സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കം; കത്തിവീശിയ മാനേജറെ പിരിച്ചുവിട്ടു
കൊച്ചി: സാൻഡ്‌വിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശിയ മാനേജറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊച്ചിയിലെ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജർ മുണ്ടംവേലി സ്വദേശി ജോഷ്വായ്ക്കെതിരെയാണ് കമ്പനിയുടെ നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് മാനേജരെ പുറത്താക്കിയ വിവരം കമ്പനി അറിയിച്ചത്.
പ്ലസ് വൺ വിദ്യാർത്ഥികൾ ഓർഡർ ചെയ്ത സാൻഡ്‌വിച്ചിൽ ചിക്കൻ കുറവാണെന്ന് മാനേജരോട് പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പരാതി തർക്കത്തിലേക്ക് നീങ്ങുകയും മാനേജർ പ്രകോപിതനാവുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അറിയിച്ചതനുസരിച്ച് എത്തിയ സഹോദരങ്ങളുമായി നടന്ന തർക്കത്തിനിടെ മാനേജർ അടുക്കളയിൽ നിന്ന് കത്തിയുമായി പുറത്തേക്ക് വരികയായിരുന്നു. കത്തിയുമായി വന്ന മാനേജറെ സംഘം മർദ്ദിക്കുകയും കത്തി പിടിച്ചുവാങ്ങുകയും ചെയ്തു.
സംഭവത്തിൽ മാനേജർക്കെതിരേയും മാനേജരെ മർദിച്ചവർക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
ഈ വിഷയത്തിൽ നടപടി എടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
തുടർന്നാണ് കമ്പനി ഇപ്പോൾ വാർത്താക്കുറിപ്പ് ഇറക്കിയത്. “സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. കേസന്വേഷണത്തിൽ സഹകരിക്കും.ഒരു തരത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാൻ കഴിയില്ല. ഏറ്റവും പ്രാധാന്യം ഉപയോഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വമാണ്. സംഭവത്തിൽ ഉൾപ്പെട്ട മാനേജറെ പിരിച്ചുവിടുന്നു”- ചിക്കിങ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.