കന്നട സൂപ്പര്‍താരം ദര്‍ശൻ തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റില്‍

കന്നട സൂപ്പര്‍താരം ദര്‍ശൻ തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റില്‍

കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു പോലീസ് ആണ് ചിത്രദുർഗ്ഗ സ്വദേശിയായ രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദർശനമായി അടുപ്പമുള്ള നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശം അയച്ചതിനാണ് ദർശൻ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. മൈസൂരുവിലുള്ള ഫാം ഹൗസില്‍ വച്ചാണ് ദർശനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ദർശനെ ഉടൻതന്നെ ബംഗളുരുവിലേക്ക് മാറ്റും.

ഒരു ഓടയില്‍ നിന്ന് കഴിഞ്ഞദിവസം തെരുവുനായ്‌ക്കള്‍ ഒരു മൃതദേഹം കടിച്ചുവലിക്കുന്നത് കണ്ടവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടത് രേണുക സ്വാമി എന്ന വ്യക്തിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഗിരിനഗർ സ്വദേശികളായ മൂന്നുപേർ സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ കീഴടങ്ങുകയും ദർശന്റെ വീട്ടില്‍ വച്ച്‌ രേണുക സ്വാമിയെ മർദ്ദിച്ച കൊലപ്പെടുത്തിയതാണെന്ന് മൊഴി നല്‍കുകയും ചെയ്തതാണ് കേസില്‍ നിർണായ വഴിത്തിരിവായി മാറിയത്. ഗിരി നഗർ സ്വദേശികളായ ഇവർ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.

ആദ്യം പോലീസിന് നല്‍കിയ മൊഴിയില്‍ സാമ്ബത്തിക തർക്കത്തെ തുടർന്നാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ് മൂവരും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ പോലീസ് ചോദ്യം ചെയ്യലില്‍ കന്നഡ സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയ്‌ക്ക് രേണുക സ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നും ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ്‌ ഇയാള്‍ അശ്ലീല സന്ദേശം അയച്ചത് എന്നും പ്രതികള്‍ വെളിപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് ദർശൻ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ടായ ചിത്രദുർഗയിലെ വ്യക്തിയെ ബന്ധപ്പെടുകയും ദർശന്റെ നിർദ്ദേശപ്രകാരം രേണുക സ്വാമിയെ ഇവർ നഗരത്തില്‍ എത്തിക്കുകയും ചെയ്തു എന്നും ഒരു ഷെഡ്ഡില്‍ വച്ച്‌ ഇയാളെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയും ആയിരുന്നു എന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.