കൊച്ചി: നടി ശ്വേതാ മേനോനിനെതിരായ കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. കേസ് എടുത്തതിൽ സിജെഎം കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന ശ്വേതാ മേനോൻ്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.
കേസ് എടുക്കാൻ അവലംബിച്ച നടപടികൾ സംബന്ധിച്ചു എറണാകുളം സിജെഎം കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജുഡീഷ്യൽ മര്യാദ കണക്കിലെടുത്ത് സി ജെ എമ്മിനെതിരെ കൂടുതൽ പരാമർശങ്ങൾക്കു മുതിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്വ. എം രവികൃഷ്ണൻ, ഉണ്ണി കാപ്പൻ എന്നിവർ മുഖേനയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്.
അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് ഇന്നലെ എറണാകുളം സിജെഎം കോടതി ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.