ഡൽഹിയിൽ നിരോധനാജ്ഞ മറികടന്ന് തിരംഗ മാർച്ച്; സി.ജെ.പി. നേതാക്കളടക്കം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു
വൻ സുരക്ഷാസന്നാഹവും ബാരിക്കേഡുകളും നിരോധനാജ്ഞയുംപ്രഖ്യാപിച്ചിട്ടും ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ദേശീയപതാകയുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ തടയാനായില്ല . ഡൽഹി പോലീസിന്റെ വിലക്ക് അവഗണിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനം ചെയ്ത ‘ലെഹ്റാ ദോ തിരംഗ’ മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും ഇടത് നേതാക്കളും പങ്കെടുത്തു.
ജന്തർമന്തറിലെ സമരവിലക്ക് നീക്കണമെന്നും അറസ്റ്റിലായ സി.ജെ.പി. നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ജയിലിലടച്ചതിൽ പ്രതിഷേധിച്ചുമാണ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധം തടയാൻ ന്യൂഡൽഹിയിലും കൊണാട്ട് പ്ലേസ് പരിസരത്തുമായി ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളും ചേർന്ന് 25,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനൊപ്പം സെൻട്രൽ പാർക്കിലും രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും പുതിയ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സെൻട്രൽ പാർക്ക് പൂർണമായി അടച്ചുപൂട്ടുകയും ചെയ്തു.
സമരം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ മാർച്ച് തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. മാർച്ചിന് മുന്നോടിയായി കരോൾ ബാഗിലെ വസതിയിലെത്തി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് പോലീസ് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം പിന്മാറിയില്ല. ദേശീയപതാകയുമായി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട ദീപ്കെയെ വീടിന് പുറത്തുവെച്ച് കസ്റ്റഡിയിലെടുത്തു. തടയാൻ ശ്രമിച്ച അനുഭാവികളെ ബലംപ്രയോഗിച്ച് മാറ്റിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്.
മണ്ഡിഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തിയ ഐസ പ്രവർത്തകരെയും പോലീസ് തടഞ്ഞു. നേതാക്കളായ നേഹാ ബോറ, ദിപങ്കർ ഭട്ടാചാര്യ എന്നിവരടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.