ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച

Aug 7, 2025 - 14:06
 0  3
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.

2011 ജൂലൈ മാസത്തിലാണ് കോടതി നിർദേശപ്രകാരം എ നിലവറ തുറന്നത്. വമ്പൻ നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കൾ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വർണമാലകൾ, രത്‌നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ഒരു ചാക്ക് നിറയെ നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്‌നങ്ങൾ.. എന്നിവയെല്ലാമാണ് കണ്ടെത്തിയത്.

രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചതെന്ന് കരുതപ്പെടുന്ന അറയാണ് ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂർ രാജകുടുംബം പറയുന്നു. ‘അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാൽ ഈ അറയ്ക്കപ്പുറം ഒരു വാതിലുണ്ട്. അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതിൽ തുറന്നിട്ടില്ല. അത് എന്തുകൊണ്ടാണെന്നു ഞങ്ങൾക്കാർക്കും അറിയില്ല’ രാജകുടുംബത്തിലുള്ളവർ പറയുന്നു