വാത്സല്യഘട്ടിലെ മുറിവിടങ്ങൾ: കഥ

Mar 20, 2026 - 20:17
Mar 20, 2026 - 20:19
 0  7
വാത്സല്യഘട്ടിലെ മുറിവിടങ്ങൾ:  കഥ
ഡോ. മായാ ഗോപിനാഥ് 
രുച്ചമയക്കത്തിൽ നിന്നും വെയിലുണർന്നു..പിന്നെ ആരോടും അനുവാദം ചോദിക്കാതെ കാറ്റിനൊപ്പം ജനാലയിലൂടെ അകത്തേയ്ക്ക് കടന്നു വന്നു. 
ജലജയുടെ നെഞ്ചിൽ നിന്നും തിളച്ചു തൂവിയ തേങ്ങലിന്റെ ചൂടിൽ വെയിലിനു പോലും പൊള്ളലേറ്റു. 
അടുക്കളയുടെ ചുവരിലെ അടർന്നു വീണ കുമ്മായം പോലെ തന്റെ കൈപ്പത്തികളിൽ പടർന്നുകിടന്ന പൊള്ളലിന്റെ  മുറിവിൽ അവിടവിടെ കറുത്ത തൊലി കട്ട പിടിച്ചിരുന്നു.
എത്ര തവണയാണ് ഈ മുറിവുണങ്ങാനും പാട് മാറിക്കിട്ടാനും മരുന്നു ചോദിച്ചു താൻ ശ്രീദേവി ഡോക്ടറിന്റെ ആശുപത്രിയിൽ പോയത്.. വേണ്ടിയിരുന്നില്ല..പരീക്ഷീണയും, നിരാശാഭരിതയുമായി അവരോർത്തു...അല്ലെങ്കിലും മുറിവുകളും വടുക്കളും തനിയ്ക്ക് പുത്തരിയല്ലല്ലോ....
അച്ഛന്റെ ക്രൂരമായ ചിരിയുടെ അകമ്പടിയോടെയുള്ള ചൂരലിന്റെ സീൽക്കാരങ്ങൾ,  ജീവിതത്തോടുള്ള അരിശം തീർക്കുന്ന അമ്മയുടെ നഖങ്ങൾക്കുള്ളിൽ ഞെരിഞ്ഞമർന്ന തുടയിലെ പാടുകൾ, ഒരു പാതിരാത്രി അമ്മയുടെ കഴുത്തിനു പിടിച്ചു ഞെരിച്ചു കൊന്ന അച്ഛന്റെ അടിവയറിൽ തലങ്ങും വിലങ്ങും വീണ ബൂട്ടിന്റെ പാടുകൾ.....ഒടുവിൽ ഒരു വന്യമൃഗത്തിന്റെ ഇരതേടലിൽ പിടഞ്ഞ നേരം ഇരുൾവീണ പാതയ്ക്കരുകിൽ ആശ്രയമായി
പിടിച്ച മുൾപ്പടർപ്പിൽ കൊണ്ടു മുറിഞ്ഞ കൈകൾ... ആ വിത്ത് കുരുത്ത ഗർഭത്തിനു ജീവനേകിയ നിമിഷങ്ങളിലെ പിടച്ചിൽ... കണ്ണീരിനിടയിലൂടെ കത്തി നിന്ന സൂസന്നാമ്മച്ചീടെ മെഴുകുതിരികൾ...
അന്ന വളർന്നത് അങ്ങനെയാണ്.. സൂസന്നാമ്മച്ചിയുടെ കാൽപ്പാടുകളിൽ അടിവച്ചടിവച്ച് അവിടുത്തെ കുട്ടികൾക്കൊപ്പം സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിച്ചു മിടുക്കിയായി നല്ല മാർക്ക്‌ വാങ്ങി. ആദർശങ്ങളുടെ കുപ്പായമണിഞ്ഞ അമ്മച്ചി തന്നെയും ഒരു സഹായത്തിനായി ഓഫീസിൽ  കൊണ്ടുപോയി. അവിടെ തനിക്കും  പഠിക്കാൻ ഒരവസരമൊരുക്കിത്തന്നു. ഒടുവിൽ തന്നെ തേടിവന്ന ഡിഗ്രി സർട്ടിഫിക്കറ്റിൽ കണ്ണുനീര് വീണ് കുതിർന്ന പാട് കണ്ട് തന്നെ നെഞ്ചോടു ചേർത്ത അമ്മച്ചി..ആകാശത്തിനെതിരെ തല ഉയർത്തി നിൽക്കുന്ന ഒരു കൂറ്റൻ മരം പോലെയായിരുന്നു അവർ. എന്തിനും പോന്ന ധൈര്യം. വഴിയരികിൽ  പീഡനത്തിന് ഇരയായ ഒരു പെണ്ണിന്റെ ജീവിതം മാറ്റിമറിച്ച കാരുണ്യത്തിന്റെ ആൾരൂപം. അന്നമോളുടെ അമ്മാമ്മച്ചി. 
അന്നമോളുടെ കളിചിരികളിൽ തന്റെ ജീവിതം തളിരിട്ടു.  തനിയ്ക്ക് സംഭവിച്ച പോലെ അപ്രതീക്ഷിത ദുരന്തമൊന്നും കാലത്തിന്റെ കോണിൽ അവളെ കാത്തിരിക്കല്ലേ എന്ന പ്രാർത്ഥന മാത്രമായിരുന്നു.
അവളുടെ അപ്പച്ചൻ അവൾ ജനിക്കും മുന്നേ ഒരപകടത്തിൽ പെട്ടു മരിച്ചുപോയി എന്നാണ് സൂസന്നമ്മച്ചി അവളെ ധരിപ്പിച്ചിരുന്നത്. അമ്മച്ചീടെ തോട്ടത്തിലെ പണിക്കാരനായിരുന്ന ജോസഫ് എന്നയാളായിരുന്നു  അവളുടെ അപ്പച്ചൻ എന്നവൾ വിശ്വസിക്കുകയും ചെയ്തിരുന്നു.
അന്നമോൾ വളർന്നു വരുംതോറും സ്കൂളിൽ പോയി മടങ്ങി വരും വരെ  തനിയ്ക്ക് പേടികൂടിത്തുടങ്ങി.
ഞരമ്പുകളിൽ അരിച്ചരിച്ചു കയറുന്ന ഭീതി തിരക്കുകൂട്ടുന്ന ഹൃദയമിടിപ്പുകൾ..
അങ്ങനെയാണവളെ സ്കൂളിലെ ഹോസ്റ്റലിൽ തന്നെ നിർത്താൻ തീരുമാനിച്ചത്.
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ കൂട്ടുകാരെ പോലെ
 വിദേശത്ത് ഡിഗ്രി പഠിക്കാൻ പോകാനാണ് തനിക്കിഷ്ടം എന്നവൾ പറഞ്ഞു.
 ആഗ്രഹങ്ങൾ നടക്കില്ല എന്നോർത്താവാം നൊമ്പരപ്പെടുത്തുന്ന ഒരു മൗനം അവളെ വട്ടമിട്ടു പറക്കുന്നത് തന്നെ വിഷമിപ്പിച്ചെങ്കിലും ഒന്നും ചോദിച്ചവളെ വേദനിപ്പിച്ചില്ല.
 വിദേശത്തു പോകാൻ വേണ്ട പണമൊക്കെ ലോൺ എടുത്തും മറ്റും താൻ സ്വരുക്കൂട്ടിയതിന്റെ പ്രയാസം  അന്നയ്ക്ക് പോലും അറിയില്ല. സൂസന്നാമ്മച്ചിതന്നെയാണ് പകുതി പണവും നൽകിയത്.
"കൊക്കിലൊതുങ്ങാത്തത് കൊത്താൻ നോക്കിയാൽ തൊണ്ടയിൽ കുടുങ്ങി ചത്തു പോകും പെണ്ണേ" എന്നമ്മച്ചി അന്നു പറഞ്ഞത് തമാശയായിട്ടല്ല..
എങ്കിലും അന്നമോൾ യൂ കെ യിലെത്തിക്കഴിഞ്ഞപ്പോൾ വലിയ അഭിമാനം തോന്നി. 
അന്ന യൂ കെയിൽ ഡിഗ്രി പൂർത്തിയാക്കി കൂട്ടത്തിൽ ഒരു ചെറിയ ജോലിയും തരപ്പെടുത്തും വരെ ഉറക്കമിളച്ചിരുന്നു തുണികൾ തുന്നിയും അച്ചാറുണ്ടാക്കി വിറ്റുമെല്ലാം താൻ പണമുണ്ടാക്കി. മിക്കപ്പോഴും അവളുടെ അക്കൗണ്ടിൽ തന്നെ ഇട്ടുകൊടുക്കുകയും ചെയ്തു. അന്യനാട്ടിൽ കിടന്നു തന്റെ കുട്ടി വിഷമിക്കരുത് എന്ന നിർബന്ധമായിരുന്നു.
ഒടുവിൽ ആറു വർഷം കഴിഞ്ഞപ്പോഴാണ് ഒരു നോർത്തിന്ത്യക്കാരൻ പയ്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അന്ന അറിയിച്ചത്.
വിവാഹം കൂടാൻ അമ്മച്ചിയെ ഫ്ലൈറ്റ് കയറ്റി കൊണ്ടു വരണം എന്നവൾ പറഞ്ഞപ്പോൾ താൻ സ്വർഗത്തിലെത്തിയത് പോലെ ഒരനുഭൂതിയായിരുന്നു.
ആ സന്തോഷത്തിൽ അടുക്കളയിൽ കയറി ഒരു ചായ തിളപ്പിച്ചപ്പോൾ പാത്രം മറിഞ്ഞു വീണ് പൊള്ളിയ പാടാണ് കൈവിരലുകൾ മുതൽ കൈമുട്ടു വരെ രണ്ടു കൈയിലും ഇപ്പോഴും ഉണങ്ങാതെയുള്ളത്.
പരിചയക്കാരോടൊക്കെ യൂ കെ. യിൽ മോളുടെ കല്യാണം കൂടാൻ പോകുന്ന കാര്യം അഭിമാനത്തോടെ പറഞ്ഞു. പാസ്പോർട്ട്‌ ഒക്കെ നേരത്തെ എടുത്തിരുന്നു. വിസയ്ക്കുള്ള അപേക്ഷയും കൊടുത്തു കഴിഞ്ഞു. 
കല്യാണത്തിന് ആകെ രണ്ടാഴ്ച മാത്രം ബാക്കി. മകളുടെ വരനാവാൻ പോകുന്ന പയ്യന്റെ ചിത്രം കണ്ടാൽ ഒരൂ ഹിന്ദി സിനിമാ നടനെപ്പോലെ സുന്ദരൻ..
ജലജയ്ക്കഭിമാനം തോന്നി
തനിയ്ക്കോ ഒരു വിവാഹപ്പന്തലിൽ അഭിമാനത്തോടെ തല ഉയർത്തി നില്ക്കാൻ കഴിഞ്ഞില്ല. ദാമ്പത്യത്തിന്റെ സുരക്ഷിതത്വത്തിൽ ഉറങ്ങാൻ കഴിഞ്ഞില്ല.
ഇന്നിപ്പോൾ മകൾ പഠിപ്പും അന്തസ്സും ഉള്ളൊരു പയ്യനെ വിവാഹം കഴിയ്ക്കുന്നു. അതും വിദേശത്ത് വച്ച്. തന്റെ ജീവിതത്തിലിപ്പോൾ മഹാഭാഗ്യത്തിന്റെ ഘോഷയാത്രയാണെന്നു തോന്നിപ്പോയി..
പക്ഷെ ഒക്കെയും തകിടം മറിയുന്നത് ശരവേഗത്തിലാണ്.
അന്ന വീഡിയോകാളിൽ വന്ന നേരം ഫ്ലൈറ്റിൽ ഉടുക്കാനും കല്യാണത്തിനുടുക്കാനും വാങ്ങിയ സാരി കാണിച്ചപ്പോഴാണ് തന്റെ കൈകളിൽ പടർന്ന ഇനിയുമുണങ്ങാത്ത വലിയ പൊള്ളൽപ്പാട് അവൾ കണ്ടത്... അവൾ വിഷമിച്ചാലോ എന്നോർത്താണ് ഇത്ര ദിവസം അതവളെ കാണിക്കാതെയിരുന്നതും
"അമ്മച്ചി ചായപ്പാത്രം വീണു പൊള്ളി എന്നു പറഞ്ഞപ്പോൾ ഇത്രയും വികൃതകമായ ഒരു മുറിവാണിതെന്ന് ഞാനറിഞ്ഞതേയില്ല".
അത് കേട്ടു താൻ സ്തബ്ധയായിപ്പോയി.
"അമ്മച്ചി ഇതുമായി വിവാഹത്തിന് വരാതിരിക്കുന്നതാണ് നല്ലത്..
നമ്മളെ പോലെയല്ല  ജേക്കബിന്റെ  വീട്ടുകാർ.  പ്രൗഢമായ കുടുംബമാണ്.
  "അപ്പച്ചൻ ഇല്ലാ എന്നത് തന്നെ എന്റെ ഒരു കുറവാണ്. അമ്മച്ചിയുടെ ഈ വലിയ മുറിപ്പാട് കണ്ടാൽ പാണ്ട് പിടിച്ചത് പോലെയുണ്ട്..."
അതിനി എനിക്കും വരുമോ എന്നോ മറ്റോ അവർക്ക് തോന്നിയാലോ..."
കടുംവാക്കിന്റെ കുരിശിൽ അമ്മയെ തറച്ചിട്ടു മകൾ.... 
"അമ്മ തൻ വാത്സല്യം പോൽ വറ്റാത്തൊരമൃതം വേറെയില്ലെൻ മണിക്കുഞ്ഞേ" എന്നാരാണ് അന്നയ്ക്ക് പറഞ്ഞു കൊടുക്കുക..
അന്നയെ നഴ്സറിയിൽ ചേർത്ത ദിവസത്തെ കുഞ്ഞു സങ്കടവും വിതുമ്പലും ഓർമ്മവന്നു.. ഓർമ്മകളിൽ മിഴിയൂന്നിയിരുന്നപ്പോൾ ഉരുണ്ടു വീണ്  തന്റെ മുട്ട് പൊട്ടിയ നാളിൽ "സാരല്യ അമ്മേ.. മുറിവ് വേഗം കരിയുട്ടോ...ഉമ്മ"
എന്നൊരു കുഞ്ഞു ശബ്ദം കാതുകളിൽ പണ്ട് കേട്ടത് ഒന്നുകൂടി കേൾക്കാൻ കൊതിച്ചു പോയി
 കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി..
വാത്സല്യഘട്ടിലെ മുറിവുകളിൽ നിന്നും പിന്നെയും പിന്നെയും അവ ഒഴുകിക്കൊണ്ടേയിരുന്നു...