Adv. സുബൈദലത്തീഫ്
പുണ്യം നിറഞ്ഞ ജന്മമെൻ ഇത്താ.
കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങൾ തന്ന്
കടന്നുപോയൊരെൻ കൂടപ്പിറപ്പ്
എന്റെ ഇത്താ ആമിൻത്താ.
എന്റെ ബാല്യകാല സ്മരണകളിൽ എന്നും
കുപ്പായോം തട്ടവും
കാച്ചിമുണ്ടുമുടുത്ത്
വാസന സോപ്പിന്റെ സൗരഭ്യവുമായി
സ്നേഹ സാഗരത്തിൻ
തിരകളാണിത്ത.
കലാലയമോഹമെന്നിൽ കതിരായി നിറച്ചതും
ഉന്നതങ്ങളെത്തിപ്പിടിക്കണമെന്ന
ഔന്നിത്യ ചിന്തകൾ എന്നിൽനിറച്ചതു-
മെന്റെ യിത്താ.
പടവുകൾ ഓരോന്നും കയറി ഞാനെത്തി
കാപട്യം ഇല്ലാത്തയാ സ്നേഹത്തിനാലെ.
എങ്കിലുമെൻ ഉള്ളം തിരിച്ചറിഞ്ഞു നിൻ
നെഞ്ചിലാളുംനെരിപ്പോട്,
പെയ്തു തീരാമഴപോൽ ഘനീഭവിച്ച നിൻ ദുഃഖത്തിൻ
കാർമേഘത്തുണ്ടാം സങ്കടച്ചുരുളുകൾ.
നിന്നിലെരിഞ്ഞ തീക്കനൽ പൊള്ളിച്ച തീരാതേങ്ങലിൻ കരിമ്പാടുകൾ
കണ്ടു ഞാൻ.
യുഗങ്ങൾ കഴിഞ്ഞാലും നീയൊരു വിങ്ങുന്ന മുറിവായെന്നിൽ ഉണ്ടാവും. ഉടഞ്ഞുപോയോരെൻ നെഞ്ചകം തന്നിൽ ചോരകിനിയും
ഒരു നോവുമായിരിക്കും.
ആ ഓർമ്മകൾ എന്നും നിലയ്ക്കാത്ത തിരമാലകൾ തൻ അലയാടിയാവും.
എൻ ജീവിതത്താളിലെ മായാത്ത മഷിപ്പൊട്ടാണ് നീ.
കത്തുന്ന തിരികൾ തൻ നെടുവീർപ്പാം കനൽ പൊട്ടുമാണ് നീ