ഇതൾ: കവിത, ശുഭ

Jul 21, 2025 - 20:13
 0  23
ഇതൾ: കവിത, ശുഭ
പേലവമായ
തെന്നലിലടർന്ന 
ദളങ്ങളിൽ 
അസ്തമയ 
സൂര്യന്റെ ആർദ്ര
ചുംബനം 
ഇതൾ കുങ്കുമ
വർണ്ണത്തിൽ
ഒരു പൊട്ടു പോൽ
തിളങ്ങി
ഓരോ വിരഹവും 
ഭൂമിയ്ക്ക് നൽകി 
പിരിയുന്ന അരുണനെ
ഓർത്തു 
വെയ്ക്കുവാനവളുടെ
സീമന്തരേഖയിൽ
ചാർത്തിയ ചുംബനം
ബാക്കിയാണ്
വസുധ മിഴി 
പൂട്ടുമ്പോൾ
രാക്കിളിപ്പാട്ടിന്റെ
ഈരടികളിൽ
അവളുടെ 
നിശ്വാസങ്ങളും
ലയിക്കുന്നു
അവളൊളിപ്പിച്ചു
വച്ച സ്വപ്നങ്ങളിൽ
ആ സിന്ദൂരപൊട്ടു
തിളങ്ങുന്നു.
രാവിലാ ചില്ലയിൽ
തങ്ങിയ  മഞ്ഞു
കണങ്ങൾ അവളുടെ
വിരഹാർദ്രമിഴികളിൽ
പെയ്തു തോർന്നു