ഗർഡർ അപകടം: രാജേഷിൻ്റെ കുടുബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം നൽകും
കൊച്ചി: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ അപകടത്തിൽ മരിച്ച രാജേഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് കരാർ കമ്പനി അറിയിച്ചു. 25 ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്ന് കരാർ കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി. ഇതെ തുടർന്ന് പ്രതിക്ഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായി.
പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ സ്വദേശി രാജേഷ് ലോഡ് ഇറക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. പുലർച്ചെ രണ്ടരയോടെ എരമല്ലൂരിലെ ഉയരപ്പാതകളി രണ്ടെണ്ണം നിർമ്മാണത്തിനിടെ നിലംപൊത്തി. ഇതിൽ ഒന്ന്, ഓടിക്കൊണ്ടിരുന്ന രാജേഷിൻ്റെ പിക്കപ്പ് വാനിന് മുകളിലാണ് വീണത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനത്തിൽ നിന്നും രാജോഷിൻ്റെ മൃതദേഹം പുറത്തെടുക്കാനാനയത്.
എറണാകുളം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചിരുന്നു. തുടർന്ന് കരാർ കമ്പനി ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജില്ലാ കളക്ടർ പ്രതിനിധി, രാജേഷിൻ്റെ മകന് സർക്കാർ ജോലിക്ക് ശുപാർശ ചെയ്യുമെന്നും അറിയിച്ചു.