സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടികലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി ഗായകനും സംഗീതസംവിധായകനുമായ ജി. വേണുഗോപാൽ ചുമതലയേൽക്കും. നാടക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ എൻ. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSFDC) ചെയർമാനായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാറും, വൈസ് ചെയർമാനായി സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫും ചുമതലയേൽക്കും. പ്രേംകുമാർ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.