അർണ്ണോസ് പാതിരി; ലേഖനം: സൂസൻ പാലാത്ര

Apr 19, 2025 - 18:01
 0  59
     അർണ്ണോസ് പാതിരി; ലേഖനം: സൂസൻ പാലാത്ര
  കാവ്യകൈരളിയ്ക്ക് ഒട്ടനവധി സംഭാവനകൾ നല്കിയ ഒരു മഹാകവിയാണ് വിദേശമിഷണറിയായിരുന്ന അർണ്ണോസ് പാതിരി'
          അമ്പതുനോമ്പിൻ്റെ കാലഘട്ടങ്ങളിൽ മിക്ക ദൈവാലയങ്ങളിലും ആലപിക്കാറുള്ള ഒരു ഗാനമാണ് 'അമ്മ കന്യാ മണി തൻ്റെ നിർമ്മല ദു:ഖങ്ങൾ " എന്ന വിലാപഗാനം. അർണ്ണോസ് പാതിരിയുടെ 'പുത്തൻപാന' യിൽ നിന്നെടുത്തിട്ടുള്ള ഒരു പദ്യഭാഗമാണത്.      
         അർണ്ണാസ് പാതിരിയുടെ  യഥാർത്ഥനാമം Johann Ernst Hanx 1eden എന്നാണ്. എന്നാൽ അന്നത്തെ മലയാളികൾ അദ്ദേഹത്തിൻ്റെ പേരിലെ Ernst മാത്രമെടുത്ത് അർണ്ണോസ് എന്നും ക്രിസ്തീയ വൈദികനായിരുന്നതിനാൽ പാതിരി എന്നുകൂടിച്ചേർത്ത് അർണ്ണോസു പാതിരി എന്നു വിളിക്കുകയായിരുന്നു. 
       ജനനം ജർമ്മനിയിലെ ഓസ്റ്റർ കപ്ലിനിൽ 1681 ലും മരണം 1732 മാർച്ച് 20. തൃശൂരിനടത്ത് വേലൂർ എന്ന സ്ഥലത്തും. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് തൃശൂരിനടുത്ത് പഴുവിൽ. 
   അദ്ദേഹം പത്തൊമ്പതാം വയസ്സിൽ ഇന്ത്യയിലെ ഈശോസഭയിൽ ചേർന്നു പ്രവർത്തിയ്ക്കാൻ വെബ്ബർ പാതിരിയാൽ തിരഞ്ഞെടുക്കപ്പെട്ട്, സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും വിട പറഞ്ഞ്  ഒരുപാട് യാത്രാക്ലേശങ്ങൾ സഹിച്ച് ഗോവയിൽ എത്തി. യാത്രാവേളയിൽ വെബ്ബർ സായ്പും കൂടെയുണ്ടായിരുന്ന ഫാ. വില്യംമേയറും  ഒക്കെ മരണപ്പെടുകയുണ്ടായി. ഇത് അദ്ദേഹത്തിന് താങ്ങാവുന്നതിലധികമായിരുന്നു. അർണ്ണോസു പാതിരിയുടെ വിനയ ശീലവും വിജ്ഞാനതൃഷ്ണയും കണ്ട് അദ്ദേഹത്തെ സ്വന്തം ശിഷ്യത്വം നല്കി, ഒരു പിതാവ്  സ്വന്തപുത്രനു നല്കുന്ന സ്നേഹം നല്കിയാണ് വെബ്ബർ പാതിരി അദ്ദേഹത്തെ സ്നേഹിച്ചത്. 
          യൊഹാൻ ഏർണസ് ഹാങ്സ് സിൽദൻ ഗോവയിൽ നിന്ന് കൊച്ചി രാജ്യത്തിലെ സാമ്പാളൂർ - ഇന്നത്തെ മാളയിൽ വന്ന്  വൈദികപട്ടം സ്വീകരിച്ചു. ബ്രാഹ്മണനല്ലാത്തവൻ വേദഭാഷയായ സംസ്കൃതം പഠിച്ചാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്ന കാലഘട്ടത്തിൽ  അദ്ദേഹം വളരെപ്പെട്ടെന്ന്  സംസ്കൃത ഭാഷ വശമാക്കി. ഹൈന്ദവ പുരാണങ്ങളൊക്കെ നന്നായി പഠിച്ചു.
 വേലൂർ എന്ന സ്ഥലത്ത് അദ്ദേഹം ഉദരസംബന്ധമായ രോഗത്തിന് ചികിത്സ ചെയ്തു.വളരെപ്പെട്ടെന്നുതന്നെ ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന, എന്നിവയെക്കുറിച്ചെല്ലാം വിമർശനാത്മകമായ പഠനം അദ്ദേഹംനടത്തി.
      പാതിരിയ്ക്ക് താമസിയ്ക്കാൻ ആഴ്വാഞ്ചേരി തമ്പ്രാക്കൾ പടിപ്പുരമാളിക പണിതു കൊടുത്തു. കുഞ്ഞൻ, കൃഷ്ണൻ, എന്നിങ്ങനെ രണ്ടു പ്രധാന സംസ്കൃത വിദ്വാന്മാരായ നമ്പൂതിരിമാരിൽനിന്ന് സംസ്കൃതം പഠിച്ചതിനാലും, ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പടിപ്പുര മാളിക പണിതു നല്കിയതിലുമായി ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. ശത്രുഭയം, മരണഭയം എന്നിവ നിമിത്തം അദ്ദേഹം പലയിടത്തും മാറിമാറിത്താമസിച്ചു. 
 വേലൂർ വി. ഫ്രാൻസിസ് സേവ്യറിൻ്റെ നാമത്തിൽ  അർണ്ണോസ് പാതിരി പള്ളി നിർമ്മിച്ചു. പള്ളി നിർമ്മാണത്തിന് അനുമതി നല്കിയ ചെമ്പോലയിൽ പള്ളിയുടെ സ്ഥലത്തിൻ്റെ ഉടമസ്ഥൻ അർണ്ണോസ് പാതിരി എന്നാണ് കാണിച്ചിരിക്കുന്നത്.
ചില ജന്മികളും അവരുടെ ആജ്ഞാനുവർത്തികളായ 'റാൻമൂളികളും'  കൂടി അദ്ദേഹത്തെ കൊല്ലുവാൻ തക്കം പാർത്തുനടന്നു. 
   പിണക്കത്തിൽ ആയിരുന്നവർ അനുരഞ്ജനചർച്ച എന്ന വ്യാജേന ക്ഷണിച്ചുവരുത്തി  ഉഗ്രവിഷമുള്ള നാഗങ്ങളെക്കൊണ്ട് ദംശിപ്പിച്ചാണ് അദ്ദേഹത്തെ കാവ്യകൈരളിയ്ക്ക് നഷ്ടമാക്കിയത്. 
      മലയാളചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു കൊലപാതകമായി ചരിത്രകാരന്മാർ അതിനെ സാക്ഷ്യപ്പെടുത്തുന്നു. 
പ്രധാന കൃതികൾ: 
ചതുരന്ത്യം,
പുത്തൻപാന,
ഉമ്മാപർവ്വം,
ഉമ്മാടെ ദുഃഖം,
വ്യാകുല പ്രബന്ധം,
ആത്മാനുതാപം,
ജനോവപർവ്വം തുടങ്ങിയ ക്രിസ്തീയ കാവ്യങ്ങൾ, 
മലയാള സംസ്കൃത നിഘണ്ടു,
മലയാളം പോർച്ചുഗീസ് നിഘണ്ടു, തുടങ്ങിയ നിഘണ്ടുക്കൾ 
ആവേ മാരീസ് സ്റ്റെല്ലാ
(സമുദ്രതാരകമെ നീ വാഴ്ക ) ഈ പുസ്തകം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.
സംസ്കൃതത്തിനുവേണ്ടി ലാറ്റിൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ,
വാസിഷ്ഠസാരം,
വേദാന്തസാരം,
അഷ്ടാവക്രഗീത
യുധിഷ്ഠിരവിജയം. 
 നല്ലൊരു സുവിശേഷ പ്രസംഗനായ സന്യാസിയായിരുന്നു അർണ്ണോസു പാതിരി.
 മാക്സ്മുളളർ, ശൂരനാട്ട് കുഞ്ഞൻപിള്ള തുടങ്ങിയ ചരിത്രകാരന്മാർ വിശദമായി അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. സുകുമാർ അഴീക്കോട് അർണ്ണോസ് പാതിരിയെ മലയാളത്തിൻ്റെ 'രണ്ടാം എഴുത്തച്ഛനായി'  ഉൽഘോഷിക്കുന്നു. തമിഴിൽനിന്ന് മലയാളത്തെ മോചിപ്പിക്കാൻ പങ്കുവഹിച്ചതിനാൽ ശ്രേഷ്ഠമലയാളത്തിൻ്റെ പ്രാരംഭകനായി അദ്ദേഹത്തെ വിലയിരുത്തുന്നു. 
നതോന്നത വൃത്തത്തിലും ദ്രുതകാകളി വൃത്തത്തിലുമൊക്കെയായി ചിട്ടയോടെ രചിച്ച പുത്തൻപാന എഴുത്തച്ഛൻ്റെ ചുവടുപിടിച്ച് എഴുതിയതാണെന്ന് അഴീക്കോട്  സാക്ഷ്യപ്പെടുത്തുന്നു. പൂന്താനത്തിൻ്റെ ജ്ഞാനപ്പാനയെപ്പോലെ ഭക്തിനിർഭരമായി രചിച്ചിരിക്കുന്നു, കൂദാശപ്പാന എന്ന പേരിലും അറിയപ്പെടുന്ന ഈ പുത്തൻപാന.
ആധുനിക തലമുറയ്ക്കുവേണ്ടി പ്രഫ. മാത്യു ഉലകംതറ തുടങ്ങിയവർ പഠനങ്ങൾ നടത്തിയിട്ടുണ്ട്. 
  പതിനേഴാം നൂറ്റാണ്ടു മുതൽ ക്രിസ്തീയ ഭവനങ്ങളിൽ അദ്ദേഹം രചിച്ച പുത്തൻപാന ദിനവും ഭാഗംഭാഗമായും,  മരണവീടുകളിലും വിലാപ ഭവനങ്ങളിലും  പൂർണ്ണമായും  ആലപിച്ചിരുന്നു.
  ക്രിസ്തുവിൻ്റെ കഷ്ടാനുഭവാനുസ്മരണയുടെ നാളുകളിൽ പ്രത്യേകിച്ച്, ദു:ഖവെള്ളിയാഴ്ച ദൈവാലയത്തിൽ നടത്തുന്ന  ശുശ്രൂഷക്രമങ്ങളുടെ വിശ്രമവേളകളിൽ  പുത്തൻ പാനയിലെ പന്ത്രണ്ടാം പാദം പണ്ടെന്നതുപോലെ, ഇന്നും ആലപിയ്ക്കാറുണ്ട്. 

 സൂസൻ പാലാത്ര

             .....