വി.എസ് - ജനനേതാവായ ചെന്താരകത്തിന്റെ അസ്തമയം; സപ്ന അനു ബി ജോർജ്

Jul 23, 2025 - 07:39
Jul 23, 2025 - 10:46
 0  49
വി.എസ് - ജനനേതാവായ ചെന്താരകത്തിന്റെ അസ്തമയം; സപ്ന അനു ബി ജോർജ്

ജൂലൈ 21 വൈകിട്ട് 3 20ന്  ആ വിപ്ലവസൂര്യൻ വി.എസ് അച്ചുതാനന്ദൻ യാത്രയായി.പുന്നപ്ര വയലാർ സമരത്തിന്റെ മുന്നണി സാന്നിദ്ധ്യം.8 പതിറ്റാണ്ടിന്റെ രാഷ്ട്രീയ സാമൂഹ്യ സാന്നിദ്ധ്യം.ജനങ്ങളെ ഇളക്കി മറിച്ച വാക്ചാതുര്യം.

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും,ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമായിരുന്നു,പുന്നപ്ര ആലപ്പുഴക്കാരനായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ.1940   പാർട്ടിയിൽ ചേർന്ന് പൊതുരംഗത്ത് സജീവമായി.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന  പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തേക്ക് കൊണ്ടുവന്നത്.പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി ധാരാളം വിപ്ലവപ്രവർത്തനങ്ങൾ നടത്തി.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ആലപ്പുഴ ജില്ലയിലെ  കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളിലും പങ്കെടുത്തു. 2006/2011 ലെ പന്ത്രണ്ടാം നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.

 ജന്മിമാർക്ക് എതിരെ കർഷകകുടിയാന്മാർക്കൊപ്പം 1946 -ൽ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയായിരുന്ന വി.എസ്.രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിൽ നേരിട്ട പട്ടാളവെടിവെപ്പും രക്തച്ചൊരിച്ചിലും ചരിത്രത്തിന്റെ ഭാഗമാണ്.പുന്നപ്ര വെടിവെപ്പിൽ എസ്.ഐ. അടക്കം നിരവധി പൊലീസുകാർ മരിച്ചു.അതിനുശേഷം പൂഞ്ഞാറിൽ നിന്ന് വി.എസ് അറസ്റ്റിലായി.പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കിട്ടാ‍ഞ്ഞതിനാൽ പോലീസ് ക്രൂരമായി വി.എസ്സിനെ മർദ്ദിച്ചു.രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്ത്,ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു.ഇ.എം.എസും,കെ.വി. പത്രോസും ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനായുള്ള ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം.ശക്തമായ ഉപദ്രവത്തിനൊടുവിൽ വി.എസിന്റെ ബോധം പോയി.തോക്കിന്റെ ബയണറ്റ്കൊണ്ട് പോലീസ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി,പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി,ബോധം ഉണ്ടോ എന്നാറിയാൻ! അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ടുവന്നു ഉപേക്ഷിച്ചിട്ടു പോയി.സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്റ് ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്.

2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു.ഉദ്യോഗസ്ഥ ദുർഭരണം,കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്.പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു പ്രത്യേകശൈലി അദ്ദേഹത്തിനുണ്ട്.

പരിസ്ഥിതി സംരക്ഷണം,സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം അതീവശ്രദ്ധ പുലർത്തിയിരുന്നു.സംസ്ഥാന സമ്മേളനങ്ങളിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ ജനങ്ങളുടെ കരഘോഷം എവിടെയും ഉയർന്നു കേൾക്കാം. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പലപ്പോഴും വി. എസ്സ് ജനങ്ങൾക്ക് അനുകൂലമായി മാറ്റിയിട്ടുണ്ട്.

ആരോടു ചോദിച്ചാലും അഭിമാനവും ആരാധനയും സന്തോഷവും മാത്രം പറയാനുള്ളു അദ്ദേഹത്തെക്കുറിച്ച് എന്നുള്ളത് അഭിമാനത്തോടെ എന്നെന്നും ഓർത്തിരിക്കാം.ത്യാഗനിർഭരമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയനേതാവായിരുന്നു എന്നും,അനശ്വനക്ഷത്രമായി എന്നും ജനമനസ്സുകളിൽ അദ്ദേഹം നിറഞ്ഞു നിൽക്കും.

കേരളീയത്തനിമയുള്ള ആഹാരം,വ്യായാമം എന്നിവക്ക് അദ്ദേഹം എന്നും കൃത്യനിഷ്ടത സൂക്ഷിച്ചിരുന്നു. അനാഥത്ത്വത്തിന്റെ നൊമ്പരങ്ങളും ദാരിദ്ര്യത്തിന്റെ കയ്പും നിറഞ്ഞ ബാല്യവും,പോരാട്ടത്തിന്റെ വീര്യം തുളുമ്പിയ യുവത്വവും നിറഞ്ഞ ജീവിതം.യാതനാപൂർണ്ണങ്ങളായ ഈ അനുഭവങ്ങളിലൂടെ ജീവിച്ചതിനാലാകാം വി.എസ് പരുക്കനുംകടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തതുമായൊരു പ്രകൃതം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.കേരളനിയമസഭ കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളായിരുന്നു അച്യുതാനന്ദൻ. ‘സമരം തന്നെ ജീവിതം’ എന്ന ആത്മകഥാ പുസ്തകത്തിൽ തീഷ്ണമായ രാഷ്ട്രീയജീവിതവും  അനുഭവസമ്പന്നമായ വ്യക്തിജീവിതവും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

വി എസിന്റെ ഭാര്യ കെ.വസുമതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.മകൻവി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറും,മരുമകൾ ഡോ.രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു.മകൾ ഡോ.വി.വി.ആശ തിരുവനന്തപുരം  രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ  റിട്ട.ശാസ്ത്രജ്ഞയാണ്ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജനാണ്.

പ്രതീക്ഷയുടെ പ്രതിഷേധത്തിന്റെ പര്യായമായ രണ്ടക്ഷരം ‘വി.എസ്’ എന്നു ജീവിച്ചുകാണിച്ച രാഷ്ടീയനേതാവായിരുന്നു.തന്റെ രാഷ്ട്രീയജീവിതത്തെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്ക് പ്രതിഫലിപ്പിക്കുകയുംസാധാരണക്കാരന്റെ ശബ്ദമായി സ്വയം മാറുകയും ചെയ്തു.അധികാരത്തണലിൽ തഴച്ചുവളര്‍ന്ന ഭൂമികൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തെടുത്തു.രാഷ്ട്രീയപരമായ കാരാണങ്ങളാൽ ചവിട്ടിമെതിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി.അധികാരവും അഴിമതിയും കൈകോര്‍ക്കുന്ന ഇടങ്ങളിലെല്ലാം കടന്നുചെന്ന് പ്രതിരോധത്തിന്റെ വന്‍മതിലുകൾ തീര്‍ത്തെടുത്തു. ജനങ്ങളുടെ ഇടയിൽ,ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവിന് പോരാട്ടം തുടരാൻ ജനങ്ങളുടെ പിന്തുണമാത്രം മതിയായിരുന്നു.വി.എസ് യാത്ര പറയുമ്പോൾ സി.പി.എമ്മിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം അവസാനിക്കുകയാണ്.

കണ്ണെ കരളെ വി.എസ്സെ,ലാൽ സലാം............................