ശിലകൾക്കുമുണ്ട് പറയാൻ ഒരുപാട് കഥകൾ..... ലാലി രംഗനാഥ്

ലേപാക്ഷിയുടെ ചരിത്രങ്ങളിലൂടെ... ഭാഗം 2.
ലേപാക്ഷി സന്ദർശിച്ച് തിരികെ മടങ്ങുമ്പോഴും, കണ്ടറിഞ്ഞെങ്കിലും, മുഴുവനായും ശിലകളുടെ കഥ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് ചിന്തിച്ച് അല്പം വിഷമം തോന്നിയിരുന്നു. പക്ഷേ ലേപാക്ഷി ചരിത്രം എന്ന പുസ്തക വായന കാറിലിരുന്നു തന്നെ പൂർത്തിയാക്കി ആ മനോവിഷമം ഞാൻ മാറ്റിയെടുത്തു.
ബാംഗ്ലൂരിൽ നിന്നുള്ള യാത്രയിൽ ഞങ്ങളെ സ്വാഗതം ചെയ്ത ലേപാക്ഷി എന്ന ബോർഡ്, പിന്നീട് നയിച്ചത് അവിടെയെത്തുന്നതിന്റെ തെളിവായി ഒരു പാറയിൽനിന്നും പറന്നുയരാൻ നിൽക്കുന്ന ജഡായു വിന്റെ വലിയ പ്രതിമയാണ്.
രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന നഗരമാണത്രേ ലേപാക്ഷി. വാല്മീകി രാമായണമനുസരിച്ച് രാമൻ ഹനുമാന്റെ കൂടെയുള്ള ലങ്കാ യാത്രയിൽ വഴിയിൽ ജഡായുവിനെ കണ്ടുമുട്ടിയെന്നും, വെട്ടേറ്റ്,ചിറകറ്റ് മരണാസന്നനായി കിടക്കുന്ന ജഡായുവിനെ കണ്ടു അടുത്തുചെന്ന രാമൻ
ലേ പക്ഷി എന്ന് പറഞ്ഞു എന്നുമുള്ളത് പുരാണം. ( വായിച്ച് അറിവാണേ )
"എഴുന്നേൽക്കുക പക്ഷി" എന്നാണ് ഈ വാക്കുകളുടെ അർത്ഥമത്രേ.. ആ വാക്കുകൾ ചേർന്ന് ലേപാക്ഷി എന്ന ഒറ്റവാക്കുണ്ടായി എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ, ക്ഷേത്രമെത്തും മുൻപ് തന്നെ എന്റെ ശ്രദ്ധ ആകർഷിച്ചത് ഒറ്റക്കല്ലിൽ തീർത്ത വലിയൊരു നന്ദിയുടെ പ്രതിമയായിരുന്നു.
പ്രതിമയ്ക്ക് ചുറ്റും ഫോട്ടോയെടുക്കാൻ നിൽക്കുന്നവരുടെ വലിയ തിരക്ക് കണ്ട്,ക്ഷേത്രദർശനത്തിന് ശേഷമാവാം ഫോട്ടോയെടുക്കൽ എന്ന ഭർത്താവിന്റെ അഭിപ്രായത്തോട് വിഷമത്തോടെയാണ് ഞാൻ യോജിച്ചതെങ്കിലും...
" നന്ദി പ്രതിമ എവിടേക്കും ഓടി പോവില്ല,തിരിച്ചുവരുമ്പോഴും അതിവിടെത്ത ന്നെയുണ്ടാകും.. " എന്ന വലിയ നിലവാരമൊ ന്നുമില്ലാത്ത അദ്ദേഹത്തിന്റെ കോമഡിയിൽ ഞാനെന്തോ ആ സമയം ചിരിച്ചു പോയി എന്നുള്ളത് സത്യം.
27 അടി നീളവും 15 അടി ഉയരവുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണിതെന്നും വായിച്ചറിഞ്ഞ കാര്യം..
ചുറ്റുമതിൽ കടന്ന്,ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ കണ്ട, മണ്ഡപത്തിന്റെ തൂണുകൾ, മേള വാദ്യങ്ങൾ വായിക്കുന്ന ദിവ്യന്മാരുടെയും ദേവതകളുടെയും ജീവിത മാതൃകകൾ, നടരാജ താണ്ഡവം അവതരിപ്പിക്കുന്ന ശിവൻ, ഡ്രം വായിക്കുന്ന ബ്രഹ്മാവ്, നൃത്ത ഭാവങ്ങളിലുള്ള നിംഫകൾ ഇവയൊക്കെയും തിരികെ മടങ്ങി വന്നിട്ടും എന്റെ മനസ്സിൽ നിന്നും മായാൻ കൂട്ടാക്കുന്നില്ലായിരുന്നു.
മണ്ഡപത്തിൽ നിന്നിറങ്ങി നടക്കുമ്പോൾ,ക്ഷേത്രമുറ്റത്ത് ഒരു കാൽപ്പാ ടിന്റെ ആകൃതി കാണാം. ഇത് സീതാദേവിയുടെതാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
ഈ കേട്ടറിവുകൾ നിങ്ങളെ ഭ്രമിപ്പിക്കുന്നുവെ ങ്കിൽ പോന്നോളൂ ലേപാക്ഷിയിലേക്ക്.. അവിടെ കാത്തിരിക്കുന്ന വിസ്മയങ്ങളിലേക്ക്....
തിരികെ മടങ്ങുമ്പോൾ, എന്നെപ്പോലെ നിങ്ങളും പറഞ്ഞു പോകും..
പ്രിയ ലേപാക്ഷി.. ഞങ്ങൾ ഇനിയും വരും. പറഞ്ഞു തീർക്കാനാവാത്ത നിന്റെ വർണ്ണനകളും തേടി...
ലാലി രംഗനാഥ്.