ശുഭചരിതമെഴുതി ശുഭാൻശു; ബഹിരാകാശ നിലയത്തിൽ രണ്ടാഴ്ച്ച പിന്നിട്ട് ശുഭാൻശു ശുക്ല

ബഹിരാകാശ ഗവേഷണരംഗത്ത് പുതുചരിത്രമെഴുതി ആക്സിയം-4 ദൗത്യത്തിലെ ഇന്ത്യയുടെ ശുഭാൻശു ശുക്ലയും സഹപ്രവർത്തകരും ജൂലൈ 10 ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14-ാം ദിവസത്തിലേക്ക് പ്രവേശിച്ചു. 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും ആശംസകളുമെല്ലാം പേറിക്കൊണ്ടുള്ള ശുഭാൻശു ശുക്ലയുടെ യാത്ര ഓരോ ഇന്ത്യക്കാരനും ഏറെ അഭിമാനമാണ്.
മുൻപ് തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി ശുഭാൻശുവും കൂട്ടരും ഏതാനും ദിവസം കൂടി നിലയത്തിൽ തുടരുമെന്നാണ് അറിയുന്നത് . ശുക്ലയ്ക്കും സംഘത്തിനും ഏകദേശം മൂന്നാഴ്ച ബഹിരാകാശത്ത് ചെലവഴിക്കാൻ കഴിയുമെന്നാണ് ലഭ്യമാകുന്ന വിവരം.
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ഉൾപ്പെട്ട ആക്സിയം- 4 ദൗത്യത്തിന്‍റെ വിക്ഷേപണം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നായിരുന്നു. ജൂൺ 26 വ്യാഴാഴ്ച്ച വൈകിട്ട് 5.54നാണ് ശുഭാൻശു ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിച്ചത്. മൂന്നര മണിക്കൂറിലേറെ നീണ്ട ഡോക്കിങ് പ്രക്രിയക്കൊടുവിലെത്തിയവരെ നിലയത്തിലുള്ളവർ വരവേറ്റു.
അറുപതോളം പരീക്ഷണങ്ങളുമായി സംഘം അവിടെ തിരക്കിലാണ് .
നാസയുടെ മുൻ ബഹിരാകാശ യാത്രിക മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നെവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ശുഭാൻശുവിനൊപ്പം ദൗത്യത്തിലുള്ള സഞ്ചാരികൾ. ബഹിരാകാശ നിലയത്തിലെത്തിയ ശുഭാൻശു ശുക്ല ‘ക്രൂ നമ്പർ 634’ എന്നാണ് അറിയപ്പെടുക.
41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത് 1984ൽ റഷ്യൻ ബഹിരാകാശ പേടകം സോയുസ് ടി-11ൽ രാകേഷ് ശർമയുടെ യാത്രയ്ക്കു ശേഷം ഇതാദ്യം. സോവ്യറ്റ് യൂണിയന്‍റെ സല്യൂട്ട്-7 ബഹിരാകാശ നിലയത്തിൽ എട്ടു ദിവസമാണ് രാകേഷ് ശർമ ചെലവഴിച്ചത്. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ രാകേഷ് ശർമ അന്ന് ലോകത്തെ നൂറ്റിമുപ്പത്തെട്ടാമത്തെ ബഹിരാകാശ സഞ്ചാരിയായിരുന്നു. പഞ്ചാബിലെ പട്യാലയിൽ ജനിച്ച രാകേഷ് ശർമ വ്യോമസേനാ ഉദ്യോഗസ്ഥനായിരിക്കെ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാണ് ബഹിരാകാശ ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെട്ടത്
യു പി യിലെ ലഖ്നൗ സ്വദേശിയായ ശുക്ല 2006ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി . ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ എംടെക് നേടിയിട്ടുള്ള, 2000 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള ശുക്ല സുഖോയ്- 30, മിഗ്-29, ജാഗ്വർ, ഡോർണിയർ-228 തുടങ്ങി വ്യത്യസ്തങ്ങളായ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഏഴ് ഗവേഷണ പരീക്ഷണങ്ങളാണ് ശുഭാൻഷുവും ടീമും നടത്തുക. പേടകത്തിന്റെ പൈലറ്റ് എന്നനിലയിൽ നിയന്ത്രണ, ആശയവിനിമയ സംവിധാനത്തിൽ ശുഭാൻശു നേരിട്ട് പങ്കാളിയാവും. പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതും വേർപെടുത്തുന്നതും ശുഭാൻശുവാണ്.
പേശികളുടെ പുനരുജ്ജീവനം, തലച്ചോറിൽ മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, ബഹിരാകാശത്ത് വിള വിത്ത് വളർച്ച പഠിക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശുഭാൻഷു ഐ എസ് ആർ ഒ യ്ക്കായി എട്ട് പരീക്ഷണങ്ങൾ നടത്തും. കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ആറ് വിത്തിനങ്ങളായ ജ്യോതി, ഉമ, സൂര്യ, കനകമണി, തിലകതാര, വിജയ എന്നിവയും ശുഭാൻശു ശുക്ലയ്ക്കൊപ്പം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയിട്ടുണ്ട് .കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന അത്യുത്‌പാദന ശേഷിയുള്ള നെൽവിത്തിനങ്ങളാണ് ജ്യോതിയും ഉമയും. കനകമണി കുറ്റിപ്പയറും തിലകതാര എള്ളിനവും സൂര്യ വഴുതനയും വെള്ളായണി വിജയ് തക്കാളിയുമാണ്. കാർഷിക സർവകലാശാല വികസിപ്പിച്ച ഈ വിത്തിനങ്ങൾക്ക് പ്രതിരോധ ശേഷി ഏറെയാണ്. ബഹിരാകാശത്ത് ഭക്ഷ്യവിള വിത്തുകൾക്കുണ്ടാകുന്ന മാറ്റം പഠിക്കാനായാണ് ഇവ കൊണ്ടുപോയത് . വിത്തുകൾ മടക്കികൊണ്ടുവന്ന് ഭൂമിയിൽപാകി കിളിർപ്പിക്കും.
ശുഭാംശുവിനും സംഘത്തിനുമൊപ്പം അഞ്ചാം അംഗമായി ജോയി എന്നു പേരിട്ടിരിക്കുന്ന ‘കുഞ്ഞൻ അരയന്നവുമുണ്ട്’ . ഈ പാവക്കുട്ടി ഡ്രാഗൺ പേടകത്തിലെ സീറോഗ്രാവിറ്റി ഇന്റിക്കേറ്ററാണ്. പേടകം വിക്ഷേപണശേഷം ഗുരുത്വാകർഷണം കുറഞ്ഞ മേഖലയിലേക്ക് കടക്കുന്നത് തിരിച്ചറിയാനാണിത്. ഗുരുത്വാകർഷണം കുറയുമ്പോൾ പാവ പറന്നു നടക്കും..
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ദൗത്യമായ ഗഗൻയാന് സഹായകരമാവുന്നതാണ് ശുഭാൻശു ശുക്ലയുടെ ഇപ്പോഴത്തെ യാത്രയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2027ഓടെ ഗഗൻയാൻ ദൗത്യം സഫലമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതിനായി തെരഞ്ഞെടുക്കപ്പെട്ട നാല് ടെസ്റ്റ് പൈലറ്റുമാരിൽ ശുഭാൻശുവും ഉൾപ്പെടുന്നുണ്ട്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരാണു മറ്റു മൂന്നു പേർ. റഷ്യയിലും ബംഗളൂരുവിലെ ഐഎസ്ആർഒയുടെ പരിശീലന കേന്ദ്രത്തിലും ഇവർക്കു പരിശീലനം ലഭിച്ചിട്ടുണ്ട്.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ് തന്‍റെ യാത്രയെന്നാണ് ബഹിരാകാശത്തെത്തിയ ഉടൻ ശുഭാംശു ശുക്ല പറഞ്ഞത് .2035ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ബഹിരാകാശത്ത് ഇന്ത്യൻ സഞ്ചാരികളുടെ സ്ഥിരസാന്നിധ്യവും ഗവേഷണ പഠനങ്ങളും ലക്ഷ്യമിട്ടാണു നിലയം തുറക്കാൻ പദ്ധതിയിടുന്നത്. ഇത്തരം പദ്ധതികൾക്കെല്ലാം ശുഭാൻശുവിന്‍റെ യാത്ര ഏറെ സഹായകമാകും.