകരമാണ് എന്നതുകൊണ്ടു തന്നെ കൂടുതൽ നാശങ്ങളുണ്ടാക്കാതെ ഈ യുദ്ധവും അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം യുക്രൈൻ യുദ്ധവും ഗാസാ യുദ്ധവും തുടങ്ങിയിട്ട് നാളേറെയായിട്ടും എങ്ങുമെത്തിയിട്ടില്ല. യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് നാലു വർഷത്തോളമായെങ്കിലും എന്ന് തീരുമെന്നറിയാത്ത അവസ്ഥയിലാണ് . ഇസ്രയേൽ നടത്തുന്ന ഗാസ യുദ്ധം രണ്ടുവർഷമെത്തുമ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു . ഏത് യുദ്ധവും തുടങ്ങിയാൽ പിന്നെ അതിന് അവസാനമാകണമെങ്കിൽ കാലതാമസമുണ്ടാകും .അതുകൊണ്ട് തന്നെ കൂടുതൽ ശക്തമാകുന്നതിന് മുന്നേ ഈ യുദ്ധം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് ഏതാണ്ട് തുടങ്ങിയ ഉടൻ അവസാനിച്ച ഒരേ ഒരു യുദ്ധമേ ഉള്ളൂ. അത് ഇന്ത്യ-പാക് സംഘർഷമായിരുന്നു. വെറും നാല് ദിവസത്തിനുള്ളിൽ അത് അവസാനിച്ചു.
എന്നാൽ മദ്ധ്യപൂർവ്വ പ്രദേശം വീണ്ടും യുദ്ധത്തിലായിരിക്കുകയാണ്. ഇറാനും ഇസ്രായേലും യുദ്ധം തുടങ്ങിയിരിക്കുന്നു. തങ്ങളുടെ നിലനിൽപ്പിനുള്ള ഭീഷണി ഇല്ലാതാവും വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇറാനാകട്ടെ തങ്ങളെ ആരും ഭീഷണിപ്പെടുത്താൻ വരേണ്ടെന്ന ശക്തമായ നിലപാടിലും. തങ്ങൾക്കെതിരേ പോരാട്ടത്തിലുള്ള ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാൻ പിന്തുണ നൽകുന്നതാണ് ഇസ്രയേലിനെ ഈ യുദ്ധത്തിലേക്ക് വലിച്ചിട്ടത്. ഗാസാ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുള്ളയും ഹൂതികളും ഇസ്രയേലിനു നേരേ ആക്രമണം ശക്തമാക്കിയിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടത്തിന് ഇറാന്റെ സൈനിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഹമാസ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്ങളുടെ നിലനിൽപ്പിനും സമാധാനത്തിനും ഇറാനുയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ ഇറാൻ ആക്രമണം കൊണ്ട് ഇസ്രയേൽ ഉദ്ദേശിക്കുന്നത് .
ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തങ്ങളുടെ നിലനിൽപിന് ഭീഷണിയാണെന്ന ആശങ്കയിലാണ് ഇസ്രയേൽ . ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ തടയാനുള്ള ഓപ്പറേഷൻ എന്ന നിലയ്ക്കാണ് ഇസ്രയേൽ ഇപ്പോഴത്തെ ആക്രമണം തുടങ്ങിയതും. ഇറാനോട് എത്രയും പെട്ടെന്ന് ആണവ കരാറിൽ ഒപ്പുവയ്ക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ല . ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ അന്ത്യശാസനം തള്ളിയിരിക്കുകയാണ് ഇറാൻ. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ വധിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ യു എസ് നിർദേശം തള്ളിയ ആയത്തുള്ള അലി ഖമനേയി, പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും തങ്ങൾ കീഴടങ്ങില്ലെന്നുമാണ് വ്യക്തമാക്കുന്നത്. ഇറാനികൾ കീഴടങ്ങുന്നവരല്ല, ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ല എന്ന ഉറച്ച നിലപാടാണ് ഖമനേയി പങ്കു വെക്കുന്നത്.
യുഎസ്- ഇറാൻ ആണവ കരാർ ചർച്ചകൾ ആറാം ഘട്ടത്തിലേക്കു കടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനെ നേരിട്ട് ആക്രമിക്കുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യുഎസുമായുള്ള ആണവ ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയിട്ടുണ്ട്. എന്നാൽ, ആണവ ഉടമ്പടിക്ക് തയാറായില്ലെങ്കിൽ തുടർ ആക്രമണങ്ങളിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പു നൽകുന്നത്. ആണവ ചർച്ചകളുടെ മുന്നോട്ടുള്ള പോക്ക് എന്താവുമെന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. ഇസ്രയേലിന്‍റെ ആക്രമണത്തെ യുഎസ് പിന്തുണച്ചുവെന്നും ഇനി യുഎസുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും ഇറാൻ പറയുന്നു.
ഇറാന്‍റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം വലിയ തോതിലുള്ള നാശം വരുത്തിയിട്ടുണ്ട്. ഇറാൻ ആണവ പദ്ധതിയുടെ പ്രധാന കേന്ദ്രമായ നദാൻസിലടക്കം ആക്രമണമുണ്ടായി. ഇറാന്‍റെ സായുധസേനാ മേധാവിയടക്കം സൈന്യത്തിന്‍റെ തലപ്പത്തുള്ളവരും പ്രമുഖ ആണവ ശാസ്ത്രജ്ഞൻമാരും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണപ്പാടങ്ങളിലും ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തും ഇസ്രായേൽ ആക്രമണമുണ്ടായി. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ഇറാനും ഇസ്രയേലിന് തിരിച്ചടി നൽകി. ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയ്ക്കു സമീപവും ഇറാന്‍റെ മിസൈൽ പതിച്ചു.
കാര്യങ്ങൾ ഗുരുതരമായിരിക്കെ യുദ്ധം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത പല ലോകനേതാക്കളും ആവർത്തിച്ച് പറയുന്നുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംയമനത്തിന്റെ പാത സ്വീകരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയേണ്ടതുണ്ട്. ഇല്ലെങ്കിൽ ഈ യുദ്ധത്തിലൂടെ ആഗോളതലത്തിൽ തന്നെ കാര്യങ്ങൾ കൂടുതൽ വഷളാകാനിടയുണ്ട്.