അരുന്ധതി റോയ്‌യുടെ 'ആസാദി' ഉൾപ്പെടെ 25 ഓളം പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

Aug 7, 2025 - 13:58
 0  3
അരുന്ധതി റോയ്‌യുടെ 'ആസാദി' ഉൾപ്പെടെ 25 ഓളം പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ‌: അരുന്ധതി റോയ്‌യുടെയും എ.ജി. നുറാനിയുടെയും 25 ഓളം പുസ്തകങ്ങൾ നിരോധിക്കാൻ ഉത്തരവിറക്കി ജമ്മു കശ്മീർ സർക്കാർ. ദേശ സുരക്ഷ‍യെ ബാധിക്കുന്നു എന്നു കാട്ടി ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അരുന്ധതി റോയ്‌യുടെ 'ആസാദി', എ.ജി. നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012', സുമന്ത്ര ബോസിന്‍റെ 'കശ്മീർ അറ്റ് ദി ക്രോസ്‌റോഡ്‌സ്', 'കണ്ടസ്റ്റഡ് ലാൻഡ്‌സ്' എന്നിവ നിരോധിക്കപ്പെട്ട 25 പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. വിക്ടോറിയ ഷോഫീൽഡ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരുടെ പുസ്തകങ്ങളും നിരോധിക്കപ്പെട്ടതിൽ ഉൾ‌പ്പെടുന്നു.

ചൊവ്വാഴ്ച ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകർ ഭാരതി ഒപ്പുവച്ചു. അത്തരം സാഹിത്യങ്ങൾ ചരിത്രത്തെയും രാഷ്ട്രീയത്തെയും വളച്ചൊടിക്കുന്നു, അക്രമത്തിലും ഭീകരതയിലും യുവജന പങ്കാളിത്തം വർധിപ്പിക്കൽ, തീവ്രവാദികളെ മഹത്വവൽക്കരിക്കൽ, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തൽ, മതപരമായ തീവ്രവാദം, അന്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കൽ, അക്രമത്തിലേക്കും ഭീകരതയിലേക്കുമുള്ള വഴി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.