പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

Aug 29, 2025 - 19:56
 0  4
പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ക്രെംലിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ആണ് പുടിന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ചത്. കൂടാതെ തിങ്കളാഴ്ച ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്ച നടത്തുമെന്നും യൂറി ഉഷാക്കോവ് അറിയിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷമുള്ള ആദ്യ മോദി-പുടിൻ കൂടിക്കാഴ്ചയാണ് ചൈനയിൽ വച്ച് നടക്കുന്നത്. ഈ വർഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡണ്ടും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയുടെ താരിഫ്, ഉപരോധ നയങ്ങളുടെ സാഹചര്യത്തിൽ നിർണായകമാണ് ചൈനയിൽ വച്ച് നടക്കുന്ന ഇന്ത്യ-റഷ്യ-ചൈന കൂടിക്കാഴ്ച..

ഈ വർഷം അവസാനം നടക്കുന്ന വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് പുടിനെ ക്ഷണിച്ചിരുന്നു. പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.