മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ നിലവിൽ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ ജോസ് എബ്രഹാം മടങ്ങിയെത്തിയ പ്രവാസികളായ പെരുകിലത്തു ജോസഫ്, പി അനിൽകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള സർക്കാർ നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻതന്നെ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഈ നിവേദനത്തിൽ യാതൊരു നടപടിയും നോർക്ക എടുക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളെ മാറ്റിനിർത്തുന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
നാടിൻറെ വികസനത്തിൽ വർഷങ്ങളോളം വിദേശത്തുനിന്നുകൊണ്ടു പ്രവർത്തനം നടത്തിയ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ജെയ്പാൽ ചന്ദ്രസേനൻ, പ്രവാസി ലീഗൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്,ഷാർജഅജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂ.കെ. ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈറ്റ് ചാപ്റ്റർ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ്, ഒമാൻ ചാപ്റ്റർ അധ്യക്ഷ അഡ്വ. ജെസ്സി ജോസ്, സൗദി ചാപ്റ്റർ കോർഡിനേറ്റർ പീറ്റർ വർഗീസ് എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു