നീണ്ട നാളുകൾക്ക് ശേഷം മാന്ത്രികൻ ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്

കോഴിക്കോട്: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. നാൽപ്പത്തി അഞ്ച് വർഷം നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് ഗോപിനാഥ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഇറങ്ങിത്തിരിച്ചത്. അന്തരിച്ച പിതാവിന്റെ സ്മരണാർത്ഥമാണ് മുതുകാട് വീണ്ടും വേദിയിലെത്തുന്നത്. കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ‘ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ’ എന്ന പ്രത്യേക മാജിക് ഷോയുടെ പരിശീലനത്തിലാണ് ഇപ്പോൾ മുതുകാട്.
തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. തന്റെ 45 വർഷത്തെ പ്രകടനങ്ങളിൽ ഒപ്പം പ്രവർത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ ആഗസ്റ്റ് 9-നാണ് ‘ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ’ അരങ്ങേറുന്നത്. ഇന്ദ്രജാലവും സംഗീതവും നൃത്തവും ഹ്രസ്വചിത്രങ്ങളുമൊക്കെ സമന്വയിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ മേമ്പൊടിയോടെയാണ് പുതിയ ദൃശ്യവിസ്മയം അരങ്ങിലെത്തുന്നത്.
തന്റെ ജീവിതത്തിലെ ഒരു പ്രധാന നിമിഷമാണിത്. മാജിക്കിന്റെ ലോകത്തു നിന്ന് വിരമിച്ച ശേഷവും അച്ഛനുള്ള സമർപ്പണമായി ഇത്തരമൊരു കലാപ്രകടനം കാഴ്ച്ചവെക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നു. മാജിക്ക് പൂർണ്ണമായി ഉപേക്ഷിച്ചതിനാൽ ഇരട്ടി പരിശീലനമാണ് ഈ ഷോയ്ക്കായി നടത്തുന്നതെന്നും മുതുകാട് പറഞ്ഞു.