ഉന്നത വിദ്യാഭ്യാസരംഗത്ത് നിർണായക മാറ്റവുമായി സംസ്ഥാന സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിൽ ഈ അധ്യയന വർഷം ആരംഭിക്കുകയാണ് . ഉന്നത വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതുന്ന പുതിയൊരു ചുവടുവയ്പാവും ഈ മാറ്റാമെന്നതിൽ സംശയമില്ല .
നാലു വർഷ ബിരുദ കോഴ്സുകളുടെ ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചത്. മൂന്നു വർഷത്തെ പഠനം കഴിയുമ്പോൾ ബിരുദവും നാലു വർഷമാവുമ്പോൾ ഓണേഴ്സ് ബിരുദവും ലഭിക്കുന്ന പുതിയ സംവിധാനം ആധുനിക കാലത്തിന് അനുയോജ്യമായ പഠനരീതി എന്ന നിലയിൽ കോളജ് പഠനത്തിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതാണ് . വിവിധ അഭിരുചികളുള്ള വിദ്യാർഥികൾക്ക് ബിരുദപഠനത്തിനൊപ്പം തങ്ങളുടെ ഇഷ്ട മേഖലകളിലും മികവു നേടാൻ സഹായിക്കുന്നതാണ് പുതിയ പരിഷ്കാരം.
നിലവിൽ തുടർന്നുവരുന്ന ബിരുദ കോഴ്സുകളോടുള്ള താത്പര്യം വിദ്യാർഥികൾക്കിടയിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ് . മൂന്നു വർഷം ചെലവഴിച്ച് ഡിഗ്രി നേടിയാലും ജോലി ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും കോഴ്സുകൾ വീണ്ടും നേടേണ്ട അവസ്ഥയാണ്. എന്നാൽ, ബിരുദ കോഴ്‌സിൽ വന്നിരിക്കുന്ന മാറ്റം വിദ്യാർഥികൾക്ക് പ്രയോജനപ്പെടും .മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷംകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കാൻ അവസരം കിട്ടും. തങ്ങൾക്ക് താല്പര്യമുള്ള മേഖല തെരഞ്ഞെടുക്കാനാവുമ്പോഴാണ് വിവിധ വിഷയങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ വിദ്യാർഥികൾക്ക് സാധിക്കുക. ഇന്നത്തെ കാലത്തിനാവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുകയാണ് ഈ പഠന രീതികൊണ്ട് ഉദ്ദേശിക്കുന്നത് .
പുതിയ കാലത്തെ അക്കാഡമിക്- കരിയർ താത്പര്യങ്ങൾക്കനുസരിച്ച് പഠനം നാട്ടിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
നിലവിലെ രീതിയിൽ നിന്ന് വ്യത്യസ്തമായി വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ രീതിയെ കുട്ടികൾക്ക് പ്രിയങ്കരമാക്കുമെന്നുറപ്പാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പു വിശദീകരിക്കുന്നതു പോലെ ഇനി വരുന്ന നാളുകളിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതില്ല. കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ ഒക്കെ പഠിക്കാൻ സാധിക്കും .
വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകൽപ്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാരുണ്ടാവും. എൻ മൈനസ് വൺ സംവിധാനത്തിലൂടെ മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരവും ഉണ്ടാവും. താത്പര്യമുള്ള വിദ്യാർഥികൾക്ക് അന്തർ സർവകലാശാലാ മാറ്റത്തിനും അവസരമുണ്ട്. റെഗുലർ കോളെജ് പഠനത്തോടൊപ്പം ഓൺലൈനായും കോഴ്സുകളെടുക്കാം .ഇങ്ങനെ നേടുന്ന ക്രെഡിറ്റുകൾ ബിരുദ- ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും . ഇന്‍റേൺഷിപ്പ് അടക്കം ബിരുദം- ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്കു മുതൽക്കൂട്ടാനാവും.
ഓണേഴ്സ് വിത്ത് റിസർച്ച് അവസരം വിദ്യാർഥികൾക്ക് പ്രയോജനപ്പെടണമെങ്കിൽ ഒരു ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ഗവേഷണ ഗൈഡുമാരായി രണ്ടുപേർ വേണം. നിലവിൽ എല്ലാ കോളജുകളിലുംതന്നെ ഈ യോഗ്യതയുള്ള അധ്യാപകർ ഉണ്ടെങ്കിലും കേരള, കണ്ണൂർ സർവകലാശാലകൾ പിഎച്ച്ഡിയുള്ള ഡിഗ്രി കോളജ് അധ്യാപകർക്ക് ഗൈഡുമാരാകാനുള്ള അനുമതി ഇനിയും നൽകാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങാത്ത പഠനമാണു പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത.
പരീക്ഷാ - മൂല്യനിർണയ രീതികളിലും മാറ്റമുണ്ടാകും . ബിരുദം നാലു വർഷമാക്കുന്ന പരിഷ്കാരത്തിനൊപ്പം പുതിയ രീതി വിജയകരമായി നടത്തികാണിക്കേണ്ട ഉത്തരവാദിത്തവും യൂണിവേഴ്സിറ്റികൾക്കുണ്ട്
വിദ്യാർഥികൾ പുറത്തേക്ക് ഒഴുകുന്നത് തടയാൻ ലോക നിലവാരമുള്ള പഠന രീതി ഇവിടെയും നടപ്പാക്കേണ്ടതുണ്ട് അതിനുള്ള അവസരമായി പുതിയ സംവിധാനത്തെ വിജയിപ്പിക്കേണ്ടിയിരിക്കുന്നു.