സിജെപിയുടെ തിരംഗ മാർച്ച്: അഭിജീത് ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; ഡൽഹിയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ‘ലഹ്റാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മാർച്ചിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അഭിജീത്തിന്റെ താമസസ്ഥലത്ത് എത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് അഭിജീത് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത അഭിജീത്തിനെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. വാഹനം തടയാൻ സിജെപി പ്രവർത്തകർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ സിജെപി വൻ പ്രതിഷേധവുമായി രംഗത്തെത്തി. തിരംഗ മാർച്ച് നിശ്ചയിച്ച കൊണാട്ട് പ്ലേസിൽ സിജെപി പ്രവർത്തകർ ദേശീയപതാകകളുമായി പ്രതിഷേധം ആരംഭിച്ചു. ഇതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ മണ്ഡി ഹൗസിൽ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങി.
മണ്ഡി ഹൗസിൽ നിന്ന് നേഹയുടെ നേതൃത്വത്തിൽ ഐസ പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചു. എന്നാൽ മാർച്ചിനിടെ നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ മാർച്ച് ആരംഭിക്കാനിരിക്കെയാണ് അഭിജീത്തിനെതിരേ പൊലീസ് നടപടി ഉണ്ടായത്. എൻസിപി-എസ്പി വക്താവ് അനീഷ് ഗവാൻഡെയുെടെ സെൽട്രൽ ഡൽഹിയിലെ ഝണ്ടേവാലനിലെ വസതിയിലാണ് അഭിജീത്തിന്റെ താമസം.
ബിഎൻഎസ്എസിലെ 163ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് പൊലീസ് അഭിജീത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. മാർച്ചിന് മുന്നോടിയായി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് ദിപ്കെ നേരത്തേ ആരോപിച്ചിരുന്നു