ഒളിവിലിരിക്കെ കണ്ടുമുട്ടിയ കംബോഡിയൻ യുവതിയെ പരോളിൽ ഇറങ്ങി വിവാഹം കഴിച്ച് ഗുണ്ടാത്തലവൻ; കാവലിന് 100 പൊലീസുകാർ
ന്യൂഡല്‍ഹി: ഒളിവിലായിരുന്നപ്പോള്‍ കണ്ടുമുട്ടിയ യുവതിയെ നൂറു പൊലീസുകാരുടെ കാവലില്‍ താലികെട്ടി ഹരിയാനയിലെ ഗുണ്ടാത്തലവന്‍. ജയിലില്‍ കഴിഞ്ഞിരുന്ന 45കാരനായ മാന്‍പാല്‍ ദില്ലയും 36കാരിയായ മെറ്റാചാനുമാണ് വിവാഹിതരായത്. അഞ്ഞൂറോളം അതിഥികളാണ് ദമ്പതികളെ ആശീര്‍വദിക്കാന്‍ വിവാഹത്തിനെത്തിയത്.
ഹരിയാനയിലെ ജാജ്ജര്‍ ജയിലില്‍ കഴിയുകയായിരുന്ന ദില്ലയ്ക്ക് വിവാഹത്തിനായി 12 മണിക്കൂര്‍ സമയത്തെ പരോള്‍ പ്രാദേശിക കോടതി അനുവദിച്ചിരുന്നു. 2018ല്‍ പരോളിലിറങ്ങി കംബോഡിയയിലേക്ക് കടന്ന ഇയാള്‍ അവിടെവച്ചാണ് മെറ്റാചാനെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ നാടുകടത്തിയ മാന്‍പാല്‍ ദില്ല വീണ്ടും ഇന്ത്യയിൽ ജയിലിൽ ആവുകയായിരുന്നു.
12 മണിക്കൂറിനുള്ളില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടുമണിയോടെ പ്രതി ദില്ല ജയിലില്‍ തിരിച്ചെത്തി. മൂന്ന് കൊലപാതക കുറ്റങ്ങളിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ 22ഓളം ക്രിമിനല്‍ കേസുകളാണ് ഉള്ളത്. വധശ്രമം, മോഷണം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി ആയുധം കയ്യില്‍ കരുതുക എന്നിവ ഇതിൽ ഉള്‍പ്പെടും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദില്ലയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.
തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നാണ് വിവാഹത്തിന് ശേഷം ദില്ല പ്രതികരിച്ചത്. പരമ്പരാഗതമായ ചുവന്ന ലെഹങ്ക അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്നും കംബോഡിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ച് ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമെന്നുമാണ് യുവതി പറഞ്ഞത്