എക്സൈസ് ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ മാറ്റി

Mar 13, 2026 - 19:35
 0  5
എക്സൈസ് ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ മാറ്റി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.

ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.